
മനോജ് പരപ്പ
കാറ്റിലാലോലമായാടുന്ന കൊമ്പത്ത്
മഞ്ഞക്കിളിയൊരു കൂടു വെച്ചു!
വെള്ളപ്പളുങ്കിന്റെ മുത്തുകള്‍ പോലവേ
അഞ്ചാറു മുട്ടകള്‍ കൂട്ടിലിട്ടു!
ഉള്ളിലൊരായിരം സ്വപ്നങ്ങളുമായി
മഞ്ഞക്കിളിപ്പെണ്ണടയിരുന്നു
മാനം കറുക്കുന്നു, മഴ പെയ്തിറങ്ങുന്നു
തുള്ളിക്കൊരു കുടമെന്നപോലെ!
കാറ്റടിച്ചാര്‍ക്കുന്നു, മരമാകെയുലയുന്നു
പക്ഷി തന്നുള്ളം പിടഞ്ഞിടുന്നു
പ്രാര്‍ത്ഥന മുറ്റിയ കാലം കടന്നുപോയി
കാര്‍ നീങ്ങി, മാനം തെളിഞ്ഞു വന്നു!
മഞ്ഞക്കിളിയുടെ മേനിതന്‍ ചൂടേറ്റ്
മുട്ടകളെല്ലാം കിടാങ്ങളായി!
അന്തിയില്‍ അമ്പിളി തൂകും നിലാവുപോല്‍
മഞ്ഞക്കിളിപ്പെണ്ണ് പുഞ്ചിരിച്ചു!
#malayalam #poem #literacy #reading #online #magazines #writing
