നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – പന്ത്രണ്ട്
ബസ്ര നഗരത്തിലെ വിശാലമായ കൊട്ടാരത്തില്‍ ഇബ്നുസലാമും ലൈലയും ചേര്‍ന്ന് രാജ്യഭരണം തുടര്‍ന്നു. ലൈലയുടെ ചങ്ങാതിമാരായി ആ ഇണപ്രാവുകള്‍ വീണ്ടും ചിറകടിച്ചു. അവയുടെ കൊഞ്ചലില്‍ ആ പഴയ പ്രണയമുഹൂര്‍ത്തങ്ങള്‍ ലൈലയുടെ മനസ്സില്‍ ഒരു നൊമ്പരമായി നിറഞ്ഞു.
മജനൂവിന്റെ വിശ്വസ്തനായ ദാസനായിരുന്നുവല്ലോ സൈദ്. യജമാനനെ തേടി മരുഭൂമിയില്‍ ദിവസങ്ങളോളം അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ സൈദ് ലൈലയുടെ ഭൃത്യനാണ്.
അങ്ങനെയിരിക്കെ ഒരുനാള്‍ സൈദിന് ക്വൈസില്‍ നിന്നും അപ്രതീക്ഷിതമായി ഒരു സന്ദേശം കിട്ടി. താന്‍ മരിച്ചിട്ടില്ലെന്നും ദൂരെ ഒരു ദിശയില്‍ ഒരു കച്ചവടക്കാരന്റെ വേഷത്തില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്നുമായിരുന്നു ആ സന്ദേശം. കൂട്ടത്തില്‍ താനിപ്പോള്‍, ബസ്രയിലുണ്ടെന്നും, സൂര്യാസ്തമയശേഷം ഒന്നു കാണണമെന്നും ആ സന്ദേശത്തില്‍ എഴുതിയിരുന്നു.
ശരിക്കും സൈദ് അത്ഭുതപ്പെട്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയെന്ന് വിശ്വസിക്കപ്പെട്ട മജ്നൂന്‍ തിരിച്ചെത്തിയിരിക്കുന്നു. ആരായാലും ഒന്ന് അതിശയിച്ചു പോകുമല്ലോ?
ഈ രഹസ്യ സന്ദേശം സൈദ് ലൈലയെ അറിയിച്ചില്ല. ആരുമറിയാതെ സൈദ് തന്റെ യജമാനനെ കാണാന്‍ വേണ്ടി തിടുക്കത്തോടെ പുറത്തേക്കിറങ്ങി.
പറഞ്ഞ പ്രകാരം ഇരുവരും നിര്‍ദ്ദിഷ്ട സ്ഥലത്തുവെച്ചു തന്നെ സന്ധിച്ചു. ഒന്നും മിണ്ടാനാവാതെ ഇരുവരും മുഖത്തോടു മുഖം നോക്കി അല്‍പ നേരം നിന്നുപോയി. യജമാനന്റെ കണ്ണിലെ ആ തിളക്കം മങ്ങിയിരിക്കുന്നു. ശരീരം ആകെ ക്ഷീണിച്ചിട്ടുണ്ട്. വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.
ഇരുവരും ദീര്‍ഘമായ ഒരു ആലിംഗനത്തില്‍ ഒന്നു ചേര്‍ന്നു. രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞു.
പതിവുപോലെ ലൈല തന്റെ മുറിയില്‍ വിശ്രമിക്കുന്ന നേരം. സമയം സന്ധ്യയായി തുടങ്ങിയിരുന്നു. അപ്പോഴാണ് തന്റെ ഇണക്കിളികള്‍ ഒന്നിനെ കാണുന്നില്ലെന്ന് അവള്‍ മനസ്സിലാക്കിയത്. മുറിയി ലേക്ക് ഒരു പ്രാവ് മാത്രമേ പറന്നു വന്നിട്ടുള്ളു. അതിനെ സ്നേഹത്തോടെ കൈയിലെടുത്ത് ലൈല മരക്കൊമ്പിലേക്ക് തന്നെ പറത്തിവിട്ടു.
എന്നാല്‍ അത് വീണ്ടും തനിയെ തിരിച്ചുവന്നു. ലൈലയ്ക്ക് ആശ്ചര്യമായി.
ഒന്നെവിടെപോയി? പൂര്‍വ്വകാലം ലൈലയുടെ മനോമുകുരത്തില്‍ പല ചിത്രങ്ങളായി മിന്നിത്തെളിഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരു സായാഹനത്തിലാണ് ഇണപ്രാവുകളില്‍ ഒന്ന് പറന്നുപോയത്. പിന്നെ അത് തിരികെയെത്തിയത് തന്റെ പ്രിയതമനില്‍ നിന്നും ഒരു പ്രണയ സന്ദേശവുമായിട്ടാണ്.
അതില്‍പ്പിന്നെ എന്തെല്ലാം സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍. ഇന്ന് അവയെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം.
താനിപ്പോള്‍ മറ്റൊരാളുടെ ഭാര്യയായി. തന്റെ കാമുകന്‍ മരണമടഞ്ഞു. അതോര്‍ത്തപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജനല്‍പ്പടിയിലേക്ക് തല ചേര്‍ത്തുവെച്ച്, കരങ്ങളില്‍ മുഖമമര്‍ത്തി അവള്‍ ദീര്‍ഘനേരം വിലപിച്ചു.
പെട്ടെന്ന് മരങ്ങള്‍ക്കിടയിലൂടെ കാണാതായ ഇണപ്രാവ് “ക്രൂ ക്രൂ” എന്ന് കരഞ്ഞുകൊണ്ട് ജാലക ത്തിന്‍മേല്‍ ചിറകടിച്ചിരുന്നു. അതിന്റെ കാലില്‍ കെട്ടിവെച്ചിരിക്കുന്ന സന്ദേശപത്രം കണ്ട് ലൈലയുട കണ്ണുകള്‍ തള്ളിപ്പോയി. ധൃതിയില്‍ സന്ദേശം കെട്ടഴിച്ച് അവള്‍ അതിലൂടെ കണ്ണു പായിച്ചു.
‘എന്ത്, തന്റെ കാമുകന് മരിച്ചിട്ടില്ലെന്നോ? അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നോ? പഴയപടി ആ പ്രണയസങ്കേതത്തിലേക്ക് അവന്‍ ക്ഷണിച്ചിരിക്കുകയാണ്.’ “ദൈവമേ,” അവള്‍ അറിയാതെ വിളിച്ചുപോയി.
സന്തോഷാധിക്യത്താല്‍ ലൈല തുള്ളിച്ചാടിപ്പോയി. സമയം വേഗം തീരാത്തതില്‍ അവള്‍ അരിശം കൊണ്ടു. പെട്ടെന്ന് ഒരു മ്ളാനത അവളെ പിടികൂടാതിരുന്നില്ല.
ആകാശത്ത് ചന്ദ്രൻ ഉദിച്ചുയര്‍ന്നു. ചുറ്റിലും നല്ല പൂനിലാവ് പരന്നു. വേഗത്തില്‍ തന്നെ മൂടുപടം എടുത്തണിഞ്ഞ് കൊട്ടാരത്തിലെ അന്തേവാസികളൊന്നും അറിയാതെ അവള്‍ നിലാവിലേക്കിറങ്ങി. വാതില്‍ ചാരിയിട്ടു.
ഉദ്യാനത്തിലൂടെ, മരങ്ങളുടെ നിഴല്‍പറ്റി ലൈല ഒട്ടൊരു വേഗതയില്‍ മുന്നോട്ടു ഗമിച്ചു. എങ്ങനെ യെങ്കിലും ക്വൈസിനെ ഒരു നോക്കു കാണുക എന്ന ലക്ഷ്യം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു. ആ ഓട്ടത്തിനിടയില്‍ ഒന്നു രണ്ട് തവണ അവള്‍ വീഴാന്‍ പോയി. ഹൃദയം പടപടാ മിടിച്ചു.
അപ്പോഴാണ് അവള്‍ മറ്റൊരു വീണ്ടുവിചാരമുണ്ടായത്. നിയമാനുസതം തന്നെ വിവാഹം ചെയ്ത ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. അദ്ദേഹത്തോട് തനിക്ക് ചില കടമകള്‍ ഇല്ലേ? ഒരിക്കല്‍ ഉപേ ക്ഷിച്ചതെല്ലാം വീണ്ടും തിരിച്ചെടുക്കണമെന്നോ? മജ്നൂവിന്റെ കരവലയത്തിനുള്ളില്‍ വീണ്ടും അമര്‍ന്നാല്‍, താനെല്ലാം മറന്നുപോകും. അവള്‍ വിചാരിച്ചു.
ഒരിക്കലും ഒരു രാജപത്നിക്ക് യോജിച്ചതല്ല അവയൊന്നും… തളര്‍ച്ചയോടെ വീഴാന്‍ ഭാവിച്ച ലൈല ഒരു മരത്തിന്റെ കൊമ്പില്‍ ചാരി നിന്ന് കിതച്ചു. ഈ സാഹസോദ്യമം തുടരുന്നത് ഒട്ടും ശരിയല്ല. ഇതില്‍ നിന്നും പിന്‍തിരിയുക തന്നെ. തന്റെ ദാമ്പത്യം ഒരു പരാജയമാണെങ്കിലും ദൈവത്തിന്റെ നീതിക്ക് കീഴ്പെടുക തന്നെ.
ഹൃദയവും ശരീരവും ഒന്ന് പാകപ്പെട്ടതോടെ മനഃസ്ഥര്യത്തോടെ ലൈല കൊട്ടാരത്തിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങി. ആ രാത്രി അവള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.
ഇതിനിടയില്‍ മജ്നൂൻ ഒരു രാത്രി മുഴുക്കെ, ലൈലയെ കാത്ത് അവിടെ നിലയുറപ്പിച്ചെങ്കിലും നിരാ ശനായി തിരിച്ചുപോയി. തെല്ലുനേരം ഒന്നു കാണാന്‍ പോലും ഇടനല്‍കാതെ അവള്‍ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. അത്രക്ക് നിഷ്ഫലമായി തന്റെ നിതാന്ത പ്രണയം, ക്വൈസിന്റെ കണ്ണുകള്‍ നിറഞ്ഞു.
ആ രാത്രി തന്നെ വിദുരദേശത്തേക്ക് മജ്നൂൻ യാത്രയായി.
(തുടരും)