നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – എട്ട്
ഒടുവില്‍, ക്വൈസിനെ സൈദിന്റെ സംരക്ഷണത്തിലാക്കി അവന്റെ ഉപ്പ ബ്രസയിലേക്ക് പുറപ്പെട്ടു. ഏതാനും അംഗരക്ഷകര്‍ മാത്രമേ, അയാളെ അനുഗമിച്ചുള്ളു.
ഏതാനും ദിവസത്തെ ക്ലേശപൂര്‍ണ്ണമായ യാത്രയ്ക്കുശേഷം അവര്‍ ബ്രസയിലെത്തി. അതിനിടയില്‍ അവര്‍ക്ക് പല തടസ്സങ്ങളേയും മറികടക്കേണ്ടതായി വന്നു. ബ്രസയില്‍ നിന്നും പിന്നേയും യാത്ര ചെയ്തു വേണം അവര്‍ താമസിക്കുന്ന ഗിരിസങ്കേതത്തില്‍ എത്തിച്ചേരാന്‍.
അതിരാവിലെ തന്നെ അവര്‍ കൊട്ടാരത്തിലെത്തി. ബ്രസ ഷെയ്ഖ് കൊട്ടാരത്തില്‍ തന്നെ ഉണ്ടായിരുന്നു. ക്വൈസിന്റെ ഉപ്പയെ കണ്ടെങ്കിലും അയാള്‍ അത്രകണ്ട് ഗൌനിച്ചില്ല. അവിടെ ഇബ്നുസലാമും സന്നിഹിതനായിരുന്നു.
“ലൈലയെ എന്റെ മകനെ വിവാഹം കഴിച്ചുതരണമെന്ന് പറയാനാണ് ഞാനിപ്പോള്‍ വന്നത്.” അല്‍പം അധികാരത്തോടെ തന്നെ അയാള്‍ പറഞ്ഞു:
“നിങ്ങള്‍ക്കിത് സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. പക്ഷേ, ഓരോന്നിന്റെയും പരിണിതഫലം എത്രയോ വ്യത്യസ്തമായിരിക്കും.”
എങ്കിലും, ലൈലയുടെ ഉപ്പയത് നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായത്.
“നിങ്ങളുടെ മകന്‍ ഒരു ഭ്രാന്തനാണെന്ന വാര്‍ത്ത ഞാനും കേട്ടു. ആദ്യം അവനെ ചികിത്സിച്ച് ഭേദമാക്കൂ. അതിനുശേഷം നമുക്ക് വിവാഹത്തെക്കുറിച്ച് ആലോചിക്കാം.” ലൈലയുടെ ഉപ്പ തറപ്പിച്ചു പറഞ്ഞു.
ആത്മാഭിമാനിയായ കൈസിന്റെ ഉപ്പയെ അത് ചൊടിപ്പിച്ചു. അയാള്‍ക്ക് വലിയ നിരാശ അനുഭവ പെട്ടു.
തന്നെ അപമാനിച്ചുവിട്ട ബ്രസ ഷെയ്ഖിനെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്തയുമായി അയാള്‍ മടക്കയാത്ര തിരിച്ചു. ഒരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആകാശത്ത് വലിയ പരുന്തുകളെപ്പോലെ ചിറകു വിരിച്ചു. “തന്നോട് കാട്ടിയ അപമര്യാദയ്ക്ക് നിശ്ചയമായും പകരം വീട്ടണം.” അയാള്‍ മനസ്സിലൂറച്ചു.
പക്ഷേ, നാട്ടിലെത്തിയപ്പോഴാണ് മകന്‍ പരിചാരകനായ സൈദുമൊത്ത് ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട കാര്യം അയാള്‍ അറിയുന്നത്. ഒരു പുണ്യപ്രവര്‍ത്തിക്ക് പോയ മകന്‍ തിരിച്ചുവരാതെ ഒരു യുദ്ധത്തിന് ഒരുങ്ങുന്നത് നല്ലതല്ല. മക്കയില്‍ നിന്നും ഹജ്ജ് കര്‍മം ചെയ്ത് തിരിച്ചു വരുന്നതും, അവിടുത്തെ സംസം കിണറ്റിലെ ദാഹജലം കുടിക്കുന്നതും ഏത് രോഗത്തിനും നല്ലതാണ്. മകന്‍ അതില്‍ നിന്നും ഫലം കിട്ടിയാല്‍ നല്ലതാണല്ലോ. അയാള്‍ വിചാരിച്ചു.
യമനിലേക്ക് തിരിച്ചുപോകാതെ മകന്‍ പോയ ഹജ്ജ് കര്‍മത്തിനായി അയാളും തിരിച്ചു. ‘യുദ്ധമെല്ലാം തിരിച്ചു വന്നിട്ട്.’ അയാള്‍ കരുതി.
ഹജ്ജ് കര്‍മ്മത്തിനായുള്ള യാത്രയിൽ വെച്ചാണ് മരുഭൂമിയില്‍ വെച്ച് ഒരു ഗോത്രവംശജനെ യമന്‍ ഷെയ്ഖ് കണ്ടത്. വീരനും ശക്തനുമായ നൌഫല്‍ ആയിരുന്നു അത്. നൌഫലിനെ യമന്‍ ഷെയ്ഖിന് പരിചയമുണ്ട്, തിരിച്ചും.
“അങ്ങയെ എനിക്ക് നന്നായറിയാം.” നൌഫല്‍ പറഞ്ഞു.
“യമനിലെ ഷെയ്ഖല്ലേ അങ്ങ്?” അവന്‍ വിനയാന്വിതനായി. “മാത്രവുമല്ല, ക്വൈസിന്റെ പിതാവാണ് അങ്ങ് എന്നും എനിക്കറിയാം.”
തെല്ലിട എന്തോ ആലോചിച്ച് മൌനിയായി. പിന്നെ ശബ്ദം അല്‍പം താഴ്ത്തി പറഞ്ഞു:
“ക്വൈസിനെ മരുഭൂമിയില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. അവന്‍ ക്ഷീണിതനും, മാനസിക വിഭ്രാന്തിയുള്ളവനുമായിരുന്നു.”
“കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായി. അവനിപ്പോള്‍ ഞങ്ങളുടെ വസതിയിലുണ്ട്. ചില ചികിത്സകളൊക്കെ നടത്തിയിട്ടുണ്ട്.”
നൌഫല്‍ തുടര്‍ന്നു; “അവന്റെ കഥകളെല്ലാം കേട്ടപ്പോള്‍ സങ്കടം തോന്നി. എത്രയോ പരിതാപകരാണത്. വേണമെങ്കില്‍, ബ്രസാ ഷെയ്ഖിനെതിരെ അങ്ങയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങ് സമ്മതം തന്നാല്‍ മതി.”
അപ്പോള്‍ ക്വൈസിന്റെ ഉപ്പ പറഞ്ഞു;
“നൌഫല്‍, താങ്കളെക്കുറിച്ച് ഞാനും ധാരാളം കേട്ടിട്ടുണ്ട്. താങ്കളുടെ ധീരകൃത്യങ്ങള്‍ ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. എന്റെ മകന്‍ താങ്കളുടെ സംരക്ഷണയില്‍ ഇരിക്കുന്നു അല്ലേ? ഹജ്ജ് കര്‍മ്മത്തിന് പരിചാരകനൊപ്പം യാത്ര പുറപ്പെട്ടതാണവന്‍. എങ്ങനെ അതിന് വിഘാതം നേരിട്ടു എന്നറിയില്ല. ഞാനും അങ്ങോട്ടേയ്ക്ക് പുറപ്പെട്ടതായിരുന്നു…”
അപ്പോഴേക്കും നൌഫലിന്റെ ശബ്ദം ഇടറി. “സത്യത്തില്‍, എന്റെ ഭടന്‍മാരെ കണ്ട് പേടിച്ച് അവന്‍ ബോധരഹിതനാവുകയായിരുന്നു. അവന്റെ ശരീരവും മനസ്സും അത്രയ്ക്ക് ലോലമായി കഴിഞ്ഞിരുന്നു. ആ അബോധാവനസ്ഥയിലും അവന്‍ ലൈലയുടെ പേര്‍ വിളിച്ചു കരയുന്നുണ്ടായിരുന്നു.”
തെല്ലിട അവര്‍ പരസ്പരം ഒന്നും ഉരിയാടാതെ നിന്നു. ഒരു ചുടുകാറ്റ് മരുഭൂമിയെ വലയം വെച്ച് അവര്‍ക്കിടയിലൂടെ കടന്നുപോയി. അവരുടെ ചെമ്പിച്ച മൂടി കാററില്‍ ഇളകി.
“നൌഫല്‍, അപ്പോള്‍ എന്താണ് താങ്കള്‍ എനിക്ക് വേണ്ടി ഉടന്‍ ചെയ്യുക?”
“താങ്കളുമായി ചേര്‍ന്ന് ബ്രസാ ഷെയ്ഖിന്റെ കൊട്ടാരത്തിലേക്ക് വീണ്ടും പോകുക. ലൈലയെ ക്വൈസിന് വിവാഹം ചെയ്തു കൊടുക്കാന്‍ പറയുക. വിസമ്മതിക്കുകയാണെങ്കില്‍, യുദ്ധം തന്നെ വഴി.” നൌഫല്‍ പറഞ്ഞു.
“ശരി. താങ്കള്‍ നാളെ തന്നെ അതിന് തയ്യാറാവുക. ബ്രസാ ഷെയ്ഖിനെ കണ്ട് കാര്യം ധരിപ്പിക്കുക: പിറകെ ഞാനുമുണ്ട്.” ക്വൈസിന്റെ ഉപ്പ നൌഫലിന് ഉറപ്പ് നല്‍കി. അവര്‍ സന്തോഷപൂര്‍വ്വം കൈ കൊടുത്ത് പിരിഞ്ഞു.
(തുടരും)