കേരളത്തിലെ ആദ്യത്തെ പൊതു- സ്വകാര്യ വിനോദ സഞ്ചാര പദ്ധതിയാണ് ജഡായുപ്പാറ. ചടയമംഗലത്തെ ജഡായുപ്പാറയുടെ മുകളില്‍ വച്ചാണ് ജഡായു- രാവണ യുദ്ധം നടന്നതെന്നാണ് വിശ്വാസം. ഇവിടെയുള്ള പാറയ്ക്കു മുകളിലെ വലിയ കുഴി ജഡായുവിന്റെ കൊക്ക് ഉരഞ്ഞുണ്ടായതാണെന്നും പാറയുടെ മുകളിലെ കാല്‍പാദം ശ്രീരാമന്റേതാണെന്നും ഐതിഹ്യമുണ്ട്. ഈ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും മുകളിലാണ് കൂറ്റന്‍ ജഡായു ശില്‍പം സിനിമാ സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന വിശേഷണവും ജഡായു എര്‍ത്ത് സെന്ററിനു ചേരും.
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജഡായുപ്പാറയിലേത്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമാണ് ഈ മാസ്മരിക ശില്‍പത്തിനുള്ളത്. രാവണനുമായുള്ള യുദ്ധത്തില്‍ ഇടതു ചിറകറ്റ് നിലംപതിച്ച ജഡായു വലതു ചിറക് വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളും ആകാശത്തിന് അഭിമുഖമായി പിടിച്ച നിലയിലാണ് ഈ ശില്‍പം നിര്‍മിച്ചിരിക്കുന്നത് .
മൂന്നു നിലകളുള്ള ശില്‍പത്തിനുള്ളിലെ ചുമരുകള്‍ വമ്പന്‍ സ്‌ക്രീനുകളാണ്. ഈ പടുകൂറ്റന്‍ സ്‌ക്രീനുകളില്‍ സീതാപഹരണത്തിന്റെ കഥ 6ഡിയില്‍ തെളിയും. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിലൂടെ ജഡായുപ്പാറയില്‍ നിന്നുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമാവും. ജഡായു എര്‍ത്ത് സെന്ററിനോട് ചേര്‍ന്ന് സാഹസിക പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. പല രീതിയിലുള്ള മലകയറ്റങ്ങള്‍, കമാന്‍ഡോ നെറ്റ്, പെയിന്റ് ബോള്‍, കയറില്‍ തൂങ്ങിയുള്ള വാലി ക്രോസിങ്, ചിമ്മിണി ക്ലൈംബിങ്, ഷൂട്ടിങ്, വെര്‍ട്ടിക്കല്‍ ലാഡര്‍, വാള്‍ ക്ലൈംബിങ്, ഒരു മണിക്കൂറോളം വരുന്ന ട്രക്കിങ്, അമ്പെയ്ത്ത്, കയറുകൊണ്ടു നിര്‍മിച്ച ബര്‍മ പാലം എന്നിവയെല്ലാം സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്
ആകാശത്തുനിന്നു കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി കേബിള്‍ കാര്‍ സൗകര്യവുമുണ്ട്. ജഡായുപ്പാറയുടെ ആകാശക്കാഴ്ചയ്ക്കും അതിവേഗ സഞ്ചാരത്തിനുമായി ഹെലിക്കോപ്റ്ററും ലഭ്യമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ജഡായുപ്പാറയ്ക്കു മുകളില്‍ രാത്രി ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെന്റുകളും ഇവിടെ സജ്ജമാണ് .
തിരുവനന്തപുരം കൊല്ലം റൂട്ടില്‍ ചടയമംഗലം ടൗണില്‍നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ജഡായുപ്പാറ. ഓണ്‍ലൈനിലൂടെ ജഡായുപ്പാറയിലേക്കുള്ള ടിക്കറ്റ് നിങ്ങള്‍ക്കും ഉറപ്പാക്കാം. ജഡായു പാര്‍ക്ക് കാണുന്നതിന്, അഡ്വഞ്ചര്‍ പാര്‍ക്ക് ട്രെക്കിങ്, റിസോര്‍ട്ട് എന്നിവക്കെല്ലാം വെവ്വേറെ ടിക്കറ്റുകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072588713 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ jatayuearthscenter.in എന്ന ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.
– മഹേഷ് കുമാർ