
മിത്ര
ഓർമ്മകളോടിയെത്തുന്നത്
അരിഷ്ട്ടങ്ങളുടെയും ആസവങ്ങളുടെയും
മൂക്കിലിരച്ചു കയറുന്ന
മുത്തശ്ശി മണങ്ങളിലേക്കാണ്.
ഓരോ തവണയും ചുളിഞ്ഞു പ്രായാധിക്യം
ബാധിച്ച ആ മണങ്ങളിലേക്കോടിയെത്തുമ്പോൾ
മടക്കങ്ങളിൽ കൂടെ പോരാനെന്ന വണ്ണം
ഒരു കൊച്ചു കുട്ടിയെന്ന
പോലവ വാശി പിടിക്കും.
ദ്രവിച്ച കണ്ണടക്കാഴ്ചകളിലിന്നും
മങ്ങിപ്പോയ എത്ര മുഖങ്ങളെയാണ്
അവരിന്നും ചേർത്തു പിടിക്കുന്നത്.
പുളിയിലക്കര മുണ്ടിന്റെയറ്റത്തു
പൊതിഞ്ഞുവെച്ച ചില്ലറത്തുണ്ടുകളിലേക്കു
പാഞ്ഞിരുന്ന കുട്ടിക്കാലത്തെ
മിട്ടായി മോഹങ്ങൾക്കിന്നും
ഇരട്ടി മധുരമാണ്.
കുട്ടിയാവുന്നത് മുത്തശ്ശിയുടെ
പക്കലെത്തുമ്പോഴാണല്ലോ.
ജീവിച്ചു മടുക്കുമ്പോൾ,
ഓടിയെത്താനൊരിടമില്ലാതാവുമ്പോൾ,
ഓർമ്മകളെ പെറുക്കികൂട്ടി
വീണ്ടുമൊരു യാത്ര പോവണം.
മുത്തശ്ശി കഥകളിലേക്ക് ഊളിയിടണം.
പഞ്ചതന്ത്ര കഥകളിലെ
നരിയേയും കാക്കയേയും
ഉറക്കങ്ങളിൽ കൂട്ടു പിടിക്കണം.
തലയിലമർന്ന, ഞെരമ്പുകൾ പുറന്തള്ളിയ
കൈവിരലുകളിൽ തൂങ്ങിപ്പിടിച്ചു
ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ആഴ്ന്നിറങ്ങണം.
#malayalam #poem #literacy #reading #online #magazines #writing
