റഹിമാബി മൊയ്തീൻ
തെച്ചിപ്പൂ ചോപ്പു പടർന്നോരോർമ്മയണഞ്ഞല്ലോ
ചീരാപ്പും ചൊറിയും മാറാൻ വൈദ്യരെ കാട്ടീലോ
പൂശാരി വൈദ്യര്, തേക്കാൻ എണ്ണ കുറിച്ചല്ലോ
കാച്ചെണ്ണേൽ ചേർക്കാൻ നാടൻ തെച്ചിപ്പൂവല്ലോ
അമ്മൂമ്മക്കൊപ്പം കുട്ടികൾ തെച്ചി തിരഞ്ഞല്ലോ
ഇടവഴികൾ താണ്ടി നടന്നിട്ടാകെ വലഞ്ഞല്ലോ
വാര്യത്തെ വീടിനു ചുററും തെച്ചിക്കാടല്ലോ
പൂജയ്ക്ക് ദേവനു ചാർത്താൻ മാലയ്ക്കാണല്ലോ
വർഷങ്ങൾ പോകെ പോകെയരിഷ്ടത മാറീലോ
കുട്ടികളോ വലുതായപ്പോൾ പല വഴി പോയല്ലോ
കാച്ചെണ്ണക്കാലം മെല്ലെ മറന്നു തുടങ്ങീലോ
എന്നിട്ടും ചൊറിയുണ്ടുള്ളിൽ മായാവടുവല്ലോ
ഇന്നിവിടെ ചുറ്റും കാണുണ് തെച്ചിപ്പൂവല്ലോ
ഓർമ്മപ്പൂതുമ്പികൾ വീണ്ടും പൂവിലണഞ്ഞല്ലോ
അമ്മൂമ്മേം വൈദ്യരുമിന്നീ ഭൂമിയിലില്ലല്ലോ
ഇടവഴിയും കുട്ടിക്കാലവും തിരികെവരില്ലല്ലോ
#malayalam #poem #literacy #reading #online #magazines #writing