സുജ ശശികുമാർ
ലഹരിക്കെതിരെ പടവാളേന്താൻ ലഹരിവിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു തങ്കപ്പൻ. അയാളൊരു പകൽ മാന്യനായിരുന്നു. കാരണം ഇരുളു മൂടിയാൽ വീട്ടിൽ കുപ്പിയുമായി ഇരിക്കും. മൂക്കെറ്റം കുടിച്ച് ഭാര്യയെ തെറി പറയും. അവൾ അയാളെ പിടിച്ച് വലിച്ച് അകത്തിട്ടു വാതിലടയക്കുക യാണ് പതിവ്.
അവർക്ക് കുഞ്ഞുങ്ങളില്ല. പകരം അവർക്ക് ഒരു തത്തയുണ്ടായിരുന്നു. തത്തമ്മ കൂട്ടിൽ നിന്നും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തു. ഇയാളെ ഇങ്ങനെ വിട്ടാൽ പറ്റില്ല.
തത്തമ്മ നന്നായി സംസാരിക്കും. ഒരു ദിവസം അയാളെ തേടി ലഹരി വിരുദ്ധ സമിതിയുടെ ആളുകൾ വന്നപ്പോൾ തത്ത അയാളെ തെറി വിളിച്ചു.
“ഇതെന്തൊക്കെയാ ഈ തത്തയെ പഠിപ്പിച്ചു വെച്ചേക്കുന്നത്? എന്തെല്ലാം തെറികളാ ഇതു പറയണത്?” അവർ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു.
“നിങ്ങളുടെ ഈ നേതാവില്ലേ, അയാൾ ഇവിടെ നിന്നും കുടിച്ച് എന്നെ തെറി വിളിക്കുന്നത് കേട്ട് പഠിച്ചതാ ഈ തത്ത.”
“ഓ, അതു ശരി, അപ്പോ ഇതാണ് ഇയാളുടെ സ്വഭാവം ല്ലേ?”
അയാൾ അവർക്കു മുന്നിൽ ആകെ നാണം കെട്ടു. അയാളുടെ മുഖം വിളറി വെളുത്ത്, തല താഴ്ത്തിയുള്ള ആ നിൽപ്പുകണ്ട് തത്തമ്മ പൊട്ടിച്ചിരിച്ചു. അതു കേട്ട് കൂടെ അവിടെ വന്നവരും ആർത്തു ചിരിച്ചു.
“ലഹരി വിരുദ്ധ നേതാവാക്കാൻ പറ്റിയ ആളു തന്നെ…” അവർ പറഞ്ഞു.
“വാ… നമുക്കു പോകാം. ഇനി ആ വഴിക്കു കണ്ടു പോകരുത് നിങ്ങളെ.”
അവർ മടങ്ങുന്നതും നോക്കി അയാൾ നിന്നു. ഈ നിൽപ്പിൽ തന്നെ ഇല്ലാതായെങ്കിലെന്നയാൾ കൊതിച്ചു. ഇതു പോലുള്ള എത്രയെത്ര പകൽ മാന്യന്മാർ നമുക്കിടയിൽ കാണും. ആ വീട്ടിൽ മക്കളില്ലേലും തത്തമ്മ കൊള്ളാം. ബുദ്ധിയുള്ള തത്ത.
“അവസരോചിതമായി നമ്മളെ കണ്ടപ്പോൾ അതിന് പറയാൻ തോന്നിയതുകൊണ്ടല്ലേ നമുക്ക് അയാളുടെ തനിനിറം മനസ്സിലാക്കാൻ കഴിഞ്ഞത്.”
“അതേയതേ… ‘അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്നു പറഞ്ഞ പോലെ.”