അനിൽ ഗോപാൽ രചിച്ചു, അനിൽ ഗോപി ആലപിച്ച ‘ഓർമ്മകൊളുത്തുകൾ’ എന്ന കവിതയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
ഓർമ്മകൊളുത്തുകൾ ഊരിയെടുക്കവേ
ചോരപൊടിയുന്നു വീണ്ടുമെന്നുള്ളിൽ.
ചൂട് മാറാതെ നിനക്കു പകർന്നൊരു
പ്രേമം സ്പുടം ചെയ്തെടുത്ത വിഭവങ്ങൾ
ഓർമ്മകൊളുത്തുകൾ ഊരിയെടുക്കവേ
ചോരപൊടിയുന്നു വീണ്ടുമെന്നുള്ളിൽ.
ആയിരം കാതങ്ങൾക്കപ്പുറം
നിന്നൊരു വിസ്മയ തുമ്പിനാൽ
തന്നൊരു സാന്ത്വനം.
മാനസ ജാലകം
തള്ളി തുറന്നു നീ
എന്നിൽ നിറച്ചൊരു
നാൽപ്പാമരഗന്ധം
അക്ഷരസ്‌പന്ദന വർണ്ണങ്ങൾ
ചേർത്തൊരു
നീലശലഭ ചിറകു വിരിച്ചതും
അരണിയാൽ നിത്യം
കടഞ്ഞു കടഞ്ഞെന്റെ
ചിത്തം പണിതൊരു രാഗപ്രപഞ്ചവും
നൂലറ്റ പട്ടമായ് എന്നുമെൻ ഉള്ളിൽ നീ
ദിക്കറിയാതെ പിടഞ്ഞു തപിക്കുന്നു
ഓർമ്മകൊളുത്തുകൾ ഊരിയെടുക്കവേ
ചോർന്നൊലിക്കുന്നിതെൻ മാനസം പിന്നെയും…
അനിൽ ഗോപാൽ
തിരുവനന്തപുരം