സുജ ശശികുമാർ
അയാൾ ലോകംമുഴുവൻ അറിയപ്പെടുന്ന ഒരു നടനും, സാമൂഹ്യ സേവകനുമായിരുന്നു. നാട്ടിലും വീട്ടിലും എല്ലാം എന്തിനും ഏതിനും എത്തുന്ന നന്മയുള്ള നിറസാന്നിധ്യം.
കാലങ്ങൾക്കിപ്പുറം ഗ്ലാമറെല്ലാം നഷ്ടപ്പെട്ട് സിനിമയൊന്നും ചെയ്യാതെയായി. അല്ല, അയാളെത്തേടി ആരും എത്താതെയായി എന്നു പറയുന്നതാവും ശരി. ആയ കാലത്ത് പണമുള്ളപ്പോൾ ചക്കയ്ക്കു ചുറ്റും വരുന്ന ഈച്ചകളെ പോലെ ആയിരുന്നു ജനപ്രവാഹം. എന്നാൽ പിന്നീടങ്ങോട്ട് അവസ്ഥ മാറി.
“പണമില്ലാത്തവൻ പിണം” എന്നതായി കാര്യം.
മക്കൾ ചിലവു വഹിക്കുന്നതിന്റെ കണക്കു പറച്ചിലും തമ്മിലുള്ള വഴക്കും കേട്ട് മനസ്സുമടുത്ത് അയാൾ സ്ഥലവും വലിയ വീടും മക്കളേയുംഎല്ലാം ഉപേക്ഷിച്ച് ഒരു ദിവസം അപ്രത്യക്ഷനായി. അയാളെ ആരും അന്വേഷിച്ചില്ല.
വർഷങ്ങൾക്കു ശേഷം പത്രത്തിൽ ഒരു പഴയ കാല ഫോട്ടോ കണ്ട് അയാൾ ഞെട്ടി!
‘അച്ഛാ… തിരിച്ചു വരിക, ഒരു കയ്യൊപ്പിന്റെ ആവശ്യമുണ്ട്.’
ഒരു നിമിഷം തന്റെ മക്കളെയോർത്ത് അയാൾ ലജ്ജിച്ചു.
‘ഇതായിരുന്നവരുടെ വിലയിട്ടസ്നേഹം. സിനിമാനടനായിരുന്നപ്പോൾ ആരാധകർ എത്ര പേരാ
എന്റെ കയ്യൊപ്പിനായി കാത്തുനിന്നത്. ഇന്നിതാ എന്റെ മക്കളെന്നെ ഒരു കയ്യൊപ്പിനായി
കാത്തു നിൽക്കുന്നു. എന്തൊരു സ്വാർത്ഥരായ മക്കൾ. അവർക്ക് എന്നെയല്ല എന്റെ സ്വത്തു വേണം.’
ഇതാണിന്നത്തെ കപടതയുടെ മുഖം മൂടിയണിഞ്ഞ ലോകം. നാം തിരിച്ചറിയാതെ പോയ കാലം.
ഗുണപാഠം: ഇതാണ് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പറയുന്നത്.