തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം എന്ന സ്ഥലത്തെ ഒരു ചെറു ഗ്രാമമാണ് പുന്നവിള. ഇന്നവിടെ മാധ്യമങ്ങളും, സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രശസ്തരും ആ കൊച്ചു പ്രതിഭയെ കാണാൻ അവന്റെ ചെറു വസതിയിലേക്ക് – നിരഞ്ജൻ എന്ന ഈ വർഷത്തെ ഏറ്റവും നല്ല ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ബാലനെ കുറിച്ച് തന്നെയാണ് പറഞ്ഞു വന്നത്. അതെ, കേൾക്കുമ്പോൾ ഏതോ സിനിമാക്കഥ പോലെ തോന്നാമെങ്കിലും ഇന്ന് വാസ്തവമതാണ്. ഇത് പറയുമ്പോൾ എനിക്കും എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു. കാരണം ആ ഗ്രാമം എന്റേതും കൂടിയാണ്. ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം ഗ്രാമം.
ശ്യാമപ്രസാദിന്റെ ‘കാസിമിന്റെ കടൽ’ എന്ന ചിത്രത്തിലെ ‘ബിലാൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അവിസ്മരണീയമാക്കിയതിനാണ് നിരഞ്ജനെ തേടി അവാർഡ് എത്തിയത്. അഭിനയ രംഗത്തേക്ക് തീര്‍ത്തും യാദൃശ്ചികമായാണ് നിരഞ്ജന്റെ കടന്നുവരവ്. എന്റെ സുഹൃത്ത് കൂടിയായ റെജു ശിവദാസിന്റെ നേതൃത്വത്തിലുള്ള ‘സാപിയൻസ്’ എന്ന നാടക പരിശീലന കളരിയിലൂടെയാണ് നിരഞ്ജൻ സിനിമയിൽ എത്തുന്നത്.
അച്ഛൻ സുമേഷ്, അമ്മ സുജ, ചേച്ചി ഗായത്രി എന്നിവരടങ്ങുന്നതാണ് നിരഞ്ജന്റെ കുടുംബം. ആ ഒറ്റമുറി വീട്ടിലേയ്ക്ക് സംസ്ഥാന അവാർഡ് കടന്നുവരുമ്പോൾ അത് ചെന്നെത്തുന്നത് അർഹതപ്പെട്ട കൈകളിൽ തന്നെയെന്നുള്ളത് ഏവർക്കും സന്തോഷം പകരുന്ന ഒന്ന് തന്നെയാണ്. നാവായിക്കുളം ഗവണ്മെന്റ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നിരഞ്ജൻ. പത്താം ക്ലാസ്സ് വരെ വീടിനു സമീപത്തു തന്നെയുള്ള SKVHS എന്ന സ്കൂളിലും ആണ് പഠിച്ചത്.
2019 ല്‍ പുറത്തിറങ്ങിയ, സുജിത് വിഗ്‌നേശ്വര്‍ സംവിധാനം ചെയ്ത രമേശന്‍ ഒരു പേരല്ല എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. നിരഞ്ജനിലൂടെ ഇനിയും നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയിൽ ജനിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിനക്ക് കഴിയട്ടെ.
– വരുൺ