അനിൽ മണ്ണത്തൂർ
കടല്‍ നല്ല ശാന്തമാണ്. നേര്‍ത്ത തിരമാലകള്‍, ഇളം കാറ്റ്, കച്ചവടകാരും, ഓടി കളിക്കുന്ന കുട്ടികളും, സല്ലപിക്കുന്ന ദമ്പതികളും, കാമുകി കാമുകന്‍മാരും അകലെ കൊച്ചു വള്ളങ്ങള്‍, മീന്‍ കച്ചവടക്കാരുടെ ശബ്ദത്തില്‍ ഉള്ള ലേലം വിളികളും.
രാഘവന്‍ ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു. ഐസ്സീമും കടലയുമായ് കച്ചവടക്കാരുടെ വേഷത്തില്‍ കൊച്ചുകുട്ടികള്‍. പല നിറത്തിലുള്ള പക്ഷികള്‍, അതില്‍ ദേശാടന കിളികളുമുണ്ടെന്ന് തോന്നുന്നു.
ചാലിയാര്‍ പുഴയും കടലുണ്ടി പുഴയും അറബികടലുമായ് ചേരുന്ന ചാലിയം ബീച്ചില്‍ സൂര്യാസ്തമയത്തിന്റെ സൌന്ദര്യവും കണ്ട് രാഘവന്‍ ആഹ്ളാദത്തിന്റെ ലഹരിയിലായിരുന്നു.
അവന്‍ അകലെ നില്‍ക്കുന്ന സലീജ സിസ്റ്ററെ മാടി വിളിച്ചു.
“എനിക്ക് ഒന്ന് വെള്ളത്തിലിറങ്ങണം.”
“വേണോ?”
“വേണം വേണം,” അവന്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലെ വാശി പിടിച്ചു.
സിസ്റ്ററും, ശിഹാബും, ഫസല്‍ മാഷ്ടം ചേര്‍ന്നവനെ വില്‍ചെയറില്‍ നിന്നിറക്കി. പതുക്കെ വെള്ളത്തിലേക്കിറക്കി കാലിലേക്ക് നനവ് പടര്‍ന്ന് കയറിയപ്പോള്‍ അവന്‍ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി. അവര്‍ മുപ്പത്തിമൂന്ന് കിടപ്പുരോഗികളാണ് ചാലിയം മണല്‍തീരത്തിരുന്ന് അര്‍മാദിക്കുന്നത്. രാഘവനെ പോലെ അവരില്‍ പലരും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകം കാണുന്നത്.
നാലാം തരത്തില്‍ പഠിക്കുമ്പോഴാണ് രാഘവന് പോളിയോ വന്ന് വീല്‍ചെയറിലായത്. വീട്ടിലെ കുട്ടികളും മുതിര്‍ന്നവരും വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ വിനോദയാത്രക്ക് പോകബോള്‍ രാഘവന്റെ മനസ്സിലെ വിങ്ങല്‍ അവരാരും ശ്രദ്ധിച്ചതേയില്ല. എന്നും വീട്ടിലെ മൂലയിലിരുന്ന് ശബരിമലയും, ഗുരുവായുരും, തേക്കടിയും മറ്റും പോകുന്നത് അയാള്‍ മനസ്സില്‍ കണ്ടിരുന്നു.
ഈ അമ്പത്തിനാലാം വയസ്സിലാണ് പുറത്തിറങ്ങാനുള്ള ഭാഗ്യം ലഭിച്ചത്. നാട്ടിലെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകളാണ് അതിന് അവസരം ഒരുക്കിയത്. വീട്ടില്‍ നിന്ന് കിട്ടിയ പോക്കറ്റ് മണിയും, പഴയ സാധനങ്ങള്‍ വിറ്റ് കിട്ടിയ പണവും, പുസ്തക ചലഞ്ച് വഴിയുമാണ് അതിനാവശ്യമായ പണം അവര്‍ കണ്ടെത്തിയത്. ചില കുട്ടികള്‍ മിഠായി ഉപേക്ഷിച്ചു, ഉച്ച ഭക്ഷണത്തിന്റെ പണം പോലും അതിന് മാറ്റിവെച്ചവരുണ്ട്.
അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഞ്ചായത്ത് മെമ്പറും പാലിയേറ്റീവ് സമിതിയും സര്‍ക്കാര്‍ ബസ്സൂമായ് ചേര്‍ന്ന് രാഘവനെയും കൂട്ടുകാരെയും പുറംലോകം കാണിക്കാന്‍ കൊണ്ട് വന്നത്.
നാട്ടിലെ പാലം, വയലുകള്‍ എല്ലാം കണ്ട ബസ്സിലെ യാത്ര ഒരനുഭവം തന്നെ. ഡോക്ടറുടെ പാട്ട്, എഴുനേല്‍ക്കാന്‍ കഴിയാത്ത ജമീലാത്തയുടെ മാപ്പിള പാട്ട്, ഓ എന്തൊരനുഭവം.
സലീജ സിസ്റ്ററും, ശിഹാബ് ഡ്രൈവറും ഓരോരുത്തരെയും പ്രത്യേകം ശ്രദ്ധിക്കുന്നത് കാണാം. ചാലിയത്തെ ജങ്കാറില്‍ നിന്ന് പുഴയിലേക്ക് നോക്കുമ്പോള്‍, മടങ്ങാനുള്ള സമയമായല്ലോ എന്നോര്‍ത്തപ്പോള്‍ രാഘവനറിയാതെ വിതുമ്പിയത് അവന്‍ മാത്രേമേ അറിഞ്ഞുള്ളൂ.