ജോസ് പ്രസാദ്
മഞ്ഞപ്പൂങ്കുലയൊത്തിരി തൂക്കി
കൊന്ന ചമഞ്ഞു കുണുങ്ങുമ്പോൾ
ചില്ലയിൽ വന്നു വിഷുക്കിളി പാടീ
വന്നൂ വിഷുവെന്ന്..
സ്വർണം പൂശി ചേലിൽ നിൽക്കും
വെള്ളരി മൂത്തൊരു വേനൽപ്പാടം
അന്തി മയങ്ങും നേരം ചൊല്ലീ
വന്നൂ വിഷുവെന്ന്..
പുലരും മുമ്പേ കണിയും കണ്ട്
നാണ്യം കിട്ടിയൊരാഹ്ലാദത്തിൽ
നിന്നു ചിരിക്കണ കുഞ്ഞു പറഞ്ഞൂ
വന്നൂ വിഷുവെന്ന്..
മണ്ണിൽ പുതുവിള പാകാൻ വേണ്ടി
നിന്നു കിളയ്ക്കെ വിയർപ്പു തുടച്ച്
കൈക്കോട്ടേന്തും കർഷകനോതി
വന്നൂ വിഷുവെന്ന്..!
#malayalam #poem #literacy #reading #online #magazines #writing #vishu
1 comment
വിഷുക്കവിത super. ആശംസകൾ. ഒപ്പം വിഷു ആശംസകളും