കെ.സി.രാജേന്ദ്രകുമാർ,
ഏഴംകുളം
പോരുന്നോ കൂട്ടുകാരെ എന്റെ നാടിൻ
ഭംഗി ഞാൻ നിങ്ങൾക്കു കാട്ടി തരാം!
തലയാട്ടി നിൽക്കുന്ന തെങ്ങു കാണാം.
തെങ്ങിലെ കായ്ഫലം ഒന്നു കാണാം!
തെങ്ങോല തുഞ്ചത്തെ കൂടു കാണാം.
കൂട്ടിലെ കുരുവിയെ കണ്ടു പോരാം!
കതിരിട്ടു നില്ക്കുന്ന പാടം കാണാം.
കതിർ കൊത്താനെത്തുന്ന തത്തെ കാണാം!
പാടത്തിൻ അതിരിലെ ചാലു കാണാം.
ചാലിൽ കളിയ്ക്കുന്ന മീനേ കാണാം!
പൊത്തിൽ ഇരിക്കുന്ന മൂങ്ങ ഉണ്ടേ.
കൂവി പറക്കും കുയിലും ഉണ്ടേ!
കൊക്കരോ കൂവുന്ന കോഴി ഉണ്ടേ.
വെള്ള നിറമുള്ള കൊക്കും ഉണ്ടേ!
വട്ടം പറക്കും പരുന്തും ഉണ്ടേ.
കൗശലക്കാരനാം കാക്ക ഉണ്ടേ!
മുറ്റത്തെ പയ്യിനെ ഒന്നു കാണാം.
തുളസി ചെടിയൊന്നു കണ്ടു നില്ക്കാം!
മാവിലെ മാങ്ങയും പ്ലാവിലെ ചക്കയും.
മാടി വിളിച്ചങ്ങു നിന്നിടുന്നു!
അച്ചിങ്ങ തിന്നുന്ന അണ്ണാറക്കണ്ണനും
മച്ചിലുറങ്ങുന്ന പൂച്ചക്കുഞ്ഞും.
പൂഴി പറക്കുന്ന മൺ പാതയും.
ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളും.
കളകളം പാടി പതിഞ്ഞൊഴുകും
അരുവിയും നിങ്ങൾക്കു കണ്ടു പോരാം!
അമ്പലമുറ്റത്തു തണലേകി നില്ക്കുന്ന
വൃദ്ധനാം ആൽമരം ഒന്നു കാണാം!
പോരുന്നോ കൂട്ടുകാരെ എന്റെ നാടിൻ
ഭംഗി ഞാൻ നിങ്ങൾക്കു കാട്ടി തരാം.
#malayalam #poem #literacy #reading #online #magazines #writing
1 comment
നന്നായിട്ടുണ്ട്