32.8 C
Trivandrum
January 16, 2025
Articles

കുഞ്ഞുണ്ണിമാഷ് അഥവാ അതിയാരത്ത് കുഞ്ഞുണ്ണിനായർ

മലയാളത്തിലെ ആധുനികകവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. മലയാളകവിതയിൽ വ്യതിരിക്തമായൊരു ശൈലിയവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ്, ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽനിന്നുമാറി, ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹമവതരിപ്പിച്ചത്. ദാർശനികമായ ചായ്‌വു പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവുംചേർന്ന കവിതകൾ, മുതിർന്നവരെയും കുട്ടികളെയും ഒന്നുപോലെയാകർഷിച്ചു. കുഞ്ഞുണ്ണിമാഷിന്റെ ‘കാൽശതംകുഞ്ഞുണ്ണി’ എന്നപേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ചു കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽനിന്നു ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. കുഞ്ഞുണ്ണിയുടെ ആദ്യകാല കവിതാസമാഹാരമായ കാൽശതംകുഞ്ഞുണ്ണി ആധുനികമലയാളകവിതയുടെ വളർച്ചയുടെ ദൃഷ്ടാന്തമാണ്.

ഈരടികൾമുതൽ നാലുവരികൾവരെയുള്ളവയാണ്, കുഞ്ഞുണ്ണിക്കവിതകളിലേറെയും. ആദ്യകാലകവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോടു പിണങ്ങിനില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻനിർത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അദ്ദേഹത്തിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി, തന്റെ ഔദ്യോഗികജീവിതമാരംഭിച്ച കുഞ്ഞുണ്ണിമാഷ്, ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോടാണു ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാമിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായിച്ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്നു വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്കു തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹിക-സാംസ്കാരികപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ്, കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്തു വായിച്ചതേറെയും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുള്ളൽക്കഥകളെഴുതി സ്വയമവതരിപ്പിച്ചിരുന്നു. പത്താംതരംകഴിഞ്ഞപ്പോൾ, “യുഗപ്രപഞ്ചം” എന്ന തുള്ളലെഴുതിയതോടെ കവിയായറിയപ്പെട്ടുതുടങ്ങി.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്നപേരിലെഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്കു വഴികാട്ടിയായി, അദ്ദേഹംനല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ചു വളർത്തിക്കൊണ്ടുവന്നതു കുഞ്ഞുണ്ണിമാഷാണ്. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിലെഴുതാമെന്നു വ്യക്തമാക്കുന്ന, മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയോടു ചേർത്തുവയ്ക്കാവുന്നതാണ്. പഴഞ്ചൊല്ല്, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹമെടുത്തുകാട്ടി. മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്, നമ്പൂതിരിഭാഷയും ഫലിതവും.



കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പു നേർത്തതാണ്. അതിനാൽ അദ്ദേഹം പലപ്പോഴും ബാലസാഹിത്യകാരനായാണു പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെത്തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്കു മറുപടിനല്കുകയുംചെയ്യുന്ന ഒരപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾക്കു തിരുത്തലുകളും പോസ്റ്റുകാർഡുകളിൽ അദ്ദേഹമയച്ചു.

തന്റെ പൊക്കമില്ലായ്മയെക്കുറിച്ച് അദ്ദേഹമിങ്ങനെ പറഞ്ഞു. ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’.

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ കുഞ്ഞുണ്ണിമാഷ്, വലപ്പാടുള്ള, തന്റെ തറവാട്ടിൽവച്ച് 2006 മാർച്ച് 26-ന് ഉച്ചയ്ക്ക് 1:10-ന് അന്തരിച്ചു. അപ്പോൾ 79 വയസ്സുണ്ടായിരുന്ന അദ്ദേഹം, ആജീവനാന്തം അവിവാഹിതനായിരുന്നു. മൃതദേഹം തറവാട്ടുവളപ്പിൽ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനന്തരവൻ കേശവരാജാണ് ചിതയ്ക്ക് തീകൊളുത്തിയത്.

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികംകാലം പംക്തിയെഴുത്തുനടത്തിയത് ‘മലർവാടി’യെന്ന കുട്ടികളുടെ മാസികയിലായിരുന്നു. ഇപ്പോൾ കോഴിക്കോടുനിന്നു പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപകപത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി. അബ്ദുവാണ്, അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്. 1981 ജനുവരി മാസംമുതൽ അദ്ദേഹം മലർവാടിയിൽ ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്ന പംക്തിയെഴുതിത്തുടങ്ങി. കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കിവളർത്തിയ പ്രശസ്തമായ പംക്തിയായി അതുമാറി. 1998 ജനുവരിവരെ, നീണ്ട 17 വർഷക്കാലം ആ പംക്തി തുടർന്നു. അതു നിർത്തിയശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്നപേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷംകൂടെ കുഞ്ഞുണ്ണി മാഷ് മലർവാടിയിലുണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ, നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്കു വിസ്മരിക്കാൻപാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം, മലർവാടി ‘കുഞ്ഞുണ്ണി മാഷ് പതിപ്പ്’’ പ്രസിദ്ധീകരിച്ച്, അദ്ദേഹത്തിന് ആദരവർപ്പിച്ചു.

കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഒരു ചിത്രകാരനുമായിരുന്നു കുഞ്ഞുണ്ണിമാഷ്. കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്. ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർണ്ണചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല. എണ്ണച്ചായം, ജലച്ചായം, ഇങ്ക് തുടങ്ങിയവയവയായിരുന്നു ചിത്രംവരക്കു ഉപയോഗിച്ചിരുന്നത്. നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം. പൂക്കൾ, പക്ഷികൾ,മൃ ഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി. പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.

ചില കുഞ്ഞുണ്ണിക്കവിതകൾ
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും’ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.

  • കുഞ്ഞുണ്ണിക്കൊരു മോഹം
    എന്നും കുഞ്ഞായിട്ടു രമിക്കാൻ
    കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
    കവിയായിട്ടു മരിക്കാൻ.
  • സത്യമേ ചൊല്ലാവൂ
    ധർമ്മമേ ചെയ്യാവൂ
    നല്ലതേ നൽകാവൂ
    വേണ്ടതേ വാങ്ങാവൂ
  • ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
    ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
    വിരസ നിമിഷങ്ങൾ സരസമാക്കുവാ
    നിവ ധാരാളമാണെനിക്കെന്നും.
  • ജീവിതം നല്ലതാണല്ലോ
    മരണം ചീത്തയാകയാൽ.
  • ഉടുത്ത മുണ്ടഴിച്ചിട്ടു
    പുതച്ചങ്ങു കിടക്കുകിൽ
    മരിച്ചങ്ങു കിടക്കുമ്പോ
    ഴുള്ളതാം സുഖമുണ്ടിടാം.
  • ഞാനെന്റെ മീശ ചുമന്നതിന്റെ
    കൂലിചോദിക്കാൻ
    ഞാനെന്നോടു ചെന്നപ്പോൾ
    ഞാനെന്നെ തല്ലുവാൻ വന്നു.
  • പൂച്ച നല്ല പൂച്ച
    വൃത്തിയുള്ള പൂച്ച
    പാലു വച്ച പാത്രം
    വൃത്തിയാക്കി വച്ചു.
  • എത്രമേലകലാം
    ഇനിയടുക്കാനിടമില്ലെന്നതുവരെ
    എത്രമേലടുക്കാം
    ഇനിയകലാനിടമില്ലെന്നതുവരെ.
  • എനിക്കുണ്ടൊരു ലോകം
    നിനക്കുണ്ടൊരു ലോകം
    നമുക്കില്ലൊരു ലോകം.
  • മഴ മേലോട്ട് പെയ്താലേ
    വിണ്ണു മണ്ണുള്ളതായ് വരു
    മണ്ണുള്ള ദിക്കിലുള്ളോർക്കേ
    കണ്ണു കീഴോട്ടു കണ്ടിടൂ.
  • കാലമില്ലാതാകുന്നു
    ദേശമില്ലാതാകുന്നു
    കവിതേ നീയെത്തുമ്പോൾ
    ഞാനുമില്ലാതാകുന്നു.
  • പൊക്കമില്ലാത്തതാണെന്റെ പൊക്കം.
  • മന്ത്രിയായാൽ മന്ദനാകും
    മഹാ മാർക്സിസ്റ്റുമീ
    മഹാ ഭാരതഭൂമിയിൽ.
  • മഴയും വേണം കുടയും വേണം കുടിയും വേണം
    കുടിയിലൊരിത്തിരി തീയും വേണം
    കരളിലൊരിത്തിരി കനിവും വേണം
    കൈയിലൊരിത്തിരി കാശും വേണം
    ജീവിതം എന്നാൽ പരമാനന്ദം.
  • ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
    മടലടർന്നു വീണു
    മൂസ മലർന്നു വീണു
    മടലടുപ്പിലായി
    മൂസ കിടപ്പിലായി.
  • ശ്വാസം ഒന്ന് വിശ്വാസം പലത്.
  • ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം.
  • കപടലോകത്തിലെന്നുടെ കാപട്യം
    സകലരും കാണ്മതാണെൻ പരാജയം.
  • കപടലോകത്തിലെന്നുടെ കാപട്യം
    സകലരും കാണ്മതാണെൻ പരാജയം.
  • ആറുമലയാളിക്കു നൂറുമലയാളം
    അരമലയാളിക്കുമൊരു മലയാളം
    ഒരുമലയാളിക്കും മലയാളമില്ല.
  • കുരിശേശുവിലേശുമോ?
  • യേശുവിലാണെൻ വിശ്വാസം
    കീശയിലാണെൻ ആശ്വാസം.
  • പുലിക്ക് വാലേയുള്ളൂ, പുലിവാലില്ല.
  • ഉണ്ടാലുണ്ട പോലെയാകണം, ഉണ്ട പോലെ ആകരുത്.

– മഹേഷ്‌കുമാർ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More