32.8 C
Trivandrum
January 16, 2025
General Knowledge

സെപ്തംബര്‍ 5 – മറക്കാതിരിക്കാം ആ പൗരസ്ത്യ തത്ത്വചിന്തകനെ

കൂട്ടരെ, സെപ്തംബര്‍ 5 ദേശീയ അധ്യാപകദിനം. നമ്മൾക്ക് അറിവ് പകര്‍ന്നുതരുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകര്‍ക്കും ആശംസകൾ.

എന്തുകൊണ്ടാണ് സെപ്തംബര്‍ 5 അധ്യാപകദിനമായി ആചരിക്കുന്നത്….?

അതെ.. സര്‍വേപള്ളി രാധാകൃഷ്ണന്‍ എന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. 1888 സെപ്റ്റംബര്‍ 5ന് ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തില്‍ ജനിച്ച് ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായി തീര്‍ന്നതായിരുന്നോ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുവാനുളള കാരണം…? അല്ല.. അതിനുമപ്പുറമായിരുന്നു ആ മഹാന്‍.

പഠനകാലത്തെ ലേഖനങ്ങളും മറ്റും എഴുതിയിരുന്ന അദ്ദേഹം കൊല്‍ക്കത്ത സര്‍വകലാശാല, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. മറ്റു പല സര്‍വകലാശാലകളിലും പ്രൊഫസറായിരുന്നു. 1931-36 വരെ ലീഗ് ഓഫ് നേഷന്‍സിന്റെ ബൗദ്ധിക സഹകരണ സമിതി അംഗമായും, തുടര്‍ന്ന് ബനാറസ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലര്‍, ഇന്ത്യന്‍ സര്‍വ്വകലാശാല കമ്മീഷന്റെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സര്‍വകലാശാല കമ്മീഷന്റെ ചെയര്‍മാനായിരിക്കെ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഒരു ആധികാരിക രേഖയായിരുന്നു. തുടര്‍ന്ന് യുനെസ്‌കോയുടേയും ചെയര്‍മാനായി.

രാഷ്ട്രപതി ഭവനിലെ ജീവനക്കാരിൽ നിന്ന് ദീപാവലി ആശംസകൾ സ്വീകരിക്കുന്ന പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ.

(Image courtesy: google.com)

1952 ല്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നും ഇന്ത്യയുടെ ഉപരാഷ്ട്രപതിയും 1962-67 ല്‍ രാഷ്ട്രപതിയുമായിതീര്‍ന്നു പൗരസ്ത്യ തത്ത്വചിന്തകനായ ഡോ. എസ്. രാധാകൃഷ്ണന്‍. നിരവധി സര്‍വ്വകലാശാലകള്‍ രാധാകൃഷ്ണനു ബഹുമതി ബിരുദങ്ങള്‍ നല്‍കി. ജര്‍മ്മനിയുടെ സമാധാന സമ്മാനവും ലഭിച്ചിട്ടുണ്ട്.

മുപ്പതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം ഊര്‍ജ്ജസ്വലനായ വാഗ്മിയും പ്രഗല്ഭനായ അധ്യാപകനുമായിരുന്നു. ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവ പരിഭാഷപ്പെടുത്തി വ്യാഖ്യാനം നല്‍കി. ഇന്ത്യന്‍ തത്വശാസ്ത്രം, മതവും സമുദായവും, സ്വാതന്ത്ര്യവും സംസ്‌കാരവും, വിശ്വാസത്തിലെ ആധുനിക പ്രതിസന്ധി മുതലായവ രചിച്ചു. ഡോ.എസ്.രാധാകൃഷ്ണന്റെ ‘ഇന്ത്യന്‍ ഫിലോസഫി’ ആണ് ഏറ്റവും ശ്രദ്ധേയ കൃതി. വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി അദ്ദേഹത്തിന് വിവിധ ബഹുമതികള്‍ ലഭിച്ചു. 1954-ല്‍ രാഷ്ട്രം ഭാരതരത്‌നം നല്‍കിയും ആദരിച്ചു. 1975 ഏപ്രില്‍ 17 ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

നെഹ്രുവിനും, ഇന്ദിര ഗാന്ധിയുമൊടൊപ്പം ഡോ. രാധാകൃഷ്ണൻ

(Image courtesy: google.com)

കൂട്ടരെ… ഡോ. എസ് രാധാകൃഷ്ണനെ അല്ലാതെ ആരാണ് ഈ അധ്യാപകദിനത്തിനവകാശി. ചരിത്രങ്ങള്‍ തച്ചുടച്ച് പുതുചരിത്രമെഴുതുന്ന നാളുകളില്‍ നാളെ ഈ ദിനവും മാഞ്ഞുപോയേക്കാം. എന്നാലും ഡോ.എസ് രാധാകൃഷ്ണന്‍ ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തിന് നല്‍കിയ സംഭാവനകള്‍ സുവര്‍ണ്ണരേഖയായി തിളങ്ങും.

അക്ഷരത്തിനായ് അറിവിനായ് നില്‍ക്കുന്നവരിലേക്ക് നന്മയുടെ പൂമരകൊമ്പില്‍ സുഗന്ധവും വെളിച്ചവുമായെത്തുന്ന എല്ലാ അധ്യാപകര്‍ക്കും സെപ്തംബര്‍ 5 ധന്യത നിറക്കും എന്ന പ്രതീക്ഷയോടെ അധ്യാപക ദിനാശംസകള്‍…

അനിൽ ഗോപാൽ
തിരുവനന്തപുരം

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More