വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ചു കേരളത്തിന്റെ പല ഭാഗങ്ങളിലും നാട്ടു ചന്തകൾ മേളകളായി ആഘോഷിച്ചിരുന്നു. അതിൽ കന്നുകാലി ചന്ത, കാർഷിക വിപണന മേള എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു. ദൂര ദേശങ്ങളിൽ നിന്നും നിരവധി ആളുകൾ നാട്ടു ചന്തകളിലേക്കു ഒഴുകി. അതിൽ വാങ്ങാൻ വരുന്നവരും മേള കണ്ടു ആസ്വദിക്കാൻ വരുന്നവരും എല്ലാം ഉൾപ്പെടും.
കൊല്ലം ജില്ലയുടെയും തിരുവനന്തപുരം ജില്ലയുടെയും അതിർത്തിയിലുള്ള പാരിപ്പള്ളി എന്ന സ്ഥലം ഒരു മെഡിക്കൽ കോളേജ് ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ എല്ലാപേർക്കും സുപരിചിതമാണ്. പാരിപ്പള്ളിയിൽ നിന്നും ഒരു മൂന്നു കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ കിഴക്കനേല എന്ന ദേശം എത്തുകയായി. അവിടുത്തെ മാടന്‍കാവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവങ്ങൾ വർഷങ്ങൾക്ക് മുൻപേ പ്രശസ്തിയിലേക്ക് കൊണ്ടുപോയത് മേൽപ്പറഞ്ഞ വിപണന മേളകൾ നടന്നത് കൊണ്ട് തന്നെയാണ്. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന കന്നുകാലി ചന്തയും മറ്റും കിഴക്കനേലയിൽ നിന്ന് മാത്രമല്ല മറ്റു ദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു. കിഴക്കനേല ദേശക്കാർക്കും അതൊരു വലിയ ആഘോഷമാണ്.
തമിഴ്‌നാട്ടിൽ നിന്നും നൂറു കണക്കിന് കാളക്കൂട്ടങ്ങളെയാണ് കന്നുകാലി ചന്തയിലേക്കു കൊണ്ട് വരുന്നത്. കാർഷിക ആവശ്യങ്ങൾക്കായി നിരവധി ആളുകൾ പല ദേശങ്ങളിൽ നിന്നും അവിടെ വന്നു കാളകളെ വാങ്ങിയിരുന്നു. ഈ വിപണന മേളകളുടെ പൊലിമ കൂട്ടാനായി സർബത്ത് കച്ചവടക്കാരും, ബലൂൺ, ഐസ് മുതലായവ വിൽക്കുന്നവരും നിരവധിയാണ്. മിക്കവാറും കുട്ടികളും മുതിർന്നവരുമെല്ലാം അവധിയെടുക്കുന്നു ദിവസം കൂടിയായിരിക്കും അത്.
അങ്ങനെ വലിയ രീതിയിൽ നടന്നു വന്നിരുന്ന ആ മേള പല കാരങ്ങളാൽ എന്നോ നിർത്തേണ്ടി വന്നു. അത് കിഴക്കനേല ദേശക്കാരുടെ മനസ്സിൽ മാത്രമായി നില നിന്നു. സ്ഥല പരിമിതിയും മറ്റുമായിരുന്നു അതിനു പ്രധാന കാരണം. എന്നാൽ ഇപ്പോൾ ആ സുവർണ്ണ കാലം തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുകയാണ് കിഴക്കനേലയിലെ ഇന്നത്തെ തലമുറ. 2023 ഫെബ്രുവരി 9, 10 തീയതികളിലാണ് കന്നുകാലി ചന്തയും കാർഷിക വിപണന മേളയും മറ്റും നടക്കുന്നത്. ‘കിഴക്കനേല മേള’ എന്ന് തന്നെ വിളിക്കാവുന്ന തരത്തിലേക്ക് കന്നുകാലി ചന്തയും കാർഷിക വിപണന മേളയും വളരട്ടെ എന്ന് നമുക്ക് ആശംസിക്കാം.
#malayalam #nostalgia #CattleMarket #VegetableMarket #Parippally #temple #festivals #kizhakkanela