
സുജ ശശികുമാർ
തൂമഞ്ഞുതുള്ളി നെറുകയിൽ ചൂടി
കറുകനാമ്പുകൾ തിലകവും ചാർത്തി.
കരിമുകിൽ ചേലൊത്ത പെണ്ണവൾ
മിഴികളിൽ കരിമഷി തേച്ച്
പുലരിയിൽ ചന്തമായെത്തി
കസവു ചേലയുടുത്തു കൊണ്ടന്നവൾ.
കിലുകിലെ കിലുക്കുന്നു കങ്കണം
പാദസ്വരത്തിൻ ചിലമ്പൊലിയൊച്ചയും
കാതിനിമ്പമായ് തീരുന്നു മാത്രയിൽ.
പുലരിയെന്തേ പതിവിലും ചന്തത്തിൽ
പുതുപെണ്ണിനെ വരവേൽക്കുവാനോ?
പവനനും നൽ പുഞ്ചിരി തൂകുന്നു.
പതിവിലും ഭംഗിയേറുന്ന കാഴ്ച്ചകൾ
മിഴികളിൽ കുളിർ പകരുന്നു മെല്ലവേ..
അതുവഴി വന്ന തത്തമ്മപ്പെണ്ണോട്
മധുരമാം മൊഴി ചൊല്ലുന്നു പെണ്ണവൾ.
മധുമതിയെന്നു പേരവൾ ചൊല്ലുന്നു
ഋതുമതിയാം ചാരുശീലാവതി.
വയൽ വരമ്പിലൂടോടി മറയുന്ന
തരുണിയാമിവൾ ആരെന്നറിവീല.
പുലരിയും മെല്ലെ വഴി മാറി നിൽക്കവേ
പിന്നെയാരും കണ്ടില്ലാ തരുണിയെ.
#malayalam #poem #literacy #reading #online #magazines #writing #magazine #online
