അംബരചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് ഈ യാത്രകളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
മലകളും തരിശു ഭൂമികളും, ഫാമുകളുമൊക്കെ ഉള്ള ഉൾപ്രദേശങ്ങളാണ് ഇവ. മലയാളികൾ ഉൾപ്പെടെയുള്ള ഒരുപാട് തൊഴിലാളികൾ അവിടുത്തെ ഫാമുകളിലും ഫാക്ടറികളിലുമൊക്കെ ജോലി ചെയ്തു വരുന്നുണ്ട്.
തിരക്ക് കുറഞ്ഞ റോഡുകളാണ് മലീഹ റൂട്ടിൽ ഉള്ളത്. അതുകൊണ്ടു തന്നെ ഉൾപ്രദേശങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വിശദമായി യാത്ര ചെയ്തു ആസ്വദിക്കാവുന്നതാണ്. ഉൾപ്രദേശങ്ങളാണെങ്കിലും റോഡുകളും പാലങ്ങളും എല്ലാം വൃത്തിയോടും ആധുനിക കാഴ്ചപ്പാടോടും കൂടിയാണ് അധികൃതർ നിർമ്മിച്ചിരിക്കുന്നത്.
ചെറുകിട ഫാക്ടറികളും ഒട്ടക കൂട്ടങ്ങളും ദൈദ് റോഡിനു സമീപം നമുക്ക് കാണാനാകും. ഒട്ടകങ്ങളുടെ ഓട്ടമത്സരം പരിശീലിപ്പിക്കുന്ന സ്ഥലങ്ങൾ ഏറെയുണ്ട് ഇവിടെ. തിരക്ക് കുറഞ്ഞതും വൃത്തിയുള്ളതുമായ റോഡുകൾ കാണുമ്പോൾ വേഗത്തിൽ വണ്ടിയോടിച്ചു പോകാമെന്നു കരുതരുതേ. ഇടയ്ക്കിടയ്ക്ക് ക്യാമറകൾ റോഡുകൾക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചിലയിടങ്ങളിൽ റഡാറുകളും.
ദൈദ് എന്നത് ഷാർജയിലെ ഒരു ചെറിയ പട്ടണം ആണ്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളുമൊക്കെയുള്ള ഒരു പട്ടണം. വളരെ പഴക്കമുള്ള ഒരു സ്ഥലമായി പുരാവസ്തു ഗവേഷകർ ദൈദിനെ കണക്കാക്കപ്പെടുന്നു. ഇപ്പോഴും പുരാവസ്തു ഗവേഷണങ്ങൾ നടക്കുന്ന ഒരു സ്ഥലം കൂടിയാണിത്.
ദൈദ് പോലെ തന്നെ മലീഹയും ഒരു പുരാവസ്തു ഗവേഷണ സൈറ്റുകൾ ഉള്ള സ്ഥലമാണ്. മലീഹ ഷാർജ എമിറേറ്റിലെ ഒരു ചെറു ഗ്രാമമാണ്. ഈ ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ ചരിത്രവും പുരാവസ്തുവും അടിസ്ഥാനമാക്കിയുള്ള ഒരു സന്ദർശക കേന്ദ്രവും എക്സിബിഷനുമാണ് മെലിഹ ആർക്കിയോളജിക്കൽ സെന്റർ. ഷാർജ ഭരണാധികാരിയായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ-കാസിമി 2016 ജനുവരി 24 നാണ് ഈ കേന്ദ്രം തുറന്നത്.
ഈ പ്രദേശത്തുടനീളം കണ്ടെത്തിയ വ്യാപകമായ പുരാവസ്തു തെളിവുകൾ ഏകദേശം 130,000 വർഷങ്ങൾക്ക് മുമ്പ് പാലിയോലിത്തിക്ക് കാലഘട്ടം വരെ പഴക്കമുള്ളതാണ് കണക്കാക്കപ്പെടുന്നു. പുരാവസ്തു ഗവേഷണ വിദ്യാർഥികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് മലീഹ.
സന്ദർശകർക്കായി ഈ സ്ഥലങ്ങളിലെല്ലാം അധികാരികൾ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.