കെ.കെ.പല്ലശ്ശന
പൂത്തൊരു കൊന്നയിൽ വന്നിരുന്ന്
ഉത്തരായണക്കിളി പാടുന്നു
‘വിത്തും കൈക്കോട്ടും
വെക്കം കൈയേന്ത്…’
മുത്തശ്ശി കാതു കൂർപ്പിക്കുന്നു
മുറ്റത്തു വന്നു നോക്കുന്നു.
സ്വാഗതം, സ്വാഗതം പാട്ടുകാരാ
ആഗതമായതുചിതമായി
നാടിൻ്റെ നാൾവഴി പാടുവാനായ്
കാടകം വിട്ടു നീ വന്നുവല്ലോ.
കത്തുന്ന വേനലിൽ നിൻ്റെ പാട്ട്
ഹൃത്തടം ശീതളമാക്കിടുന്നു
കുത്തരിയില്ല നമുക്കു സ്വന്തം
പുത്തരിയുണ്ണാൻ മറന്നു നമ്മൾ
വിത്തില്ല വിതയില്ല പാടമില്ല
പാടും പുഴകളും തോടുമില്ല
പോയ കാലത്തിൻ്റെ നന്മകളെ
നീയിന്നു പാടുവാനെത്തിയല്ലോ.
സ്വാഗതം, സ്വാഗതം പാട്ടുകാരാ
ആഗതമായതുചിതമായി
#malayalam #poem #literacy #reading #online #magazines #writing