ജോസ് പ്രസാദ്
കാട്ടിൽ വിഷുക്കണിക്കാഴ്ചയായി
പൂങ്കുലകൾ തൂക്കി കൊന്ന നിന്നു
ചോട്ടിലോ മാനുകൾ കൂട്ടു ചേർന്ന്
ഉഗ്രൻ വിഷുക്കണിയങ്ങൊരുക്കി
വെള്ളരി വെച്ചു വിളക്കു വെച്ചു
ഒരു പറ നെന്മണി കൂടെ വെച്ചു
തേങ്ങയും മാങ്ങയുമൊക്കെ വെച്ചു
ചക്ക വലുതൊന്ന് കൊണ്ടു വെച്ചു
നന്നായ്പ്പഴുത്ത കുലയും വെച്ചു
കണ്ണൻ്റെ ചിത്രവും കൂടെ വെച്ചു
കണി കാണാൻ നേരം കുഴൽ വിളിച്ചു
ഒരുപാടു കൂട്ടുകാരോടി വന്നു
കണികണ്ടെല്ലാർക്കും മനം നിറഞ്ഞു
പുതുവർഷാരംഭം കെങ്കേമമായി
വന്നവർക്കൊക്കെ വയർ നിറച്ചും
മാനുകൾ നല്ല വിരുന്നു നൽകി
കാളകൾക്കൊക്കെയും വെള്ളരിക്കാ
ആനകൾക്കൊക്കെയും വാഴപ്പഴം
നെന്മണിയൊക്കെയും പ്രാവുകൾക്ക്
പോത്തിനു നല്ല വരിക്കച്ചക്ക
സ്വാദുള്ള മൂവാണ്ടൻ മാമ്പഴങ്ങൾ
കിളികൾക്കായങ്ങു പകുത്തു നൽകി
മാനുകൾക്കൊക്കെയും നന്ദി ചൊല്ലി
ജീവികളൊക്കെ തിരിച്ചു പോയി
കർണികാരം പൂക്കും കാലമായാൽ
കാട്ടിലും വിഷുവെത്തും കൂട്ടുകാരേ!
#malayalam #poem #literacy #reading #online #magazines #writing