90കളിലെ ഉപയോക്താക്കൾക്ക് ഇനിയത് ഗൃഹാതുരത. ലോകമെങ്ങുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഒട്ടനേകം നല്ല ഓർമ്മകളിൽ മാത്രം ഇനി ഈ ബ്രൗസർ ബാക്കിയാകും. അതെ, 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് മൈക്രോസോഫ്റ്റ്. പുതിയ ബ്രൗസറുകളുമായി പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ വിടവാങ്ങുന്നത്.
1995ലാണ് ആഡ് ഓൺ പാക്കേജ് പ്ലസിന്റെ ഭാഗമായി വെബ് ബ്രൗസർ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകൾ സൗജന്യ ഡൗൺലോഡ് അല്ലെങ്കിൽ ഇൻ-സർവീസ് പായ്ക്കുകളായി ലഭ്യമായിരുന്നു. വിൻഡോസ് 95-ന്റെ യഥാർഥ ഉപകരണ നിർമ്മാതാവിന്റെ സേവന റിലീസുകളിലും വിൻഡോസിന്റെ പിന്നീടുള്ള പതിപ്പുകളിലും ഉൾപ്പെടുത്തി.
1990-കളിലും 2000ത്തിന്റെ തുടക്കത്തിലും വീട്ടിലും സ്‌കൂളുകളിലും ഓഫിസുകളിലും കംപൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ളവർക്ക് ഇന്റർനെറ്റ് എക്‌സ്‌പ്ലോററുമായി ബന്ധപ്പെട്ട നല്ല ഓർമകൾ തീർച്ചയായും ഉണ്ടാകും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വേൾഡ് വൈഡ് വെബിലേക്കുള്ള ആദ്യ ജാലകമായി പ്രവർത്തിച്ചതും ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ്. കാലം മായ്ച്ചുകളയുന്ന ഗൃഹാതുരതയായി ഇനി ഇന്റർനെറ്റ് എക്സ്പ്ലോളറും മാറുകയാണ്.
ക്രോം വെബ് ബ്രൗസറിനു വേഗം കുറവാണ്, വേണ്ടത്ര സുരക്ഷയില്ല തുടങ്ങി പരാതികൾ കുറച്ചൊന്നുമല്ല മൈക്രോസോഫ്റ്റ് പറഞ്ഞിട്ടുള്ളത്. എന്നിട്ട് ഒടുവിൽ ക്രോമിയം എൻജിനിലേക്ക് എഡ്ജ് ബ്രൗസറിനെയാകെ പറിച്ചുനട്ട് ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.
ഇന്നു ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം ബ്രൗസറിനു പുറമേ ഒപേറ, ബ്രേവ്, വിവാൾഡി തുടങ്ങിയ മറ്റുള്ള ബ്രൗസറുകളിൽ ഏറിയപങ്കും ക്രോമിയത്തിൽ നിർമിച്ചതാണ്. മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ, അതിന്റെ തുടർച്ചയായെത്തിയ എഡ്ജ്, ആപ്പിൾ സഫാരി എന്നിങ്ങനെ വിരലിലെണ്ണാവുന്നവ മാത്രമാണ് ഓപൺസോഴ്സ് അല്ലാതെ കമ്പനികളുടെ കുത്തകയായി തുടരുന്നത്.
മഹേഷ് കുമാർ