ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1900-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തിൽ ശ്രീ അരബിന്ദോ, ലാൽ-ബാൽ-പാൽ തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി.
1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു.
സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഐ.എൻ.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എൻ.എ-യുടെ റെഡ് ഫോർട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.
1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയൻ ആയി തുടർന്നു. 1950 ജനുവരി 26-നു ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്താൻ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ൽ ആണ്. ആഭ്യന്തര കലഹങ്ങൾ കാരണം പാകിസ്താനിൽ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാകിസ്താൻ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കൻ പാകിസ്താൻ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി. ഇവയിൽ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം കോമൺവെൽത്ത് ഓഫ് നേഷൻസ് നിലവിൽ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തിലുള്ള പ്രതിരോധം മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ നയിച്ച അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിനു (1955-1968) പ്രേരകമായി. 1947 ജൂൺ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആയ വൈസ്രോയി ലൂയി മൌണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാകിസ്താൻ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ഓഗസ്റ്റ് 14-നു പാകിസ്താൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്റ്റ് 15 അർദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.പ്രധാനമന്ത്രി നെഹ്രുവും ഉപ പ്രധാനമന്ത്രി സർദ്ദാർ വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി തുടരാൻ ക്ഷണിച്ചു. 1948 ജൂണിൽ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറൽ ആയി സ്ഥാനമേറ്റു.
ഭരണഘടന നിർമ്മിക്കുന്ന ജോലി 1949 നവംബർ 26-നു നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽ വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവർണർ ജനറൽ രാജഗോപാലാചാരിയിൽ നിന്നും അധികാരം ഏറ്റെടുത്തു. 1952-ൽ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
(Images courtesy: Google.com)