മഹേശൻ കാവനാട്
ചിങ്ങമാസത്തിലെ തിരുവോണത്തിന് മുമ്പായി ഓരോണം കൂടിയുണ്ട്. പിള്ളേരോണമെന്ന് കൂട്ടുകാർ കേട്ടിട്ടുണ്ടോ? കുട്ടികൾക്ക് വേണ്ടി ഇങ്ങനെയും ഓരോണമുണ്ടെന്ന് ഇന്നത്തെ തലമുറയിലെ എത്ര പേർക്കറിയാം. കർക്കടക മാസത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്.
ഓണം മഹാബലിയുമായി ബന്ധപ്പെട്ടതാണെങ്കിൽ പിള്ളേരോണം മഹാവിഷ്ണുവിന്റെ ബാലരൂപ അവതാരമായ വാമനനുമായി ബന്ധപ്പെട്ടതാണെന്ന വിശ്വാസവമുണ്ട്.
അതുകൊണ്ടാകാം പിള്ളേരോണം എന്നറിയപ്പെടുന്നത്. ഓണം പോലെ വലിയ ആഘോഷങ്ങളില്ലെങ്കിലും നാടൻ കളികൾ കളിച്ചും നാടൻ പാട്ടുകൾ പാടിയും സദ്യ ഉണ്ടാക്കിയും ഉണ്ണിയപ്പം പോലെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തും കുട്ടികളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഈ ദിവസം മുതിർന്നവർ ചെയ്യാറുണ്ട്.
കുട്ടികളുടെ സന്തോഷത്തിൽ പങ്കു കൊണ്ട് മുതിർന്നവരും സന്തോഷത്തിലാവും. മുതിർന്നവരും കുട്ടികളും അടുത്തുള്ള കൂട്ടുകാരും സ്നേഹം പങ്കിടുന്ന ഒരു ദിനമാണ് പിള്ളേരോണം.
പണ്ട്കാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതലാണ് തുടങ്ങിയിരുന്നത്. ഇന്ന് കുട്ടികളും മുതിർന്നവരും തമ്മിലുള്ള അടുപ്പത്തിന് അകലം കൂടിക്കൊണ്ടിരിക്കുന്നതിനാൽ അതിന് പരിഹാരമായി അടുത്ത വർഷം മുതൽ കൂട്ടുകാർ പിള്ളേരോണം ആഘോഷിച്ചും മുതിർന്നവർ അതിന് പ്രോത്സാഹനം നൽകിയും ആ നല്ല നാളുകൾ നമുക്ക് തിരിച്ചുകൊണ്ടു വരാം.