മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
മെയ് ദിനത്തിന്റെ ചരിത്രം:
1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു ശേഷം ഷിക്കാഗോ ഒരു പ്രമുഖ നിർമ്മാണ കേന്ദ്രമായിരുന്നു. ഒരാഴ്ചയിൽ ഏതാണ്ട് അറുപത് മണിക്കൂറാണ് ജർമ്മനിയിൽനിന്നും ബൊഹീമിയയിൽനിന്നുമ്മുള്ള കുടിയേറ്റക്കാർ ജോലി ചെയ്തിരുന്നത്. മോശം തൊഴിൽസാഹചര്യങ്ങൾ തൊഴിലാളി സംഘടനകളും ഫാക്റ്ററി ഉടമകളും തമ്മിൽ പ്രശ്നങ്ങൾക്ക് കാരണമായി. 1884 ഒക്റ്റോബറിൽ തൊഴിലാളി സംഘടനകൾ 1886 മേയ് ഒന്നാംതിയതിമുതൽ ജോലിസമയം എട്ടുമണിക്കൂർ ആക്കണമെന്ന് ആവശ്യപ്പെട്ടു. ആ ദിവസം മൂന്നുലക്ഷത്തിലധികംപേർ പണിമുടക്കി. മേയ് മൂന്നാംതിയതി മക്-കോർമ്മാക്ക് ഫാക്റ്ററിയിൽ നടന്ന സമരത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചായിരുന്നു അടുത്തദിവസത്തെ റാലി.
ഹേയ് മാർക്കറ്റ് സ്മാരകം
(Image courtesy: Google.com)
മേയ് നാലാംതിയതി വൈകിട്ട് നടന്ന റാലിയിൽ ആഗസ്റ്റ് സ്പൈസ്, ആൽബർട്ട് പാർസൺസ്, സാമുവൽ ഫിയെൽഡെൻ എന്നിവർ പ്രസംഗിച്ചു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്.