സ്റ്റീവൻ സ്പീൽബർഗിന് ‘ദ ടെർമിനൽ’ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. 18 വർഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പോലീസും ആരോഗ്യസംഘവും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1988 മുതൽ 2006 വരെ പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലാണ് മെഹ്റാൻ കരീമി ജീവിച്ചത്. റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനേത്തുടർന്നായിരുന്നു ഇത്.
പിന്നീട് വിമാനത്താവളത്തിലായി മെഹ്റാൻ കരീമിയുടെ ജീവിതം. ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ ഉറങ്ങും. വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം തള്ളിനീക്കി. ലോർഡ് ആൽഫ്രെഡ് എന്നൊരു പേരും ഇതിനിടെ ആരോ നൽകി. വിമാനത്താവളത്തിലെത്തുന്നവർക്ക് ചെറിയ പ്രമുഖനുമായി മാറി ഇദ്ദേഹം.
1999-ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും ലഭിച്ചു. എങ്കിലും 2006 ൽ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ നാസ്സെറി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രവിശ്യയിൽ 1945-ലാണ് കരീമിയുടെ ജനനം. പിതാവ് ഇറാൻ സ്വദേശിയും മാതാവ് ബ്രീട്ടീഷുകാരിയുമായിരുന്നു. 2004-ലാണ് സ്പീൽബർഗിന്റെ സംവിധാനത്തിൽ ദ ടെർമിനൽ എന്ന ചിത്രം പുറത്തിറങ്ങിയത്. ടോം ഹാങ്ക്സ് ആയിരുന്നു നായകൻ. നിരവധി പ്രശംസകൾ പിടിച്ചുപറ്റിയ ഒരു സിനിമയായിരുന്നു ദി ടെർമിനൽ.
– മഹേഷ് കുമാർ