നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – പതിനൊന്ന്
ഇബ്നുസലാം യെമന്‍ ഷെയ്ഖിനെ പരാജയപ്പെടുത്താനുള്ള വഴികള്‍ ആലോചിച്ച് തല പുകച്ചു. ഇതിനിടയില്‍ രണ്ടായിരം സൈനികരെ അയാള്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. അവര്‍ യുദ്ധസജ്ജരായി നിലയുറപ്പിച്ചു. യെമന്‍ സൈന്യത്തെ മുന്നിലും പിന്നിലും നിന്ന് ആക്രമിച്ച് പരാജയപ്പെടുത്തുക എന്ന തന്ത്രമായിരുന്നു ഇബ്നുസലാം ആവിഷ്കരിച്ചത്. അയാള്‍ ബസ്രാ ഷെയ്ഖിന്റെ മുറിയിലെത്തി തിടുക്കത്തില്‍ പറഞ്ഞു:
“മജ്നൂന്‍ ഏതായാലും കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനിയെനിക്ക് അവളെ വിവാഹം ചെയ്തു തരുന്ന തില്‍ എന്തു പ്രശ്നമാണുള്ളത്? ലൈലയ്ക്കും അത് സമ്മതമായിരിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത് “അയാള്‍ തുടര്‍ന്നു; “നാം തല്‍ക്കാലം തോല്‍പ്പിക്കപ്പെട്ടു എന്നത് നേര്. പക്ഷേ, അത് ശാശ്വതമല്ല. അങ്ങ് ഒന്നു സമ്മതം മൂളിയാല്‍ മതി, ഞാന്‍ ലൈലയെ വിവാഹം ചെയ്യാം. തുടര്‍ന്ന് എന്റെ എല്ലാ സൈനിക ബലവും ഉപയോഗിച്ച നമുക്ക് യമന്‍ ഷെയ്ഖിനെ ഈ നിമിഷം എതിരിട്ട് തോല്‍പിക്കാം.”
ഇത്രയും കൂടി ഇബ്നുസലാം കൂട്ടിച്ചേര്‍ത്തു; “ഞാനെന്റെ സൈന്യത്തെ തയ്യാറാക്കിക്കഴിഞ്ഞു. അവര്‍ എതിരാളികളെ മുന്നിലും പിന്നിലും നിന്ന് ആക്രമിച്ച് കീഴടക്കും. അതുകൊണ്ട് അങ്ങുചെന്ന് മകളെ ഉപദേശിച്ച് വിവാഹത്തിന് സമ്മതം വാങ്ങൂ.”
അര്‍ദ്ധസമ്മതത്തോടെ ആ പിതാവ് മകളുടെ മുറിയിലേക്ക് ചെന്നു. ഇഷ്ടകാമുകന്റെ “മരണവാര്‍ത്ത” അറിഞ്ഞ് അവള്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു.
“മോളേ, ഏതായാലും ഇങ്ങനെയൊക്കെ സംഭവിച്ചു. അതെല്ലാം ഓര്‍ത്ത് ഇങ്ങനെ കണ്ണീര്‍ വാര്‍ത്തിട്ട് എന്ത് പ്രയോജനം? ഇബ്നുസലാം നമ്മുടെ ബന്ധുവാണ്. ആപല്‍ഘട്ടങ്ങളില്‍ നമ്മെ സഹായിച്ചവനാണ്. ഇനിയും സഹായിക്കുകയും ചെയ്യും.” ആ പിതാവ് തെല്ലിട നിര്‍ത്തി. ലൈലയുടെ മുഖം കൈകളില്‍ കോരിയെടുത്ത് മുകളിലേക്കുയര്‍ത്തി.
എന്നിട്ട് തുടര്‍ന്നു; “നീ ഒന്നു മൂളിയാല്‍ മതി, അവന്‍ നിന്നെ വിവാഹം ചെയ്യും. ഈ ക്ഷണം നമ്മുടെ രാജ്യത്തെ അവന്‍ രക്ഷിക്കുകയും ചെയ്യും. നിനക്കാണെങ്കില്‍ ഒരു ജീവിതവുമായി. ഇങ്ങനെ കരഞ്ഞ് തീര്‍ക്കാനുള്ളതല്ല ഈ പ്രായം…”
ലൈല ഉപ്പയുടെ കണ്ണുകളിലേക്ക് തന്നെ ദയാവായ്പോടെ നോക്കി.
“എല്ലാം നമ്മുടെ നാടിനു വേണ്ടിയും നിനക്ക് വേണ്ടിയും എന്ന് ഓര്‍ത്ത് സമ്മതം മൂളൂ. നിന്റെ പിതാവിന്റെ വാക്കുകള്‍ നീ തള്ളിക്കളയരുത്.”
പ്രാണേശ്വരന്റെ മരണവാര്‍ത്ത തന്റെ പിതാവു കൂടി സ്ഥിരീകരിച്ചപ്പോള്‍ അവള്‍ വീണ്ടും തകര്‍ന്നു പോയി. വാടിയ ഒരു പൂവ് കൊഴിഞ്ഞു വീഴുന്നതു പോലെ അവള്‍ മെത്തയില്‍ കുഴഞ്ഞുവീണു. പിതാവ് അവളെ താങ്ങി. തലയണയോട് ചേര്‍ത്തിരുത്തി.
അവള്‍ വിചാരിച്ചു: “മജനൂൻ ഏതായാലും മരണപ്പെട്ടു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് തന്റെ പിതാവ് മാത്രമാണ്. തനിക്ക് വേണ്ടി മാത്രമാണ് ഈ യാതനകള്‍ മുഴുവന്‍ അദ്ദേഹം അനുഭവിക്കുന്നത്.
‘ഈ ഘട്ടത്തില്‍ പിതാവിന്റെ കൂടെ നില്‍ക്കുക തന്റെ കര്‍ത്തവ്യമാണ്.’
അവള്‍ കുറേ നേരം ഇതിനെക്കുറിച്ചുതന്നെ ആലോചിച്ചു.
ഒടുവില്‍, ഇബ്നുസലാമുമായുള്ള വിവാഹത്തിന് അവള്‍ സമ്മതം മൂളി. അശേഷം ഇഷ്ടമുണ്ടായിട്ടൊന്നുമല്ല. സ്വന്തം പിതാവിനോടും മാതൃരാജ്യത്തോടുമുള്ള കടപ്പാടുകള്‍ തന്നെ മുഖ്യം.
പിതാവ് ബസ്രാ ഷെയ്ഖിന് വലിയ സന്തോഷമായി. അയാള്‍ മകളെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ തലോടി.
സമ്മതവിവരം ലഭിക്കേണ്ട താമസം ഇബ്നുസലാം എല്ലാം വേഗത്തിലാക്കി.
ബസ്രയുടെ കീഴടങ്ങല്‍ സ്വീകരിക്കാന്‍ വേണ്ടി അവരുടെ ദൂതന്‍ കൊട്ടാരവാതില്‍ക്കല്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
അണിയറയില്‍ ഒരുങ്ങുന്ന യുദ്ധതന്ത്രങ്ങളെക്കുറിച്ചൊന്നും യെമന്‍ ഷെയ്ക്കോ, നൂഫലിന്റെ പട്ടാളമോ അറിയുന്നുണ്ടായിരുന്നില്ല.
കൊട്ടാരവാതില്‍ക്കല്‍ ഒരു മറുപടിക്കുവേണ്ടി കാത്തുനില്‍ക്കുന്ന യെമന്‍ ഭടനോട് ബസ്ര ഷെയ്ഖ് നിര്‍ഭയനായി മറുപടി നല്‍കി; “ആര്‍ക്കെങ്കിലും കീഴടങ്ങാനോ, ഈ രാജ്യത്തെ അടിയറവെയ്ക്കാനോ ഞാന്‍ തയ്യാറല്ല. അതിനുവേണ്ടി ആരും ആഗ്രഹിക്കുകയും വേണ്ട.”
ദൂതന്‍ ധൃതിയില്‍ മടങ്ങിച്ചെന്ന് വിവരം അറിയിച്ചു. യുദ്ധം ഇനി ചെയ്യുന്നത് അഭിലഷണീയമാണോ എന്ന് അദ്ദേഹത്തിന് ബലമായ സംശയമായി. യുദ്ധം തുടരുന്നതില്‍ ബസ്രാ ഷെയ്ഖിന് ഒട്ടും താല്പ ര്യമുണ്ടായിരുന്നില്ല.
പക്ഷെ, സഹചാരിയായ നൌഫല്‍ ബസ്രാ ഷെയ്ഖിനെ തള്ളി യുദ്ധം തുടരാന്‍ തന്നെ തീരുമാനിച്ചു.
“നാം പൂര്‍വ്വാധികം ശക്തമായി യുദ്ധം നേരിടുക തന്നെ. രണ്ടിലൊന്നു തീരുമാനിക്കും വരെയെങ്കിലും…” അയാള്‍ തറപ്പിച്ചു പറഞ്ഞു
യുദ്ധക്കളം വീണ്ടും ഉണര്‍ന്നു. ഇബ്നുസലാമിന്റെ രണ്ടായിരത്തിലധികം വരുന്ന സൈനികര്‍ ശബ്ദ കോലാഹലത്തോടെ മുന്നോട്ടു കുതിച്ചു. നൌഫലിന്റെ പടയാളികള്‍ പേടിച്ചരണ്ടു. പരാജയഭീതി മന സ്സിലാക്കി അവര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഈ തക്കം നോക്കി ഇബ്നുസലാമിന്റെ പടക്കൂട്ടം പിന്നില്‍ നിന്ന് ആക്രമണമാരംഭിച്ചു. യമന്‍ ഷെയ്ഖ് യുദ്ധത്തില്‍ കൊലചെയ്യപ്പെട്ടു. കുതിരപ്പുറമേറി രംഗത്തു നിന്നും പലായനം ചെയ്യാന്‍ നൌഫല്‍ ഒരു ശ്രമം നടത്തി. ഇബ്നുസലാമിന്റെ പടയാളികള്‍ അയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
ഒടുവില്‍ അപമാനഭാരം നിമിത്തം സ്വന്തം വാളു കൊണ്ട് നൌഫല്‍ സ്വയം കുത്തി മരുഭൂമിയില്‍ മരിച്ചു വീണു.
ബസ്രാ ഷെയ്ഖ് പരിപൂര്‍ണ്ണമായി വിജയിച്ചെങ്കിലും, മകളെ ഇബ്നുസലാമിന് വിവാഹം ചെയ്തു കൊടുത്ത രാത്രി തന്നെ അയാള്‍ മരണപ്പെട്ടു. യുദ്ധമുഖത്ത് നിന്നേറ്റ ആഴത്തിലുള്ള ഒരു മുറിവായി രുന്നു മരണകാരണം.
ഇബ്നുസലാം താമസിയാതെ യമന്‍, ബസ്രാ എന്നീ ഭൂഭാഗങ്ങള്‍ കൂടി തന്റെ ദേശത്തോട് കൂട്ടി ച്ചേര്‍ത്ത് വിസ്തൃതമായ ഒരു സാമ്രാജ്യം സ്ഥാപിച്ചു. ആ രാജ്യത്തെ സര്‍വ്വാധിപതിയായി അദ്ദേഹം മാറി.
ആ സാമ്രാജ്യത്തിലെ മഹാസുല്‍ത്താനയായി ലൈല മാറി.
(തുടരും)