മക്കൾ ശെൽവി വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, എന്നീ തമിഴിലേയും, മലയാളത്തിലേയും അടിപൊളി നായികമാരുമായി ‘കളേഴ്സ്’ എന്ന തമിഴ് ചിത്രം ഡിസംബർ മാസം, തമിഴ്നാട്ടിലും, കേരളത്തിലുമായി തീയേറ്ററിലെത്തുന്നു. ലൈം ലൈറ്റ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ് നിസാർ ആണ് സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന ചിത്രമാണ് കളേഴ്സ്.
വർത്തമാന കാലത്തിലെ യുവത്വത്തിന്റെ ആഘോഷമാണ് കളേഴ്സ്. സർവ്വതും വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം ഒരു വശത്ത്. ഒന്നും കെട്ടിപ്പൊതിഞ്ഞു വയ്ക്കേണ്ടതല്ലെന്നും, മരിക്കുന്ന കാലത്തോളം അടിച്ചു പൊളിച്ചു ജീവിക്കണമെന്നും, അതിനായ് എന്തും നഷ്ടപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യാം എന്ന കാഴ്ചപ്പാടുള്ള ഒരു പറ്റം ആളുകൾ. അതിനിടയിലും കൂടുംബം എന്ന സത്യസന്ധമായ കാഴ്ചപ്പാട് വച്ചുപുലർത്തുന്ന ചിലരുണ്ട്. ചിലപ്പോഴൊക്കെ അവരെ നാം പഴഞ്ചനെന്ന് വിളിച്ച് മാറ്റി നിർത്തുന്നു. ഈ രണ്ട് ചിന്താഗതികളും തമ്മിലുള്ള പോരാട്ടം കൂടിയാണ് കളേഴ്സ്.
ചെന്നൈയിലെ തിരക്കുള്ള നഗരത്തിലെ അപ്പാർട്ട്മെന്റിലാണ് രാഹുലിന്റെ താമസം. ഭാര്യ, ഒരു മകൾ. ഭാര്യയ്ക്കും മകൾക്കും വേണ്ടിയാണ് അവന്റെ ജീവിതം. പക്ഷെ സ്വന്തം ജോലിയെന്തെന്ന് ഭാര്യയോട് ഒരിക്കലും പറയാൻ അയാൾക്ക് കഴിയില്ല. നഗരത്തിലെ അസംതൃപ്ത ജീവിതങ്ങളെ തൃപ്തിപ്പെടുത്തുകയെന്നതാണ് രാഹുലിന്റെ ജോലി. അതെന്താണെന്ന് ഭാര്യ അറിഞ്ഞാൽ ആ നിമിഷം അവിടെയൊരു കൂട്ട ആത്മഹത്യ നടക്കും. അങ്ങനെയുള്ള രാഹുലിന്റെ ജീവിതത്തിലേക്ക് ഒരേ സമയം രണ്ട് സ്ത്രീകൾ അവകാശവുമായ് കടന്നുവരുന്നു. കൊമേന്തയും, സരയൂവും. രണ്ടു പേർക്കും രാഹുലിനെ വേണം. ഇത് രാഹുലിന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്.
തിരക്കഥ – പ്രസാദ് പാറപ്പുറം, ക്യാമറ – സജൻ കളത്തിൽ, ഗാനരചന – വൈര ഭാരതി, സംഗീതം – എസ്.പി.വെങ്കിടേഷ്, ആലാപനം – ശ്വേതാമോഹൻ, അഫ്സൽ, ശ്രീകാന്ത്, ദീപിക, എഡിറ്റർ – വിശാൽ, ആർട്ട് – വൽസൻ, പ്രൊഡക്ഷൻ കൺട്രോളർ – നിസാർ മുഹമ്മദ്, ഗ്ലോബൽ കമ്മൂണിക്കേഷൻ – ലിസ മാത്യു, വിതരണം – ലൈം ലൈറ്റ് പിക്ച്ചേഴ്‌സ്, പി.ആർ.ഒ – അയ്മനം സാജൻ.
വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, മൊട്ട രാജേന്ദ്രൻ, ദേവൻ, ദിനേശ് മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
– അയ്മനം സാജൻ