അഞ്ഞൂറ് വർഷം പഴക്കമുള്ള റോമൻ റിപ്പബ്ലിക്കിനുശേഷം സ്ഥാപിതമായ ഏകാധിപത്യസാമ്രാജ്യമാണ് റോമാ സാമ്രാജ്യം എന്നറിയപ്പെടുന്നത്. ചൈനയിലെ ഹാൻ സാമ്രാജ്യവും റോമാ സാമ്രാജ്യവുമായിരുന്നു ലോകത്തിലെ വൻശക്തികളായിരുന്നത്. എന്നാൽ നൂറുകൊല്ലത്തോളമേ ഈ സാമ്രാജ്യത്തിൽ അഭിവൃദ്ധി നിലനിന്നിരുന്നുള്ളൂ. പിൽക്കാലങ്ങളിൽ അന്ത:ഛിദ്രവും അധഃപതനവുമായിരുന്നു. റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി അഗസ്റ്റസ് സീസർ എന്നറിയപ്പെടുന്ന ഒക്ടേവിയൻ ആണ്. ജൂലിയസ് സീസറുടെ സഹോദരിയുടെ പുത്രനും അദ്ദേഹത്തിന്റെ ദത്തുപുത്രനുമായിരുന്നു ഒക്ടേവിയൻ. ജൂലിയസ് സീസർ ക്രിസ്തുവിനു മുൻപ് 44 ൽ കൊല്ലപ്പെടുമ്പോൾ ഒക്ടേവിയന് പതിനെട്ടു വയസ്സ് മാത്രമായിരുന്നു. സീസർ മരിച്ചതോടു കൂടി സ്വാർത്ഥരായ ഭരണാധികാരികൾ അധികാര വടംവലി നടത്തി അന്നത്തെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കിയിരുന്നു.
ഇല്ലീറിയയിൽ വിദ്യാഭ്യാസം നടത്തുകയായിരുന്ന ഒക്ടേവിയൻ ഉടൻ റോമിലെത്തുകയും അധികാര മത്സരത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ സീസറുടേ സുഹൃത്തുക്കളായിരുന്ന മാർക്ക് ആൻറണിയേയും ലെപ്പിഡസിനേയും പുറത്താക്കുന്നത് അഭികാമ്യമാകുകയില്ല എന്ന് തോന്നിയ ഓക്ടേവിയൻ അവരുമായി ചേർന്ന് ത്രിശക്തി ഭരണത്തിലേർപ്പെട്ടു. ചരിത്ര പ്രസിദ്ധമായ ഫിലിപ്പി യുദ്ധത്തിൽ പരാജയം നേരിട്ട അവർ നിരാശരായി അത്മഹത്യ ചെയ്തു.
റോമാക്കാർ ഒക്ടേവിയന് ഇംപറാത്തോർ (ഇമ്പറേറ്റർ) (വിജയിയായ സർവ്വസൈന്യാധിപൻ എന്നർത്ഥം) എന്നും അഗസ്തുസ് (അഗസ്റ്റസ്) (രാജകീയ പ്രൌഡിയുള്ളവൻ എന്നർത്ഥം) എന്നും സ്ഥാനപ്പേരുകൾ നല്കി. അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്.എന്നാൽ അദ്ദേഹം കെയ്സർ (സീസർ) എന്ന തന്റെ കുടുംബപ്പേര് ചേർത്ത് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്.
ജൂലിയോ സാമ്രാജ്യം
അഗസ്റ്റസ് സീസറിന്റെ ദത്തു പുത്രനായിരുന്നു ടൈബീരിയസ്, അദ്ദേഹത്തിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകൻ. സീസറുടെ വംശം ജെൻസ് ജൂലിയോ എന്നറിയപ്പെടുന്ന റോമിലെ ഏറ്റവും പുരാതനമായ വംശം ആയിരുന്നു. പിന്നീട് നീറോ ചക്രവർത്തി വരെ ഭരിച്ചിരുന്നവരെല്ലാം ഈ ബന്ധത്തിൽ പെട്ടവരുടെ പരമ്പരയായിരുന്നു.
ടൈബീരിയസ്
എഡി 14 മുതൽ 37 വരെ റോമാസാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്നു ടൈബീരിയസ് എന്ന ടൈബീരിയയ് ജൂലിയസ് സീസർ അഗസ്റ്റസ്. റോമാസാമ്ര്യാജ്യത്തിലെ മഹാനായ ജനറർമാരിലൊരാളായിരുന്നു ടൈബീരിയസ്. പാനോണിയ, ഡാൽമാഷ്യ, റയേഷ്യ, ജർമേനിയ എന്നീ പ്രദേശങ്ങൾ അദ്ദേഹം കീഴടക്കിയിരുന്നു.
നീറോ ചക്രവർത്തി
റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിക്കുകയായിരുന്നു എന്ന് ഒരു കിംവദന്തി ഉണ്ട്. റോമിലെ മഹത്തായ വലിയ തീപ്പിടുത്തത്തിന് ശേഷം റോം പുന:സൃഷ്ടിച്ചതിനും നിറോ പ്രസിദ്ധനാണ്. അദ്ദേഹം വലിയ തോതിൽ ക്രിസ്ത്യാനികളുടെ മതവിചാരണ നടത്തി കൊലപ്പെടുത്തുകയും അത് സെനറ്റിന്റെ വെറുപ്പിന് കാരണമായിത്തീരുകയും അവസാനം നിറോയെ കൊലപ്പെടുത്താൻ സെനറ്റ് നിയമം കൊണ്ടുവരികയും ചെയ്തു. എന്നാൽ നിയമം നടപ്പാക്കുന്നതിനു മുന്നേ തന്നെ നീറോ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
റോമൻ ജീവിതം
റോമാക്കാർ സ്വാതന്ത്ര്യം കൂടുതൽ ആസ്വദിച്ചിരുന്നു. അവർ കൂടുതൽ സഞ്ചാരം നടത്താൻ തുടങ്ങി. റിപ്പബ്ലിക്കിലെ ജീവിതവുമായി താരതമ്യപ്പെടുത്തിയാൽ കൂടുതൽ അയഞ്ഞതായിരുന്നു ജീവിതം. റോമാക്കാർ ഒരോ നഗരങ്ങളിലും അവരവരുടെ ദൈവങ്ങളെ ആരാധിച്ചാണ് കഴിഞ്ഞിരുന്നത്. പൊതുവായ ഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല. റോമാക്കാരുടെ കീഴിൽ ഉണ്ടായിരുന്ന വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷയായിരുന്നു സംസാരിച്ചിരുന്നത്. എങ്കിലും ലത്തീൻ ഭാഷക്കും സംസ്കാരത്തിനുമെല്ലാം ഇവിടങ്ങളിൽ ചിരപ്രതിഷ്ഠ ലഭിച്ചു. അതിനായി അവർ ലത്തീൻ ഭാഷ ഉപയോഗിക്കുന്നതും അവരുടെ ദൈവങ്ങളെ ആരാധിക്കുന്നതുമായ കുറേ നഗരങ്ങൾ സൃഷ്ടിച്ചു. ഫ്രാൻസ്, ഇറ്റലി, റുമാനിയ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും ഒടുവിൽ വടക്കു പടിഞ്ഞാറെ ആഫ്രിക്കയിലും മിക്കാവാറും ലത്തീൻ ഭാഷതന്നെയായിരുന്നു.
പ്രധാന വ്യവസായം കൃഷിതന്നെയായിരുന്നു. യുദ്ധത്തിൽ പിടിച്ചെടുത്ത അടിമകളെക്കൊണ്ട് കൃഷി ചെയ്തിരുന്ന സ്വകാര്യ ഭൂവുടമകൾ ആയിരുന്നു ഏറെയും. ഗ്ലാഡിയേറ്റർ എന്ന് വിളിക്കുന്ന അടിമകളെക്കൊണ്ട് ആയുധപോരാട്ടത്തിൽ ഏർപ്പെടുത്തി രസിക്കുന്ന ഒരു സമ്പ്രദായം റോമിൽ നിലനിന്നിരുന്നു.
(2021 ഡിസംബർ ലക്കം മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം)