രാധാകൃഷ്ണൻ ഉണ്ണികുളം
നാണിയമ്മ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കുട്ടികളില്ല. ഓടിട്ടചെറിയ വീട്ടിലാണ് നാണിയമ്മ താമസിക്കുന്നത്. മഴക്കാലമായാൽ വെള്ളം അകത്തേക്ക് ഇറ്റ് വീഴും. പട്ടിക ചിതൽ തിന്നു തീർത്തിരിക്കുന്നു. മച്ചിങ്ങ വീണ് കുറെ ഓടുകൾ പൊട്ടിയിട്ടുമുണ്ട്. നന്നാക്കാനൊന്നും നാണി യമ്മയുടെ കൈയിൽ പണമില്ല.
മലയിൽ നിന്നും പുല്ലരിഞ്ഞ് വീടുകളിൽ കൊടുത്താണ് അവർ കഴിഞ്ഞിരുന്നത്. ഇപ്പോൾ വയ്യാണ്ടായിരിക്കുന്നു. വയസ്സ് എഴുപത് കഴിഞ്ഞില്ലേ? പോരാത്തതിന് പല വിധ രോഗങ്ങൾശല്യംചെയ്യുന്നുമുണ്ട്. കർഷക തൊഴിലാളി പെൻഷനും, അയൽപക്കത്തുള്ളവരുടെ സഹായവും കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം.
“നാണിയമ്മേ, നിങ്ങൾക്കൊരു വാർപ്പിട്ട വീട് വേണ്ടേ? പഞ്ചായത്തിൽ നിന്ന് വീടുണ്ടാക്കാൻ പണം കിട്ടും. ” ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ, അവർ മോണകാട്ടിച്ചിരിക്കും.
“കുയ്യിലേക്ക് കാല് നീട്ടിയിരിക്കുന്ന – നിക്കെന്തിനാ മക്കളേ വാർപ്പിട്ടവീട്? ഈ വീട് തന്നെ ധാരാളമാ … ഇതൊന്ന് നന്നാക്കിയാ മതിയാരുന്നു…” അവർ പറയും.
അങ്ങനെയാണ് നാട്ടിലെ ക്ലബ്ബുകാരുടെ വകയായി വീട് നന്നാക്കിയത്.
“പട്ടിണിയാണേലും മഴകൊള്ളാണ്ട് കിടന്നുറങ്ങാലോ…” നാണിയമ്മ തന്റെ സന്തോഷം എല്ലാവരുമായി പങ്കുവെക്കും.
ഒരു ദിവസം രാവിലെ നാണിയമ്മ മുറ്റമടിച്ചുകൊണ്ടിരുന്നപ്പോൾ കാക്കക്കൂട് കണ്ട് അതെടുത്ത് കണ്ടത്തിലേക്ക് എറിഞ്ഞു. പിന്നെ അവർക്ക് തോന്നി, അടുത്ത വീട്ടിലെ ചെല്ലക്കുട്ടനെ കൂട് കാണിക്കാമെല്ലോയെന്ന്. നാല് വയസ്സുകാരനാണ് ചെല്ലക്കുട്ടൻ. അവൻ കഥകൾ കേൾക്കാനായി മിക്ക ദിവസങ്ങളിലും നാണിയമ്മയുടെ അടുത്തേക്ക് ഓടിവരും. കാക്കകളെപ്പറ്റി ധാരാളം കഥകൾ ചെല്ലക്കുട്ടന് പറഞ്ഞ് കൊടുത്തിട്ടുണ്ട്.
നാണിയമ്മ കാക്കക്കൂട് എടുത്ത് കൊണ്ടുവരുന്നതിനിടയിൽ അതിൽ നിന്ന് എന്തോ തിളങ്ങുന്നത് കണ്ട് സൂക്ഷിച്ചു നോക്കി. അതാ കിടക്കുന്നു, ഒരു സ്വർണ്ണമാല! കാക്ക, കൂടുകെട്ടാൻ തിരയുന്നതിനിടയിൽ കിട്ടിയതാവണം. അവർ ഊഹിച്ചെടുത്തു.
അപ്പോഴാണ് ജമീല ഈ വഴി പോയപ്പോൾ, അവളുടെ സ്വർണ്ണമാല നഷ്ടപ്പെട്ട കാര്യം പറഞ്ഞത് നാണിയമ്മ ഓർത്തത്. അതിപ്പോൾ അഞ്ചാറ് മാസമൊക്കെ കഴിഞ്ഞിട്ടുണ്ടാകും. പറമ്പിൽ നിന്നും, വിറകെടുത്ത് വന്ന്, മാലയൂരി കഴുകി കല്ലിന്മേൽ വെച്ചതാണ് പോലും. കൈയും, മുഖവും കഴുകിത്തുടച്ച് തിരികെയെത്തിയപ്പോൾ മാല കാണാനില്ല! ഇതെന്ത് മറിമായമാണെന്ന് മനസ്സിലാകാതെ ജമീല ഏറെ നേരം അന്തം വിട്ടു നിന്നു പോയത്രെ……
പിന്നീട് കാണുമ്പോഴെല്ലാം ജമീല മാലയുടെ കാര്യം പറഞ്ഞ് സങ്കടപ്പെടാറുണ്ടായിരുന്നു. ഇത് ജമീലയുടെ മാല തന്നെയായിരിക്കും. നാണിയമ്മ മനസ്സിലുറപ്പിച്ചു. അവർ വേഗം ജമീലയുടെ വീട്ടിലേക്ക് നടന്നു. നീര് വന്ന് വീർത്ത കാലിൽ വേദന പടർന്ന് കേറുന്നതൊന്നും നാണിയമ്മ കാര്യമാക്കിയില്ല.
“ങാ, നാണിയമ്മയോ? കേറിയിരിക്ക്. കുറെയായല്ലോ കണ്ടിട്ട്…” ജമീല അവരുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഇത് നിന്റെ മാലയാണോന്ന് നോക്ക്.” നാണിയമ്മവന്നകാര്യം പെട്ടെന്നങ്ങ് പറഞ്ഞു.
അത്ഭുതത്താൽ ജമീലയുടെ കണ്ണുകൾ വിടർന്നു.
“ഇതെന്റെ മാല തന്നെ. എവിടുന്നു കിട്ടീ നാണിയമ്മേ ഇത്?” നാണിയമ്മനടന്നതെല്ലാം പറഞ്ഞു.
“കാക്ക, കൂട് കെട്ടാൻ കൊത്തിക്കൊണ്ട് പോയതാണ്. തിരികെ കിട്ടിയത് ഭാഗ്യം.” ഇത് പറഞ്ഞു കൊണ്ട് ജമീല ധൃതിയിൽ ചായ ഉണ്ടാക്കാനായി അകത്തേക്ക് പോയി.
ചായയും, പലഹാരവും കഴിച്ച ശേഷം, സ്വർണ്ണമാല ജമീലയുടെ കൈയിൽ വെച്ചു കൊടുത്ത് നാണിയമ്മ പോകാനെഴുന്നേറ്റു.
“ഇത് നിങ്ങള് വാങ്ങണം. എന്റെയൊരു സന്തോഷത്തിന്….” ഏതാനും നോട്ടുകൾ വെച്ചു നീട്ടിക്കൊണ്ട് ജമീല പറഞ്ഞു.
“ഇതെന്താ ജമീലേ…. മാല കൊണ്ടു വന്നത് പണത്തിന് വേണ്ടിയാണോ? ഈ സ്വർണ്ണമാല നിന്നെ ഏല്പിച്ചപ്പോൾ പണത്തേക്കാൾ വലിയ സന്തോഷമാ – നിക്ക് കിട്ടീയത്. ഞാൻ പോട്ടെ. ഇടയ്ക്കെല്ലാം നീ അങ്ങോട്ടൊക്കെ വരണം കേട്ടോ.”
ഇങ്ങനെപറഞ്ഞു കൊണ്ട് നാണിയമ്മ നടന്നു നീങ്ങി.