ഇതൊരു ചെറിയ യാത്രയാണ്. ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്കുള്ള യാത്രയല്ല. പക്ഷെ ഈ യാത്ര നമ്മളെ നയിക്കുന്നത് പഴയ പരമ്പരാഗത ഇസ്ലാമിക സംസ്കാരത്തിലേക്കാണ്. ഇത്തവണ സന്ദർശിച്ചത് ഒരു മാർക്കറ്റ് ആണ്. വെറും മാർക്കറ്റ് അല്ല, ദുബൈയിലെ പ്രശസ്തമായ പുരാവസ്തുക്കൾക്കു വേണ്ടി മാത്രമുള്ള ഒരു മാർക്കറ്റ്. ആധുനിക നഗരങ്ങളിൽ ഒന്നായ ദുബായിൽ പുരാവസ്തുക്കൾക്കു വേണ്ടി മാത്രമുള്ള ഒരു മാർക്കറ്റ്? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ? അതെ, പഴയ ദുബൈയുടെ ഭാഗമായ ബർദുബായിലാണ് ഈ ഒരു സൂഖ് ഉള്ളത്.
വിവിധ തരത്തിലുള്ള പരമ്പരാഗത കരകൗശല വസ്തുക്കൾ, ഗൃഹാലങ്കാരങ്ങൾ, സുവനീറുകൾ, ആഭരണങ്ങൾ, തുടങ്ങി പലതും പ്രാദേശിക കരകൗശല വിദഗ്ധർ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, പഴയ ഇസ്ലാമിക് മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന കടകളാണ് ഇവിടെ കാണുന്നത്. കൂടാതെ, സ്റ്റാർബക്സ്, ബാസ്കിൻ റോബ്ബിൻസ് പോലെയുള്ള ആധുനിക ഷോപ്പുകളും പഴയ പരമ്പരാഗതമായ കെട്ടിടങ്ങൾക്കുള്ളിൽ കാണുവാൻ സാധിക്കും. വൈകുന്നേരങ്ങളിൽ ആണ് ഇവിടം കൂടുതൽ സജീവമാകുന്നുനത്.
അൽ സീഫ് ഹെറിറ്റേജ് സൂഖ് – വീഡിയോ കാണാം
ഏറ്റവും ആകർഷകമായി തോന്നിയത്, കെട്ടിട നിർമ്മാണ രീതികളാണ്. സൂഖിനുള്ളിൽ നിൽക്കുമ്പോൾ നാം പഴയകാലത്തുള്ള ഏതോ ഒരു പഴയ മാർക്കറ്റിൽ നിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്നു. സൂഖിനുള്ളിൽ തന്നെ, എല്ലായിടവും ഒന്ന് കണ്ടു തീർക്കാൻ കുറെയേറെ നടക്കാനുണ്ട്. പണ്ടുകാലത്തു ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഇവിടെ ലഭ്യമാണ്. ദുബായ് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അൽ സീഫ് സൂഖ്. ഇവിടെ പ്രവേശനം തികച്ചും സൗജന്യമാണ്. പഴമ ഇഷ്ടപ്പെടുന്നവർക്ക് ഈ സൂഖ് നല്ലൊരു അനുഭവം സമ്മാനിക്കും എന്നുള്ളത് തീർച്ച.