നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – മൂന്ന്
നേരം ഇരുട്ടിത്തുടങ്ങിയാല്‍ കൊട്ടാരത്തിനു ചുറ്റുമുള്ള ഉദ്യാനത്തില്‍ തികച്ചും ഏകാകിനിയായി ലൈല ഉലാത്താന്‍ തുടങ്ങും. ദിവസങ്ങള്‍ കൂടുന്തോറും അവളുടെ ഉലാത്തലിന്റെ ദൈര്‍ഘ്യവും കൂടി വന്നു. ഒരു ദിവസം സന്ധ്യയും കഴിഞ്ഞ് നല്ല നിലാവത്ത് അവള്‍ അങ്ങനെ ചുറ്റി നടക്കുകയായിരുന്നു. നടത്തം ഉദ്യാനത്തിന്റെ അതിര്‍ത്തിവരെ പിന്നിട്ടു.
അതിര്‍ത്തിക്കപ്പുറം വിജനമായ പ്രദേശമാണ്. ജനവാസമൊന്നുമില്ലെങ്കിലും ഇടതൂര്‍ന്ന മരങ്ങളാല്‍ നിബിഡമായ ഒരു പ്രദേശം. വൃക്ഷഛായകള്‍ക്കിടയിലൂടെ പൂര്‍ണ്ണചന്ദ്രന്റെ പ്രകാശധാരകള്‍ ചുറ്റിലും പടര്‍ന്നിരിക്കുന്നത് ലൈല കണ്ടു. എത്ര സുന്ദരമായ കാഴ്ചയാണ്. അവള്‍ വിചാരിച്ചു. പ്രണയം നിറഞ്ഞ ഒരു കാമുകിയുടെ മനസ്സിന് പാകമായ കാഴ്ചതന്നെ. നിലാവിന്റെ ശോണിമയാര്‍ന്ന വെളിച്ച നൂലുകള്‍ അവളുടെ മുടിയിലും, മുഖത്തും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിറക്കൂട്ട് വാരിവിതറി.
അപ്പോഴാണ് മനസ്സിലേക്ക് തോഴി പാടിയ പാട്ടിന്റെ വരികളും ആ ചുറ്റുപാടും കയറി വന്നത്. ഇതാണല്ലോ ആ പാട്ടിലെ ഇടം. ലൈല മനസ്സില്‍ പറഞ്ഞു. ഒരു നിമിഷം എല്ലാം നഷ്ടപ്പെട്ട പോലെ ഒരു മരത്തിന്റെ ചില്ലയില്‍ ചാരി അവള്‍ നിന്നു. തൊട്ടപ്പുറം ശബ്ദമിട്ട ഒഴുകുന്ന സ്ഫടികസമാന നദി. അതില്‍ മീനുകള്‍ പുളയ്ക്കുന്നത് നല്ല നിലാവില്‍ അവള്‍ കണ്ടു. എവിടെ നിന്നോ ആ പാട്ട ഒഴുകി വരുന്നതു പോലെ. അതൊരു പുരുഷശബ്ദമാണല്ലോ എന്നും അവള്‍ ഓര്‍ത്തു.
നദിയിലിറങ്ങി ഒന്നു നനഞ്ഞു നിവരാന്‍ ലൈല വല്ലാതെ കൊതിച്ചു. അവളുടെ ഉടലിലൂടെ ഒരു കുളിര് പാഞ്ഞുപോയി. കാട്ടില്‍ നിന്നും ഒരു കിളി നീട്ടിപ്പാടുന്നു. അതും ഒരു പാട്ട് തന്നെയോ? ലൈല ചെവി വട്ടം പിടിച്ചു.
പാട്ടില്‍ ലയിച്ചും പുഴയെ നോക്കിയും പൂര്‍ണനിലാവില്‍ ലൈല നിന്നു. ആ ഹൃദയമപ്പോള്‍ വല്ലാതെ രസിക്കാന്‍ തുടങ്ങി. അധികനേരം ആ വിജനതയില്‍ അവള്‍ നിന്നില്ല. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവള്‍ കൊട്ടാരത്തിലേക്ക് വേഗത്തില്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.
(തുടരും)