“ഹലോ മീനുവാണോ? ഇത് ഞാൻ ശ്രീക്കുട്ടിയാണ്.”
“ഹായ് ശ്രീക്കുട്ടി, എന്തൊക്കെയുണ്ട് വിശേഷം? ഒരുപാട് നാളായി നമ്മൾ തമ്മിൽ കണ്ടിട്ട്, അല്ലേ?” അങ്ങേ തലയ്ക്കൽ മീനുവിന്റെ ശബ്ദം.
“അതെ അതെ, ഈ കൊറോണ കാലം കഴിഞ്ഞാലേ സ്കൂൾ തുറക്കുകയുള്ളൂ. അപ്പോഴല്ലേ നമുക്ക് കാണാൻ പറ്റൂ?” ശ്രീക്കുട്ടി ഒരു വിഷമത്തോടെ പറഞ്ഞു.
“ഈ കൊറോണ കാരണം നമ്മുടെ വീടിനു പുറത്തുള്ള കളികളൊക്കെ നിന്നു. പിന്നെ, ഒരു പ്രധാന വ്യത്യാസം ഉള്ളത്, അച്ഛന് എന്റെ കൂടെ കളിക്കാൻ സമയം കിട്ടുന്നുണ്ട്. ഇതിനു മുൻപ് ബിസിനസ് എന്നും പറഞ്ഞു തിരക്കോടെ ഓടി നടന്ന അച്ഛനാണ്. കൊറോണ കാരണം എല്ലാവരും വീട്ടിൽ അടച്ചു ഇരുപ്പല്ലേ.” മീനുവിന്റെ ശബ്ദത്തിൽ ഒരു ഉത്സാഹം വന്ന പോലെ.
“അത് നീ പറഞ്ഞത് ശെരിയാണ്. ഇവിടെയും അതുപോലെ തന്നെ. ഇടയ്ക്കിടക്ക് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു, ‘മോളുടെ കളിയും ചിരിയുമൊക്കെ നേരത്തെ മിസ് ചെയ്തു. ഇപ്പോൾ മനസ്സിനൊക്കെ ഒരു സമാധാനം ഉണ്ട്. പക്ഷെ ഈ കൊറോണ ഇങ്ങനെ പോയാൽ ജോലിയെയും ബാധിക്കുമെന്ന്’.”
“എന്തൊക്കെയായാലും ഈ കൊറോണ അങ്ങ് മാറിയാൽ മതിയായിരുന്നു. എത്ര ആളുകളെയാണ് ഇത് ബാധിക്കുന്നത്.”
“അതെ, നമ്മുടെ ആഘോഷങ്ങളൊക്കെ നിന്നു.”
“ഈ സമയം ആഘോഷിക്കാൻ ഇറങ്ങിയാൽ കൊറോണയായിരിക്കും കൂടുതൽ ആഘോഷിക്കുന്നത്.” ഒന്ന് ചിരിച്ചുകൊണ്ട് മീനു തുടർന്നു, “കുറെ ആളുകൾ മാസ്കുകൾ വയ്ക്കാതെ പുറത്തിറങ്ങാറുണ്ടത്രെ. അത് കണ്ടാൽ തോന്നും കൊറോണ അവരെയൊന്നും ബാധിക്കില്ല എന്ന്.”
“ങാ, അതൊക്കെ പോട്ടെ, എന്താണ് വീട്ടിൽ ഇരുന്നുള്ള ഹോബികൾ?” ശ്രീക്കുട്ടി ചോദിച്ചു.
“കുറച്ചു നേരം ഇരുന്നു പടങ്ങൾ വരയ്ക്കും. പിന്നെ കുറച്ചു നേരം ടിവി കാണും.”
“അച്ഛൻ പറഞ്ഞു, കൂടുതൽ സമയം ടിവി കണ്ടു സമയം കളയാതെ കിട്ടുന്ന സമയം കഥാ പുസ്തകങ്ങൾ വായികുകയോ മറ്റോ ചെയ്യാൻ. അച്ഛൻ പറഞ്ഞത് ശെരിയാണെന്നു പിന്നീട് എനിക്കും തോന്നി. ടിവി മാത്രം കണ്ടു കൊണ്ടിരുന്നാൽ നമ്മുടെ കണ്ണിനു കേടു വരുന്നതിനു പുറമെ നമ്മളുടെ കലാപരമായ കഴിവുകൾ മുരടിച്ചു പോകും.” വലിയ ആളുകൾക്കു മാത്രമല്ല തനിക്കും ഉപദേശിക്കാൻ അറിയാമെന്നു ശ്രീക്കുട്ടിയുടെ സ്വരത്തിൽ നിന്നും മനസ്സിലാക്കാം.
“എന്താ അവിടെ ആരോ സംസാരിക്കുന്ന ശബ്ദം?” മീനു ചോദിച്ചു.
“ഓ, അതോ? അത് ‘അമ്മ പുതിയ പലഹാരം പരീക്ഷിച്ചിട്ടു കഴിക്കാൻ വിളിച്ചതാണ് . ഇപ്പോൾ അമ്മയ്ക്കും ഇതൊരു പരീക്ഷണ കാലം.” ശ്രീക്കുട്ടി ചിരിച്ചു.
“ഇവിടെയും അങ്ങനെയൊക്കെ തന്നെയാണ്. ചിലപ്പോൾ വിചാരിക്കും തിരക്ക് പിടിച്ചു ഓടാൻ മാത്രമല്ല, ആവശ്യമുള്ള നേരത്തു കുടുംബത്തോടൊപ്പം സമയം കണ്ടെത്താനും മനുഷ്യന് പറ്റുമെന്ന് കൊറോണ കാണിച്ചു തരുന്നതാണെന്ന്.”
“അല്ല, ഇത്രയൊക്കെ പറയാൻ മീനു ഇതൊക്കെ എവിടെ നിന്നു പഠിച്ചു?” ശ്രീക്കുട്ടി ചോദിച്ചപ്പോൾ മീനു ഒന്ന് ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“വേറെ എവിടുന്ന്, ഇവിടുന്നു തന്നെ. എന്നും കൊറോണയെ പറ്റി സംസാരിക്കാത്ത ഏതു ഫാമിലിയാണ് ഇന്നുള്ളത്?“
“എങ്കിൽ ശെരി, നമുക്ക് പിന്നീട് സംസാരിക്കാം. ഞാൻ പോയി അമ്മയുണ്ടാക്കിയ പലഹാരം പോയി കഴിക്കട്ടെ.”
“ശെരി ശ്രീക്കുട്ടി, ഞാനും അടുക്കളയിൽ പോയി നോക്കട്ടെ, എന്റെ അമ്മയും ഇന്ന് വല്ല പരീക്ഷണവും നടത്തിയോ എന്ന്. ഓക്കേ, ബൈ”
“ബൈ മീനു”
അവർ ഫോൺ വച്ചിട്ട് പലഹാരം കഴിക്കാനായി അടുക്കളയിലേക്കു ഓടി.