സുജ ശശികുമാർ
പിള്ളച്ചന്റെ റൂബി പട്ടിക്ക് അടുത്ത വീട്ടിലെ വർക്കിയുടെ ടോമിയോട് വല്ലാത്ത പ്രണയമായിരുന്നു. രണ്ടു പേരും കൂട്ടിൽ നിന്നും പരസ്പരം അവരുടേതായ ഭാഷയിൽ പ്രണയം കൈമാറി. കൂട്ടിൽ നിന്നും പുറത്തുവിടുന്ന നേരം നോക്കി രണ്ടു പേരും പരസ്പരം പ്രണയം ആസ്വദിക്കും.
സമയമാവുമ്പോൾ കൂട്ടിലേക്ക് കയറാൻ വലിയ മടിയാണ്. അവരുടെ സങ്കടം അവർ ഓരിയിട്ട് തീർക്കും.
“ഹൊ, ഇതൊക്കെ ആരോട് പറയാൻ?” ടോമി റൂബിയോട്.
“ഈ മനുഷ്യരുടെ വിചാരം അവർക്കേ പ്രണയമുള്ളൂ ന്നാ. വലിയ ബുദ്ധിമാൻമാരാന്നാ വിചാരം. അവരേക്കാൾ എന്തിനും തിരിച്ചറിവുള്ളവരാ നമ്മൾ.”
ഒരു ദിവസം രാവിലെ ഒരു കൂട്ടം നായകൾ എന്തെല്ലാമോ സംസാരിച്ച് ഓടി വരുന്നു. അവരുടെ പിറകേ കുറേ ആളുകൾ മുട്ടൻവടിയുംകല്ലുമായി ഓടുന്നു. നായകൾ ജീവനും കൊണ്ട് ഓടി വന്ന് പിള്ളച്ചന്റെ പറമ്പിലെത്തി. അവിടെ നിന്നും പിള്ളേച്ചന്റെ കെട്ട്യോള് ഓടിച്ചു വിടാൻ നോക്കി.
അതിലൊരു നായ കൂട്ടിൽ നിന്നും ടോമിയെകണ്ട് കാര്യങ്ങൾ പറഞ്ഞു.
“നീയും ഞങ്ങളിൽ ഒരുവനല്ലേ. നീ സുരക്ഷിതനാണ്. ഞങ്ങൾ തെരുവിലുള്ളവർക്കും വേണ്ടേ ജീവിക്കുക. നിനക്ക് ഒരുഅഡ്രസ്സുണ്ട് ഞങ്ങൾക്ക് അതില്ല. അത് ഞങ്ങളുടെ കുഴപ്പമല്ലല്ലോ, ആണോ? ഞങ്ങളും ഭൂമിയുടെ അവകാശികളല്ലേ..?”
“എന്തൊക്കെയാ ചങ്ങാതീ നീയീ പറയുന്നത്?” ടോമി ചോദിച്ചു.
“സങ്കടം കൊണ്ടാ ചങ്ങാതീ… ഒരിടത്തേക്കും നടക്കാനോ, കിടക്കാനോ അനുവദിക്കുന്നില്ല ഈ മനുഷ്യർ. കാണുന്നിടത്ത് വെച്ച് ഉപദ്രവിക്കുന്നു. ഞങ്ങളാരും ഇതേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. വെറുതേയെങ്കിലും ഞങ്ങളെ മുറിപ്പെടുത്തും. പോ നായെന്ന് ആട്ടിപ്പായിക്കും. ഈ ഭൂമി മുഴുവൻ ഈ മനുഷ്യർ സ്വന്തമാക്കി വെച്ചിരിക്കയാ… ഒരതിര് കടന്നാൽ മറ്റൊരാളുടെ പറമ്പിലെത്തും. അവിടെ ഒന്ന് കിടക്കാന്ന് വെച്ചാൽ അപ്പൊ തെളിയ്ക്കും അവിടെ ഉള്ളോര്. ഓടിയോടിത്തളർന്ന് ഒരു പീടികക്കോലായിൽ കിടന്നുറങ്ങിപ്പോയതിനാ എന്റെ കൂട്ടുകാരനെ ഇന്നലെ തല്ലി കൊന്നത്. ഞങ്ങൾക്കും ഒരിടം കണ്ടെത്തിതന്നിരുന്നെങ്കിൽ എത്ര നന്നായേനെ. ഞങ്ങൾ മറ്റെല്ലാ തെരുവുനായകളും പ്രതിഷേധിക്കാൻ പോവ്വാണ്. മനുഷ്യരെ ഒറ്റ എണ്ണത്തിനെ വെറുതെ വിടില്ല നോക്കിക്കോ..”
“മും,” ടോമി അവന്റെ ഭാഷയിൽ ഉത്തരം പറഞ്ഞു.
“നിന്റെ ഒക്കെ ഭാഗ്യം. നിന്നെ സ്നേഹിക്കാനും ഊട്ടാനും ആളുണ്ടല്ലോ.”
അവന്റെ സങ്കടം കണ്ട് ടോമിയ്ക്കും സങ്കടം വന്നു.
“നീ വരുന്നെങ്കിൽ വാ. ഇന്ന്, ഇന്നലെ മരിച്ച എന്റെ സുഹൃത്തിന്റെ അനുശോചനച്ചടങ്ങുണ്ട്. ഇവിടെ അടുത്തുള്ള പുഴയുടെ തീരത്ത്. ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ മറ്റുള്ളവരോട് (യജമാനൻമാരുള്ളവരോട്) നിനക്ക് സംസാരിക്കാം.”
“ഓക്കെ, സന്ധ്യയ്ക്ക് പുറത്തുവിടുന്ന സമയത്ത് ഞാനും റൂബിയും അവിടെയെത്താം. എല്ലാത്തിനും ഒരു തീർപ്പുണ്ടാക്കാം. ഞാൻവാക്കു തരുന്നു.”
കൂട്ടിൽ നിൽക്കുന്ന ടോമിയോട്അവൻ നന്ദി പറഞ്ഞു മടങ്ങി –
“ഞാൻ നിന്നെ കാത്തിരിക്കും, ആ പുഴയുടെ തീരത്ത്.”
അങ്ങനെ അവർ കൂട്ടുകാരായി. ടോമി അവർക്കായി ഒരിടം കണ്ടെത്തിക്കൊടുത്തു. മരിച്ചു പോയ നാണിയമ്മയുടെ ഒഴിഞ്ഞു കിടക്കുന്ന വീട്.
അവരെല്ലാവരും അവിടെ സുരക്ഷിതരായി കഴിഞ്ഞു. എല്ലാവരും ടോമിയെ അവരുടെ നേതാവാക്കി.
ടോമി പിന്നീടെല്ലാം പുറത്ത് വിടുന്ന നേരത്ത് അവരോടൊപ്പം കളിച്ചു സന്തോഷിച്ചു.