
ശ്രീഹരി
മഴയായി ഞാൻ
നിൻ മനസിനെ നനയ്ക്കട്ടെ.
പൊള്ളുന്ന ഓർമ്മകളിൽ
മഴത്തുള്ളിയായി ഞാൻ പടരട്ടെ,
ഒരായിരം പനീർറോസ പുഷ്പങ്ങളായി
ആ ഓർമ്മകൾ മാറട്ടെ…
ഇളംതെന്നലായി
നിന്നെ ഞാൻ തഴുകട്ടെ,
നിൻ ശ്വാസത്തിൽ
രജനിഗാന്ധിയായി ഞാൻ നിറയട്ടെ.
ആ നിശ്വാസതാളത്തിൽ
പ്രപഞ്ചം അലിഞ്ഞ് ചേരട്ടെ…
ആകാശമായി ഞാൻ
നിൻ സ്വപ്നങ്ങളെ തുറക്കട്ടെ,
നീലവിസ്താരമായി
നിൻ സ്വപ്നങ്ങളിൽ ഞാൻ ലയിക്കട്ടെ.
അതിരുകളില്ലാതെ
ചിറകടിച്ചു നീ ഉയരട്ടെ…
അഗ്നിയായി ഞാൻ
നിന്നെ ചുറ്റി നിൽക്കട്ടെ,
വെളിച്ചമായി
നിൻ മനസ്സിനെ കാത്തുകൊള്ളട്ടെ.
നിൻ ഭയങ്ങൾ
എൻ കാവലിൽ
തീർന്നു പോകട്ടെ…
മണ്ണായി
നിൻ പാദങ്ങളെ ഞാൻ പുൽകട്ടെ,
താങ്ങായി
നിൻ വേരുകൾ എന്നിൽ പടരട്ടെ.
നീ വളരട്ടെ…
നീ പൂക്കട്ടെ…
നീ – നീയാകട്ടെ…
#malayalam #poem #literacy #reading #online #magazines #writing #magazine #online
