കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം വന്നെത്തുക 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചലച്ചിത്രമാണ്. എന്നാലിത് കുട്ടികൾ മാത്രമല്ല മുതിർന്നവരും ഏറെ അത്ഭുതത്തോടും അഭിമാനത്തോടും കൂടി രണ്ടു കൈയും നീട്ടി സ്വീകരിച്ച ചിത്രം.
ഒരുപാട് പുതുമകളോടെ പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു അത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ 3D സിനിമ എന്ന ഖ്യാതിയും മൈ ഡിയർ കുട്ടിച്ചാത്തന് തന്നെയാണ്. അതിൽ മലയാളികൾക്ക് ഏറെ അഭിമാനിക്കാം.
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ ‘തച്ചോളി അമ്പു’, ആദ്യത്തെ 70mm ചിത്രമായ ‘പടയോട്ടം’ എന്നീ പുതുമകൾ നിറഞ്ഞ സിനിമകൾ നമുക്ക് സമ്മാനിച്ച നവോദയ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചത്. ജിജോ പുന്നൂസ് സംവിധാനവും നിർവഹിച്ചു. തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്. ബിച്ചു തിരുമലയുടെ ഗാനരചനയിൽ ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. എപ്പോഴും എന്തെങ്കിലും പുതുമ സിനിമയിൽ കൊണ്ട് വരണമെന്ന നവോദയയുടെ ഇച്ഛാശക്തിയിൽ നിന്നും ഉടലെടുത്ത ത്രിമാന ചിത്രമായിരുന്നു ‘മൈ ഡിയർ കുട്ടിച്ചാത്തൻ’. അത് മലയാളികൾ മാത്രമല്ല ഇന്ത്യ മുഴുവൻ കൈനീട്ടി സ്വീകരിക്കുകയായിരുന്നു. അന്ന് ഇത് ബോക്സ് ഓഫീസിൽ രണ്ടര കോടിയിൽ അധികം കളക്ഷൻ നേടിയ ചിത്രമായി മാറി.
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര ശ്രീധരൻ നായർ, അരവിന്ദ്, സോണിയ, സുരേഷ്, മുകേഷ്, ഹിന്ദി ചലച്ചിത്ര താരം ദലീപ് താഹിൽ മുതലായവർ ആണ് മുഖ്യ വേഷങ്ങളിൽ എത്തിയത്. പിൽക്കാലത്തു ഈ സിനിമ DTS സാങ്കേതിക വിദ്യയോടുകൂടി 1997 ൽ പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. അന്ന് ആദ്യമായി ആണ് ഒരു മലയാള സിനിമയിൽ DTS സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. മറ്റു ഭാഷകളിലേക്കും ഈ ചിത്രം പിന്നീട് remake ചെയ്യപ്പെട്ടു.
നമുക്ക് സംശയ ഭേദമന്യേ അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയാം – ‘ഇത് ഞങ്ങളുടെ അഭിമാനം’.
(ഈ ചിത്രത്തിലെ ഒരു ഗാനം ഇവിടെ കാണാം.)