
നിഥിൻകുമാർ ജെ.
ഈ പെയ്യും മഴപോല്‍ അന്ന് ഞാന്‍
പാതിയുടല്‍ കുതിര്‍ന്ന്, കുടയും ചൂടി
പള്ളിക്കൂടത്തില്‍ പോകാറുണ്ട്.
നനഞ്ഞുടല്‍ പാതി വിറയ്ക്കുമ്പോള്‍
കമ്പിയൊടിഞ്ഞ കറുത്ത കുട ഞാന്‍
പകുതി കീറിയ ബാഗില്‍ തിരുകാറുണ്ട്.
പിഞ്ഞിത്തുടങ്ങിയ യൂണിഫോം പിഴിഞ്ഞ്,
ഒടുവിലത്തെ കാലൊടിഞ്ഞ ബെഞ്ചിലിരിക്കാറുണ്ട്.
കഞ്ഞിപ്പുര വാതില്‍ തുറക്കുന്നതും കാത്തെന്റെ
കണ്ണുകള്‍ രണ്ടും ഏറെനേരം പായാറുണ്ട്.
ഒന്നിന്റെ മണിയൊന്നു മുഴങ്ങുമ്പോള്‍
ഉമിനീര് വറ്റിയ നാവ് കൊതിക്കാറുണ്ട്.
ക്യൂവില്‍ കാത്തുനിന്ന് ചോറ്റുപാത്രത്തില്‍
കഞ്ഞി വാങ്ങി മോന്തി കുടിക്കാറുണ്ട്.
നീളമുള്ള മുടിയിഴകള്‍ ചിലത് പലപ്പോഴും
ചൂട് കഞ്ഞിയുടെയും പയറിന്റെയുമൊപ്പം
വെന്തു തിളയ്ക്കാറുണ്ട്.
കണ്ടില്ലെന്നു നടിച്ച ഞാനവയൊക്കെ തരംതിരിച്ചു
ശ്രദ്ധയോടെ, അക്ഷമയോടെ മാറ്റാറുണ്ട്.
ചെറു കള്ളിന്റെയും പല്ലികാഷ്ടത്തിന്റെയും
എലി കാഷ്ട്ത്തിന്റെയും രുചി ഞാനെന്റെ
കഞ്ഞിയില്‍ വേര്‍തിരിച്ചു നുണയാറുണ്ട്.
ആഴ്ചയില്‍ കഞ്ഞിക്കൊപ്പം കിട്ടുമൊരു മുട്ടയ്ക്കായ്
മണിയൊന്നാകാന് പകല്‍ സമയമുന്തി നീക്കാറുണ്ട്.
മൂന്നുമണി നേരം, അര ഗ്ലാസ് വെള്ളം
തുളുമ്പിയ മധുരമില്ലാ പാലും കൊതിയുടെ ഗതിയെ
സാരമായി തകര്‍ക്കാറുണ്ട്.
ചോറ്റുപാത്രത്തില്‍ മോഷ്ടിച്ചു വെച്ചൊരു
വെന്ത മുട്ട ഞാന്‍ കാത്തിരിക്കും
അമ്മയ്ക്കായി കരുതാറുണ്ട്.
ബിരിയാണിയും കോഴിക്കറിയും
മുട്ട പൊരിച്ചതും മീന്‍ വറുത്തതും
ഗന്ധം പടർത്തുമ്പോള്‍ കണ്ണുകള്‍ നനയാറുണ്ട്.
‘പുഴുത്ത’ അരിയുടെ കഞ്ഞിക്ക്
ഇത്രയും രുചിയെങ്കില്‍ ഈ പടര്‍ത്തും
ഗന്ധങ്ങള്‍ക്ക് ഏറെ
രുചിയാകുമെന്ന് നിനയ്ക്കാറുണ്ട്.
സൗഹൃദങ്ങൾ, നിറം നോക്കി
വര്‍ഗം നോക്കി എണ്ണി തിട്ടച്ചെടുത്തി
പങ്കിടുന്ന കാലമൊത്തിരി ഞാനും കണ്ടിരുന്നു.
ഒടുവില്‍ ഇന്നിവിടെ ഈ പള്ളിക്കൂട വേദിയില്‍
നിങ്ങള്‍ക്കായി ഞാന്‍ വാക്കുകള്‍ കൊണ്ട്
ആശംസകള്‍ അറിയിക്കുമ്പോഴും
ഞാനെന്റെ പഴയ ചിത്രങ്ങള്‍ ഓര്‍ക്കുന്നു.
#malayalam #poem #literacy #reading #online #magazines #writing
