എളുപ്പത്തിൽ എങ്ങനെ ബിസ്‌ക്കറ്റ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
അതിനായി ആദ്യം ഒരു കപ്പ് മൈദാ അല്ലെങ്കിൽ ഏഴു ടേബിൾ സ്പൂൺ മൈദാ എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡാ ഇട്ടതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തു മാറ്റി വയ്ക്കുക. ഇനിയൊരു മിക്സിയുടെ ജാർ എടുത്തതിനുശേഷം അതിലേയ്ക്ക് രണ്ടു മുട്ട പൊട്ടിച്ചു ഇടുക. മുട്ട എടുക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം, അത് ഫ്രിഡ്ജിൽ നിന്നും ഒരു മണിക്കൂർ മുന്നേയെങ്കിലും എടുത്തു മാറ്റി വച്ചതായിരിക്കണം. ഇതിലേയ്ക്ക് നാല് ടി സ്പൂൺ പഞ്ചസാര ഇടുക. കൂടുതൽ മധുരം വേണമെങ്കിൽ അളവ് കൂട്ടാം കേട്ടോ.
അതിനുശേഷം വെളിച്ചെണ്ണയോ, ബട്ടറോ, നെയ്യോ ഇതിലേതെങ്കിലും ചേർക്കാം. ബട്ടർ ആയിരിക്കും കൂടുതൽ ടെസ്റ്റിന് നല്ലത്. പക്ഷെ, അതും ഫ്രിഡ്ജിൽ നിന്നും നേരത്തെ മാറ്റി വച്ചതായിരിക്കണം. ഒരു നുള്ളു ഉപ്പും, ഒരു ടീസ് സ്പൂൺ പൈൻആപ്പിൾ എസ്സെൻസ് കൂടി ചേർത്ത് മിക്സിയിൽ നല്ലവണ്ണം അടിച്ചെടുക്കണം. വേണമെങ്കിൽ നിറത്തിനു കുറച്ചു മഞ്ഞൾപൊടിയോ ഫുഡ് കളറോ കൂടി ഇതിനോടൊപ്പം ചേർക്കാവുന്നതാണ്. മിശ്രിതം തയ്യാറായിക്കഴിഞ്ഞു. അത് ഒരു ബൗളിലേയ്ക്ക് ഒഴിക്കുക. എന്നിട്ടു അതിലേയ്ക്ക്, നേരത്തെ മാറ്റി വച്ച മൈദ കുറച്ചു കുറച്ചായി ഇട്ടു നല്ലവണ്ണം ഇളക്കുക.
ഇനി നമുക്ക്, ഒരു ഓവൻ ട്രേ എടുത്തു, അതിൽ ഒരു ബട്ടർ പേപ്പറോ അലൂമിനിയം ഫോയിലോ വയ്ക്കാം. ഇതിലേയ്ക്ക് squees ചെയ്യാൻ വേണ്ടി, ഒരു സിപ്പർ ബാഗിലോ, അല്ലെങ്കിൽ ഒരു പൈപ്പിൻ ബാഗിലോ നേരത്തെ തയ്യാറാക്കിയ ദ്രാവകം ഒഴിക്കാം. ഇനി അത്, നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട ഷേപ്പിലേയ്ക്ക് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്.
അതിനു ശേഷം, ഇത് 120 ഡിഗ്രിയിൽ ഓവനിൽ വച്ച് ഒരു പതിനഞ്ചു ഇരുപതു മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ഇപ്പോൾ ബിസ്‌ക്കറ്റ് റെഡി ആയി കഴിഞ്ഞു. ചൂടറിയതിനു ശേഷം പതിയെ ഇവ ഓരോന്നും ഇളക്കി മറ്റേതെങ്കിലും പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.
ഇതുപോലെ ട്രൈ ചെയ്തതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
തയ്യാറാക്കിയത്:
രാഖി ജി. നായർ