Kuttikalude Laila MajnuNovels

കുട്ടികളുടെ ലൈല മജ്നൂന്‍ (നോവൽ) – Part 13

നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര

അദ്ധ്യായം – പതിമൂന്ന്‌

നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അത്‌ സംഭവിച്ചത്‌. ലൈലയുടെ ജീവിതത്തിലെ ഒരു വിധിവൈപരീത്യം. ഒരു ജരബാധയെ തുടര്‍ന്ന്‌ ഇബ്നുസലാം മരണപ്പെട്ടു. ലൈല തകര്‍ന്നുപോയ നിമിഷങ്ങള്‍. എവിടേയും പിടിത്തം കിട്ടാതെ താന്‍ ഒരു വലിയ സമുദ്രത്തില്‍ ഒറ്റപ്പെട്ടുപോവുന്നതായി അവള്‍ക്ക്‌ തോന്നി.

ഈ വാര്‍ത്ത മജ്‌നൂവിന്റെ കാതിലുമെത്തി.

അവന്റെ പ്രണയം വീണ്ടും ജ്വലിക്കാന്‍ തുടങ്ങി. ബസ്രയിലെ രാജ്ഞിയായ ലൈല, ഇപ്പോള്‍ തീര്‍ത്തും സ്വതന്ത്രയാണ്‌. ഉടന്‍ തന്നെ അവന്‍ ബ്രസയിലേക്ക്‌ തിരിച്ചു.



ഭര്‍ത്താവിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന്‌ നാലരമാസക്കാലം ദുഃഖാചരണത്തിലായിരുന്നു ലൈല. അതു കഴിയുന്നതുവരെ അവളെ സമീപിക്കാന്‍ ക്വൈസ്‌ മടിച്ചു. എങ്കിലും ലൈലയുടെ സാമീപ്യത്തിലേക്ക്‌ എത്രയും പെട്ടെന്ന്‌ എത്തിച്ചേരുക എന്നതായിരുന്നു അവന്റെ വിചാരം. അതിനുള്ള മുഹൂര്‍ത്തം വന്നണയുന്നതും കാത്ത്‌ അവന്‍ ക്ഷമകെട്ട് കാത്തിരുന്നു.

ഇതിനിടെ ലൈലയില്‍ നിന്നുള്ള ചില സന്ദേശങ്ങള്‍ സൈദ്‌ ക്വൈസിന്‌ എത്തിച്ചു കൊടുക്കുന്നു ണ്ടായിരുന്നു.

ഒരിക്കല്‍ അവന്‍ ലൈലയ്ക്ക്‌ എഴുതി;
“നാളെ, ഉച്ചതിരിഞ്ഞ്‌ ഞാന്‍ കൊട്ടാരത്തിലേക്ക്‌ വരും. നിനക്കതിന്‌ തരപ്പെടുമോ എന്നെനിക്കറിയില്ല. നീ, വിശദമായി അറിയിക്കുമല്ലോ.”

അവള്‍ അവനെഴുതി:
“നമ്മുടെ ആ പഴയ പ്രണയസങ്കേതത്തില്‍ ഞാന്‍ വരും. ഇന്ന്‌ സന്ധ്യാ സമയത്തിന്‌ ശേഷം.”
അന്ന്‌ സൂര്യാസ്തമയം കഴിഞ്ഞ്‌ രണ്ടു നാഴിക പിന്നിട്ടപ്പോള്‍ ആ പ്രണയസങ്കേതത്തില്‍ ക്വൈസ്‌ പാഞ്ഞെത്തി. എന്നിട്ട ലൈലയുടെ ആഗമനവും കാത്ത്‌ അവനവിടെ ഇരിപ്പ്‌ തുടര്‍ന്നു.

ചന്ദ്രൻ പ്രകാശിച്ചിരുന്നില്ല. മൂടുപടമെടുത്തെറിഞ്ഞ്‌ ലൈല കൊട്ടാരത്തില്‍ നിന്നും പുറത്തേക്കിറ ങ്ങി. നക്ഷത്രങ്ങളുടെ അരണ്ട വെളിച്ചം, ആ ഉദ്യാനത്തെ മനോഹരമാക്കി.

അവള്‍ നടന്നും, ഓടിയും കാമുക സന്നിധിയിലേക്ക്‌ കുതിച്ചു. പ്രയാണം തുടരുന്തോറും അവളുടെ ഹൃദയം വല്ലാതെ തുടിക്കാന്‍ തുടങ്ങി. ശ്വാസോച്ഛാസം ദ്രുതഗതിയിലായി.

ഉദ്യാനത്തിന്റെ അതിര്‍ത്തിയില്‍, വനത്തിലേക്ക്‌ പ്രവേശിക്കേണ്ടയിടത്ത്‌ അവള്‍ ചെന്നു നിന്നു. മാറില്‍ കൈകോര്‍ത്തുപിടിച്ച്‌ അല്‍പനേരം ലൈല അവിടെ നിന്നു. കിതപ്പ്‌ കെട്ടടങ്ങുകയും, ശ്വാസം നേരെയാവുകയും ചെയ്തപ്പോള്‍ അവള്‍ പുഴക്കരയിലേക്ക്‌ നീങ്ങി. അവള്‍ക്ക്‌ ഏറെ പരിചിതവും പ്രിയപ്പെട്ടതുമായ ആ നദീതടം. രാത്രിയിലും അതില്‍ പരല്‍മീനുകളുടെ നൃത്തം. സ്വച്ഛന്ദമായ ഒഴുക്ക്‌.

സാവധാനം മരങ്ങള്‍ക്കിടയില്‍ നിന്ന്‌ ക്വൈസ്‌ ഇറങ്ങിവന്നു. ലൈലയെ കണ്ടതും അവന്‍ ആവേശത്തോടെ അവളെ കരവലയത്തിനുള്ളിലാക്കി. സ്നേഹവായ്പോടെ അവളെ ഉമ്മവെച്ചു.

“ലൈല, എത്ര കാലമായി ഈ സമാഗമത്തിന്‌ ഞാന്‍ കൊതിക്കുന്നു.”



അവന്റെ കൈകള്‍ ഒന്നുകൂടി മുറുകി. ലൈലയില്‍ നിന്നും നേര്‍ത്ത ഞരക്കം ഉതിര്‍ന്നുവിണു.

“പ്രിയനേ, ഞാനും കൊതിക്കുകയായിരുന്നല്ലോ.” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. നിത്യാനന്ദ മായ ഒരു സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ അവര്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി.

ലൈലയുടെ ചുംബനത്തിന്റെ പേലവമായ ഒരു നിമിഷത്തില്‍ ക്വൈസിന്റെ പ്രജ്ഞ നിശ്ശേഷം ഇല്ലാ തായി. ഈ നേരം ബോധരഹിതയായി ലൈല പുഴക്കരയിലേക്ക്‌ വീണു. അവളെ തീര്‍ത്തും കയ്യൊ ഴിഞ്ഞ്‌ അവന്‍ മരുപ്പറമ്പിലൂടെ യാതൊരു ലക്ഷ്യവുമില്ലാതെ ഓടിക്കൊണ്ടിരുന്നു. ആ ഓട്ടത്തിനിടെ അവന്‍ “ലൈലാ, ലൈലാ” എന്ന്‌ ഒരു ഭ്രാന്തനെപ്പോലെ അലറി വിളിക്കാന്‍ തുടങ്ങി.

ആ ഓട്ടം ദൂരെ മരുഭൂമിയിലൊരിടത്ത്‌ അവസാനിച്ചു. ബോധം നശിച്ച്‌ ക്വൈസ്‌ അവിടെ തളര്‍ന്നു വീണു.

പിറ്റേന്ന്‌ സൈദ്‌ അവനെ കണ്ടെത്തി. വേണ്ട ചികില്‍സകളെല്ലാം ചെയ്തുനോക്കിയെങ്കിലും ഒരു ഫലവും കണ്ടില്ല. വേദനകള്‍ തിന്ന നാളുകളിലൊന്നും കിട്ടാത്ത ചിത്തഭംശം സന്തോഷത്തിന്റെ വേളയിലാണ്‌ അവന് കിട്ടിയത്‌. വിധിവൈപരീത്യം തന്നെ. അത്‌ അവനെ തീര്‍ത്തും ഭ്രാന്തനാക്കി മാറ്റി എന്ന്‌ പറയുന്നതാവും നേര്.

ബോധരഹിതയായി നിലയറ്റ്‌ വീണ ലൈല ക്വൈസിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്‌ ഉണര്‍ന്ന ത്‌. അവന്റെ “ലൈലാ വിളി” അകലങ്ങളില്‍ നിന്നുപോലും അവള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. അവള്‍ക്ക്‌ ഒരു കാര്യം തീര്‍ച്ചയായി. തന്റെ മജ്നു ഭ്രാന്തനായിക്കഴിഞ്ഞിരിക്കുന്നു.

അടക്കാന്‍ വയ്യാത്ത ഹൃദയവേദനയോടെ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി.

(തുടരും)

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More