ഷമ്മാസ് വി. പാലയിൽ
അന്നാണ് സക്കീർ ആ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടത്.!
തന്റെ പ്രിയ കാമുകി നാലാം നിലയിലെ 58 ആം സെല്ലിൽ…
അതും തന്റെ തൊട്ടപ്പുറത്തെ സെല്ലിലും…
കാമുകിയായ ഫാത്തിമയെ അവൻ ഇതുവരെ കണ്ടിട്ടില്ല. എങ്കിലും രാത്രിയിലെ പൂർണ്ണ ചന്ദ്രനവരെ ബന്ധിപ്പിച്ചു. ഇരുവരോടും ചിരിച്ചു.
ഇരുവരും തന്റെ പ്രണയ ലോകത്ത് വിരാജിച്ചിരിക്കുകയാണ് മിക്കപ്പോഴും. ഓരോ ദിവസവും തന്റെ പരോളിന് കത്തിരിക്കുന്ന ഇരുവർക്കും ഇതുവരെ ഭാഗ്യം തുണച്ചിട്ടില്ല.
അങ്ങനെയിരിക്കെ ഒരിക്കൽ തന്റെ മുറി പരിശോധിക്കാൻ വേണ്ടി വന്ന പാറാവുകാരനോട് അവൻ ചോദിച്ചു: “ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീ 58ാം മുറിയിൽ ഉണ്ടോ?”
അപ്പോൾ അയാൾ പറഞ്ഞു: “അവിടെ ഒരു സ്ത്രീ ഉണ്ട്. പേര് എനിക്കറിയില്ല. പക്ഷെ എന്നും എന്തോ ഒന്ന് ആലോചിച്ചു അവൾ നടക്കുന്നത് കാണാം. എന്നിട്ട് ജനലിന്റെ ചുമരിൽ തലയിടിക്കും. എന്താണെന്ന് അറിയില്ല. സങ്കടം വല്ലതും ഉണ്ടാവും.”
പാറാവുകാരൻ തിരിച്ച് നടന്നു. പാറാവുകാരൻ പറഞ്ഞപ്പോൾ സക്കീർ അവന്റെ കസേരയിൽ ഇരുന്ന് ചിന്തയിലാണ്ടു. എത്ര അലോചിച്ചിട്ടും ഇതങ്ങനെ സംഭവിച്ചു എന്ന് അവൻ പിടിക്കിട്ടിയില്ല. എന്താണവളെ അലട്ടുന്നതെന്നായിരുന്നു അവൻ ചിന്തിച്ചത്.
തന്റെ പ്രിയതമ ഇത്ര ദുഖത്തിലാഴുമ്പോൾ തനിക്കെങ്ങനെ ഇവിടെ സമാധാനത്തിലിരിക്കാൻ കഴിയും? അല്ല….! താൻ സമാധാനത്തിലാണോ?
ഇന്ന് ഉച്ച ഭക്ഷണശേഷം അവളുടെ മുറിയിലേക്ക് എങ്ങനെയേലും എത്തണം. പ്രശ്നങ്ങൾ ചോദിക്കണം. പ്രശ്നങ്ങളുടെ ജയിലിൽ ഞാനവളുടെ ശാന്തി ദൂതനാവും. അയാൾ കരുതി.
അവൾ മെലിഞ്ഞ് കാണുവോ? എങ്ങനെ അവളും ഇവിടെയെത്തി? ഞാൻ ഇവിടെയുണ്ടെന്ന് അവളറിയുമോ? പല ചിന്തകൾ കടന്ന് കൂടി.
അങ്ങനെ സമയം അടുത്തു. അവന്റെ ഹൃദയം ശക്തിയായി ഇടിക്കാൻ തുടങ്ങി. അവളെ കാണുന്ന സന്തോഷത്തിൽ അവൻ മതിമറന്ന് ഇരിക്കുമ്പോഴാണ് അവൻ സമയം നോക്കിയത്. ഉടനെ അവൻ അവളുടെ മുറിയിലേക്ക് പോവാനായി കാലെടുത്തു വെച്ചതും ഏതോ ആംബുലൻസ് നിർത്തുന്നതും പെട്ടെന്ന് ഓടിയകലുന്നതും അവൻ കണ്ടു.
അടുത്തുള്ള പാറാവുകാരനോട് അവൻ ചോദിച്ചു: “എന്താണ്?”
പാറാവുകാരൻ പറഞ്ഞു: “58 ലെ സ്ത്രീക്ക് എന്തോ പറ്റിയിട്ടുണ്ട്. ആംബുലൻസിലാണ്. വളരെ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്.”
ഇത് കേട്ടതും സക്കീർ ഞെട്ടിത്തരിച്ചിരുന്നു. അവൻ വ്യസനത്തോടെ നെടുവീർപ്പിട്ടു. കണ്ണു കലങ്ങി കണ്ണുനീർ ധാര ധാരയായി ഒഴുകി. ഒരു പാട് കാലത്തെ ആ പ്രതീക്ഷ കൈയകലം നഷ്ട്ടപ്പെട്ടപ്പോൾ ആകെ തകർന്നുപോയി അവൻ. ആംബുലൻസ് പോയിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അവൻ അവിടെ നിന്ന് പോരാൻ കൂട്ടാക്കിയില്ല. അവിടെ ഫാത്തിമയുടെ ആ പരിമളം വീശുന്നുണ്ടായിരുന്നു.
ദൈവം വിധിച്ചത് ഇതായിരിക്കും എന്ന് ഓർത്ത് വിതുമ്പി കൊണ്ട് അവൻ പറഞ്ഞു: “ജീവിതം അല്ലെങ്കിലും ഇത്രേ ഉള്ളൂ. ഒരുമിക്കേണ്ടവർ ഒരിമിക്കില്ല…!”
ഇത് പറഞ്ഞുകൊണ്ട് അവൻ മറിഞ്ഞുവീണു. പൂർത്തിയാക്കാനാവാത്ത ബാക്കി വാചകം മരണത്തിന് ഒരുമിപ്പിക്കാൻ സാധിക്കും എന്നാവും.
ഇരുവരും ഇനി സ്വർഗ്ഗത്തിൽ ഒരുമിക്കട്ടെ.