Articles

ബാലസാഹിത്യത്തിൽ ചുവടുറപ്പിച്ച് ജോസ് പ്രസാദ് മാഷ്!

മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് “മണിച്ചെപ്പിന്റെ എഴുത്തുകാർ”. മണിച്ചെപ്പിന്റെ തുടക്കം മുതൽ നിരവധി രചനകൾ സമ്മാനിച്ച ജോസ് പ്രസാദിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കുട്ടികൾക്കു വേണ്ടിയുള്ള ആനുകാലികങ്ങൾ വായിക്കുന്നവർക്കെല്ലാം സുപരിചിതമായ പേരാണ് ജോസ് പ്രസാദിൻ്റേത്. 2009 മുതൽ ബാലപ്രസിദ്ധീകരണങ്ങളിൽ രണ്ടായിരത്തിലേറെ രചനകളാണ് അദ്ദേഹത്തിൻ്റെതായി പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത്. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ നീർച്ചാൽ എന്ന സ്ഥലത്താണ് ജോസ് പ്രസാദിൻ്റെ വീട്. തൊട്ടടുത്ത എൻമകജെ പഞ്ചായത്തിലെ ഏൽക്കാന എ ജെ ബി സ്കൂളിൽ അദ്ദേഹം പ്രൈമറി സ്‌കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു.

ഇടത്തു നിന്ന് – ജോസ് പ്രസാദ്, ഇ ജിനൻ, ജോസ് ഗോതുരുത്ത്, സിപ്പി പള്ളിപ്പുറം, ചന്തിരൂർ താഹ



കൊച്ചുകുട്ടികളുമായി മുപ്പതു വർഷത്തോളമായുള്ള ഈ സഹവാസമാണ് ജോസ് പ്രസാദിനെ ബാലസാഹിത്യ രംഗത്ത് സജീവമായി നിലനിർത്തുന്നത്. കുട്ടികളുടെ ബോറടി മാറ്റാൻ ക്ലാസ്സ് മുറിയിൽ വെച്ച് പെട്ടെന്നുണ്ടാക്കുന്ന കഥ കളും പാട്ടുകളും ക്ലിക്കായതോടെ അവയിൽ ചിലത് അദ്ദേഹം കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു കൊടുക്കുകയായിരുന്നു. ബാലപ്രസിദ്ധീകരണങ്ങൾ അവ ഏറ്റെടുത്തതോടെ അദ്ദേഹത്തിൻ്റെ രചനകൾ തുടർച്ചയായി അച്ചടിച്ച് വരാൻ തുടങ്ങി. ഇപ്പോഴും പുതിയ ഒരു കഥയോ കവിതയോ എഴുതിയാൽ സ്വന്തം ക്ലാസ്സ് മുറിയിലെ കുട്ടികൾക്കാണ് അദ്ദേഹം അത് ആദ്യം പറഞ്ഞു കൊടുക്കാറ്. കുട്ടികൾ സ്വീകരിച്ചവ മാത്രമേ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു കൊടുക്കാറുള്ളൂ.

ബാലരമ, ബാലഭൂമി, കളിക്കുടുക്ക, മിന്നാമിന്നി, തത്തമ്മ, കുട്ടികളുടെ ദീപിക, കുരുന്നുകൾ, മണിച്ചെപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോസ് പ്രസാദിൻ്റെ രചനകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. യുറീക്ക, തളിര് തുടങ്ങിയ ബാലമാസികളും അദ്ദേഹത്തിൻ്റെ രചനകൾ വരാറുണ്ട്.

എഴുത്തു ജീവിതത്തിൻ്റെ തുടക്കത്തിൽ കഥകളും കവിതകളും മാത്രം എഴുതിയിരുന്ന അദ്ദേഹം കോവിഡ് കാലത്ത് മൂന്ന് ബാലസാഹിത്യ നോവലുകൾ എഴുതി പൂർത്തിയാക്കി. ‘ഡോക്‌ടർ ചിയോ’ എന്ന നോവൽ ചന്ദ്രിക ആഴ്ചപ്പതിപ്പിലും ‘ഭരത് മൂസയുടെ സാഹസങ്ങൾ,’ ‘മായയും മായാവികളും’ എന്നീ നോവലുകൾ ബാലഭൂമിയിലും പ്രസിദ്ധീകരിച്ചു. പ്രഭാത് ബുക്‌സ്, ഇൻസൈറ്റ് പബ്ലിക്ക, മലയാള മനോരമ എന്നീ പ്രസാധകർ ഈ നോവലുകൾ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.



കഴിഞ്ഞ നാലു വർഷമായി ജോസ് പ്രസാദ് ‘മണിച്ചെപ്പ്’ ഓൺലൈൻ മാസികയിലെ സ്‌ഥിരം എഴുത്തുകാരനാണ്. മണിച്ചെപ്പിൽ തുടർച്ചയായ പതിമൂന്ന് ലക്കങ്ങളിൽ പ്രസിദ്ധീകരിച്ച ‘ഫിക്രു’ എന്ന ചിത്രകഥാ പരമ്പരയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് അദ്ദേഹമാണ്. ബാലകേരളം പബ്ലിക്കേഷൻസ് പിന്നീട് അത് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ മണിച്ചെപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ‘ചാരു@സ്കൂൾ’ എന്ന കാർട്ടൂൺ ചിത്രകഥയുടെ സ്ക്രിപ്റ്റും ജോസ് പ്രസാദ് ആണ് തയ്യാറാക്കുന്നത്.

ബാലഭൂമി വാരികയിൽ കുട്ടികൾക്ക് ചെസ്സ് പഠിക്കാനുള്ള ഒരു പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മെൻ്റലിസം പഠിക്കാൻ സഹായിക്കുന്ന ‘മെൻ്റലിസം ട്രിക്സ്’ എന്ന പംക്തിയാണ് അദ്ദേഹം ബാലഭൂമിയിൽ ചെയ്യുന്നത്.

വിദേശരാജ്യങ്ങളിൽ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ കഥകൾ മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്ന ‘അന്യദേശ ബാലകഥകൾ’ എന്ന അദ്ദേഹത്തിൻ്റെ പംക്തി വർഷങ്ങളായി മുടക്കമില്ലാതെ ‘കുട്ടികളുടെ ദീപിക’ ദ്വൈവാരികയിൽ തുടരുന്നുണ്ട്. ഹെർമൻ മെൽവിൽ രചിച്ച ‘മൊബിഡിക്ക്,’ അൻ്റോയിൻ ഡി സെയിൻ്റ് എക്സ്യൂപെറിയുടെ ‘ദ ലിറ്റിൽ പ്രിൻസ്’ എന്നീ ലോകപ്രശസ്ത പുസ്‌തകങ്ങൾ കുട്ടികൾക്കായി അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ജോസ് പ്രസാദ് അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി കരുതുന്നത് ‘ഭരത് മൂസ’ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാനായതാണ്. ‘ഭരത് മൂസയുടെ സാഹസങ്ങൾ’ എന്ന ആദ്യ നോവലിനു ശേഷം ‘ലഹരിക്കെതിരെ ഭരത് മൂസ’ എന്ന രണ്ടാമത്തെ നോവലും ബാലഭൂമിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭരത് മൂസ സീരീസിലെ മൂന്നാമത്തെ നോവലായ ‘മുല്ലപ്പെരിയാർ രഹസ്യം’ എന്ന കൃതിയുടെ അവസാന മിനുക്കുപണികളിലാണ് അദ്ദേഹം ഇപ്പോൾ. കുട്ടികൾക്കായി ഓരോ വരികളിലും ഉദ്വേഗം നിറച്ച നോവലാണിതെന്ന് അദ്ദേഹം പറയുന്നു. മലയാളത്തിൻ്റെ ‘ഹാരി പോട്ടർ’ ആയാണ് കുട്ടികൾ ‘ഭരത് മൂസ’യെ കണക്കാക്കുന്നത്.

കുട്ടികൾക്കുള്ള കവിതകളും കഥകളും നോവലുകളുമായി ജോസ് പ്രസാദിൻ്റെ ഇരുപത്തിരണ്ട് പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് നോവലുകൾ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം

കാസർഗോഡ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മലാംകടവ് എന്ന സ്‌ഥലത്താണ് ജോസ് പ്രസാദിൻ്റെ ജനനം. പാലാവയൽ സെൻ്റ് ജോൺസ് സ്‌കൂളിൽ ഹൈസ്‌കൂൾ അധ്യാപകനായിരുന്ന ടി ഒ ജോസഫ് താന്നിക്കൽ ആണ് അദ്ദേഹത്തിൻ്റെ പിതാവ്, ഫിലോമിന ജോസഫ് ആണ് മാതാവ്. പ്രകാശ്, പ്രശാന്ത്, പ്രതാപ് എന്നീ മൂന്ന് സഹോദരന്മാർ അദ്ദേഹത്തിനുണ്ട്.

കാസർഗോഡ് മുണ്ട്യത്തടുക്ക എസ് എം എം എ യു പി സ്‌കൂളിൽ അധ്യാപികയായ സൂസമ്മ എൻ എസ് ആണ് ജോസ് പ്രസാദിൻ്റെ ഭാര്യ. മൂത്ത മകൾ കാവ്യ, സോഫ്‌റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ഇളയ മകൾ മേഘ, ബിരുദ വിദ്യാർത്ഥിനിയാണ്.

കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതിയുടെ 2023 ലെ ‘മാലി’ പുരസ്‌കാരവും കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതിയുടെ 2024 ലെ ‘പുല്ലാർക്കാട്ട് ബാബു’ സ്മാരക പുരസ്ക്കാരവും ജോസ് പ്രസാദ് നേടിയിട്ടുണ്ട്. മലയാളത്തിലെ ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മയായ ‘ബാലസാഹിത്യ വേദി’ക്ക് നേതൃത്വം നൽകുന്നവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

കുട്ടികളോടൊപ്പം ജീവിച്ചും കുട്ടികൾക്കു വേണ്ടി എഴുതിയും ഈ എഴുത്തുകാരൻ്റെ ജീവിതയാത്ര തുടരുകയാണ്. ഭാവിയിൽ മലയാള സാഹിത്യത്തിൽ വിസ്മയങ്ങൾ തീർക്കാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് മണിച്ചെപ്പ് ആശംസിക്കുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More