നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – നാല്
ലൈയ്ക്ക് രണ്ട് ഇണപ്രാവുകളുണ്ടെന്ന് നേരത്തെ ക്വൈസിന് അറിയാമായിരുന്നു.
ഒരു സന്ധ്യാ നേരത്ത് ക്വൈസ് തന്റെ കൊട്ടാരത്തിന്റെ മുകളിലത്തെ മുറിയില്‍ ലൈലയെക്കുറിച്ചുള്ള ചിന്തകളുമായി അങ്ങനെ കിടക്കുകയായിരുന്നു.
അപ്പോള്‍ ക്വൈസ് വിചാരിച്ചു: “ലൈലയെ തനിക്ക് വിവാഹം കഴിച്ചുതരാന്‍ വേണ്ടി അവളുടെ ഉപ്പ യോട് പറഞ്ഞാലോ? നേരിട്ട് അങ്ങോട്ട് ചെല്ലുക തന്നെ. എന്തായിരിക്കും അവളുടെ ഉപ്പയുടെ മറുപടി? കോപം മൂലം അയാള്‍ പലതും ചെയ്തെന്നുവരും. പണ്ടേ ബദ്ധവൈരികളാണല്ലോ.
ഒരു ദുതന് വഴി തന്റെ ആഗ്രഹം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാലോ? അതിന് പറ്റിയ ചങ്ങാതിമാരുണ്ട്. “ഛെ, അങ്ങനെയൊന്നും വേണ്ട” ക്വൈസ് തീരുമാനിച്ചു.
അപ്പോഴാണ് ലൈലയുടെ ഇണപ്രാവുകളെക്കുറിച്ചുള്ള ചിന്ത ക്വൈസിനുണ്ടായിരുന്നത്. ആ പ്രാവുകള്‍ നല്ല ഇണക്കമുള്ളവയാണ്. അതിന്റെ കാലില്‍ കെട്ടി ഒരു പ്രണയസന്ദേശം അവള്‍ക്ക് കൈമാറുന്നതാവും ഉചിതം. തീര്‍ച്ചയായും ആ പ്രാവുകള്‍ തന്റെ ഇഷ്ടവചനങ്ങള് അവള്‍ക്ക് എത്തിക്കാതിരിക്കില്ല. ഏതായാലും അതുതന്നെ ഏറ്റവും കരണീയം. ക്വൈസ് തീരുമാനത്തിലെത്തി.
ക്വൈസിന് വിശ്വസ്തനായ ഒരു സേവകനുണ്ടായിരുന്നു. സൈദ് എന്നായിരുന്നു അവന്റെ പേര്.
ഒരു ദിവസം സൈദിനെ തന്റെ അരികിലേക്ക് വിളിച്ച് ക്വൈസ് പറഞ്ഞു:
“സൈദേ, ബ്രസ ഷെയ്ഖിന്റെ കൊട്ടാരത്തില്‍ രണ്ട് ഇണപ്രാവുകള്‍ ഉള്ളതായി നിനക്കറിയാമല്ലോ, നല്ലതുപോലെ ഇണക്കമുള്ളവയാണ് രണ്ടും. മാത്രവുമല്ല, ലൈലയുടെ ഉറ്റചങ്ങാതിമാരുമാണവ.”
സൈദ് ഉവ്വെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. എന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു:
“ഉവ്വ് ക്വൈസ്, അവയെപ്പറ്റി ഞാനും ധാരാളം കേട്ടിട്ടുണ്ട്. വിളിച്ചാലുടനെ അവ രണ്ടും പറന്നു ചെന്ന് കുമാരിയുടെ തേളില് ഇരിക്കുന്നത് ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്.”
ക്വൈസ് ആശ്ചര്യത്തോടെ സൈദിനെ നോക്കി.
“നീ വിളിച്ചാല്‍, നിന്റെ തോളിലും അവ പറന്നിരിക്കുമോ?”
“പിന്നല്ലാതെ…ഒരിക്കല്‍ ഞാനത് പരീക്ഷിച്ചിട്ടുണ്ട്.” സൈദ് പറഞ്ഞു. ക്വൈസിന്റെ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കുന്ന പ്രണയചിന്തകള്‍ സൈദിനും ഈയിടെയായി മനസ്സിലായിട്ടുണ്ട്. അതിനാല്‍ താല്പര്യപൂര്വ്വം സൈദ് തിരക്കി;
“അങ്ങേക്ക്, ആ ഇണപ്രാവുകള്‍ വേണമെന്നുണ്ടോ? എങ്കില്‍ ഞാനത് സാധിപ്പിച്ചുതരാം.”
സൈദിന്റെ കണ്ണുകളിലേക്ക് ക്വൈസ് അവിശ്വാസത്തോടെ നോക്കി.
“എന്റെ പിതാവ് ഒരു മരംവെട്ടുകാരനായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും മരങ്ങള്‍ ഇടതൂര്‍ന്ന ഒരു വനാന്തര്‍ഭാഗത്തായിരുന്നു. എന്തെല്ലാം തരം പക്ഷികളെ ഞാന്‍ കണ്ടിരിക്കുന്നു! പക്ഷികളെ തന്ത്രത്തില്‍ പിടികൂടാനുള്ള ചില കൗശലങ്ങളും എനിക്കറിയാം.” സൈദ് പറഞ്ഞുനിര്‍ത്തി.
“എങ്കില്‍, ആ പ്രാവുകളെ ഇണക്കി എന്റെയരികില്‍ കൊണ്ടുവരൂ. പക്ഷേ, ഒരിക്കലും അവയെ നീ ദ്രോഹിക്കരുതേ… ഒരു തൂവല്പോലും അതിന്റെ ഉടലില്‍ നിന്ന് പൊഴിയരുത്.”
ക്വൈസിന്റെ ആഗ്രഹം എങ്ങനെയെങ്കിലും സാധിപ്പിച്ചുകൊടുക്കണമെന്ന് സൈദ് പ്രതിജ്ഞയെടു ത്തു. നല്ലൊരു ചങ്ങാതിയെന്ന് പറയുന്നത് മറ്റെന്താണ്? അന്ന് കൊട്ടാരം വിട്ട് സൈദ് ഇറങ്ങിപ്പോയി. മുറിയിലിരുന്ന് ക്വൈസ് സൈദിന്റെ രൂപം മറയുന്നതുവരെ നോക്കി നിന്നു.
മൂന്ന് നാള് കഴിഞ്ഞ് സമര്‍ത്ഥനായ സൈദ് ഇണപ്രാവുകളില്‍ ഒന്നിനെയും പിടിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തി. ഒരു വിജയശ്രീലാളിതനെ പോലെ പ്രാവിനെ ക്വൈസിന്റെ കൈയില്‍ സൈദ് വെച്ചു കൊടുത്തു.
മെല്ലെ മെല്ലെ ക്വൈസ് ആ പ്രാവിന്റെ നെറുകയില്‍ തലോടിക്കൊണ്ടിരുന്നു. അതിന്റെ കണ്ണുകളിലെ പരിക്രമം പെട്ടെന്ന് പെയ്തൊഴിഞ്ഞു. അനുതാപത്തോടെ അത് ക്വൈസിന്റെ കണ്ണുകളിലേക്ക് ആര്‍ദ്രതയോടെ നോക്കി.
പ്രാവിന്റെ സംരഭമവും ഭിതിയും വിട്ടുമാറിയതോടെ ക്വൈസ് അതിനെ സൈദിന്റെ കയ്യില്‍ വെച്ചു കൊടുത്തു. ശേഷം ഒരു വര്‍ണ്ണക്കടലാസെടുത്ത് ക്വൈസ് തന്റെ സ്വപ്നങ്ങളും പ്രണയ വിചാരങ്ങളും അതില്‍ ധൃതിപ്പെട്ട പകര്‍ത്തി.
എന്നിട്ട് അത് ഭ്രദമായി ചുരുട്ടി പ്രാവിന്റെ കാലില്‍ കെട്ടിയിട്ടു. ഒട്ടും താമസിയാതെ ക്വൈസ് അതിനെ ആകാശത്തിലേക്ക് പറത്തിവിട്ടു. ചിറകടിച്ച് അത് നീലാകാശത്തിലേക്ക് പറന്നുയര്‍ന്നു. കൊട്ടാരത്തിന്റെ മുകള്‍ത്തട്ടില്‍ നിന്ന് അവര്‍ ആ ഇണപ്രാവ് മരങ്ങള്‍ക്കിടയിലൂടെ പറന്ന് ഒരു പൊട്ടായി മാറുന്നത് വരെ നോക്കിനിന്നു.
(തുടരും)