സുജ ശശികുമാർ
സായന്തനത്തിന്റെ മടിത്തട്ടിലിരുന്ന് പതിവുപോലെ അയാൾ കഥയെഴുതുകയാണ്. കഥയുടെ ക്ലൈമാക്‌സിലെത്താനായതിനാൽ തലയ്ക്കു ചൂടുപിടിച്ച് ഗാഢമായ ചിന്തയിലാണ്ട എഴുത്താണ്.
ശുഭ ചായയുമായി കുറേ നേരമവിടെ നിന്നു. പിന്നീട് ക്ഷമകെട്ട് അവൾ പറഞ്ഞു.
“ദേ, മനുഷ്യാ, കുറേ നേരമായി ഞാനീ ചായയും കൊണ്ട് മുന്നിൽ നിൽക്കുന്നു. നിങ്ങളെന്നെ കണ്ടതാണല്ലോ എന്നിട്ടും കണ്ട ഭാവം നടിക്കാതെ ഒരെഴുത്ത്.” അവൾ ദേഷ്യ ഭാവത്തിൽ പറഞ്ഞു.
“അല്ലെങ്കിലും ഈയിടെയായി ലേശം പ്രണയം കൂടുതലാ… ഞാനറിയുന്നില്ലാന്നു കരുതണ്ടാ. എന്റെ ഭഗവാനേ, ഞാനാരോടാ ഇത്രേം നേരം പറഞ്ഞത്? പ്രതിമ കണക്കെ ഇരിക്കുന്നു.”
ശുഭ ചായയും കൊണ്ട് തിരിച്ചു പോകാനൊരുങ്ങവേ അഭിറാം തലപൊക്കി,
“അതവിടെ വെച്ചിട്ടു പോടീ…”
അവളൊന്നു തിരിഞ്ഞു നോക്കി. ഒരു നെടുവീർപ്പോടെ ചായ അവിടെ വെച്ച് അടുക്കളയിലേക്കു നടന്നു.
‘ഈശ്വരാ, ഈ മനുഷ്യന് എഴുത്തിനോടാണല്ലോ സ്നേഹം. ഈയിടെയായി ഫെയ്സ് ബുക്കിലും, വാട്സ്ആപ്പിലും ആരാധികമാർ കൂടുന്നുണ്ട്. ഞാൻ കണ്ടില്ലെന്നാ വിചാരം. വീട്ടിൽ സ്നേഹം അഭിനയിക്കാൻ കൂടി അറിയാത്തമരങ്ങോടനായ ഇയാളെങ്ങനെ പ്രണയത്തെക്കുറിച്ച് ഇത്രയും മനോഹരമായി എഴുതിവിടുന്നു? അത്ഭുതം തന്നെ. അപ്പോ, ഇയാളുടെ മനസ്സിൽ പ്രണയം ഉണ്ട്. ആരെയോ ഇയാൾ ഞാനറിയാതെ പ്രണയിക്കുന്നുണ്ടാവും.’
അവൾ ചിന്തയിലാണ്ടു നിന്ന് കുക്കറിൽ വെച്ചതോരൻ കരിഞ്ഞു മണം വന്നു.
ഉമ്മറത്തിരുന്ന് എഴുത്തിലാണ്ട അഭി റാം നാസിക തുളച്ചുകയറിയ കരിഞ്ഞ മണമന്വേഷിച്ചെത്തി.
ശുഭ സാരിത്തലപ്പും പിടിച്ച് ചുമരിൽ ചാരി ചിന്തയിലാണ്ടു നിൽക്കുന്നു.
“ശുഭേ…” അഭിറാമിന്റെ ഉച്ചത്തിലുള്ള വിളിയിൽ അവൾ ഒരു ഞെട്ടലോടെ ഉണർന്നു!
“മും എന്താ? ഓ.. നിങ്ങളെഴുന്നേറ്റോ… ഭാഗ്യം.”
“പിന്നല്ലാതെ, ഈ കുക്കർ കത്തിക്കരിഞ്ഞിടും നീയറിഞ്ഞില്ല? എന്താ നിനക്കിത്ര ചിന്തിക്കാൻ മാത്രം?”
അയാൾ ദേഷ്യപ്പെട്ടു.
“അല്ലേലും നിനക്ക് ഇത്തിരി കൂടുന്നുണ്ട്, കുട്ടിയാന്നാ വിചാരം.”
“നിങ്ങൾക്കെന്നെക്കുറിച്ച് വല്ല ചിന്തയും ഉണ്ടോ?”
ഒരു ദിവസം രാവിലെ അഭി കുളിയ്ക്കാൻ കയറിയ നേരത്ത് ഒരു കോൾ വന്നു.
അയാൾ എഴുതിയ പ്രണയ കഥയിലെ പ്രണയിനിയാണത്രേ. അങ്ങനെയാ അവൾ പറഞ്ഞത്. എന്തൊരു ശൃംഗാരം നിറഞ്ഞ സംസാരം. ശുഭ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.
പിന്നീടവൾ വോയ്സ് ഇട്ടത് കേട്ടു. ‘ഇവൾക്ക് ശരിയ്ക്കും അഭിയോട് പ്രണയമാണോ?
എന്നെ അഭി ചതിക്കയാണോ? ഇന്നതു ചോദിച്ചിട്ടു തന്നെ കാര്യം.’
ശുഭമുഖം വീർപ്പിച്ച് അഭി കുളിച്ചു വരുന്നതുംകാത്തു നിന്നു.
“നിങ്ങൾക്കെത്ര പ്രണയിനികൾ ഉണ്ട്?” അവളുടെ പെട്ടെന്നുള്ളചോദ്യത്തിനു മുന്നിൽ അഭി പകച്ചു നിന്നു.
“നോക്കൂ, ശുഭ ഞാനൊരു എഴുത്തുകാരനാ. എന്നെ പലരും പ്രണയിക്കുന്നുണ്ടാവാം, സ്നേഹവും, ബഹുമാനവും കൊണ്ട് അവർ വിളിക്കുകയും ചെയ്യും. പക്ഷേ എനിക്കാരോടും ഇന്നു വരെ ഒരു വികാരവും തോന്നിയിട്ടില്ല. നീ എന്നെ സംശയിക്കണ്ടാ.” അഭി ശുഭയെ ചേർത്തു പിടിച്ചു പറഞ്ഞു.
“നീയാണു കാന്താരീ… എന്നു പ്രണയിനി. നീ മാത്രം. എനിക്കു നീ മതി.”
ശുഭയ്ക്ക് ആനന്ദക്കണ്ണുനീർ നിയന്ത്രിക്കാനായില്ല. ഒടുവിലവൾ പൊട്ടിക്കരഞ്ഞു.
അങ്ങനെ അവൾ അഭിയുടെ അഭിരുചികളെയും ഇഷ്ടപ്പെടാൻ തുടങ്ങി. പ്രത്യേകിച്ച് അഭിയുടെഎഴുത്ത് അവൾ ഒരു പാടിഷ്ടത്തോടെ ചേർത്തു നിർത്തി. തന്റെ പൊട്ട മനസ്സിനെ അവൾ ശപിച്ചു.
ഓരോ പകലിരവിലും അവർ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പുതിയ പ്രണയകഥകൾ രചിച്ചു. അഭി പ്രണയ കഥകളുടെ തോഴനായി. സാഹിത്യ ലോകം കീഴടക്കി.