1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല. കൊളോണിയൽ കാലഘട്ടത്തിലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് (1935) അനുസരിച്ച് തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങള്‍. പിന്നീട് സ്വന്തമായി ഭരണ ഘടന തയ്യാറാക്കി പരമോന്നത റിപ്പബ്ലിക് ആയി മാറിയത് 1950 ജനുവരി 26നാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
(Image courtesy: Google.com)
വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സൈനിക പരേഡ് തന്നെയാണ് പ്രധാന റിപ്പബ്ലിക് ദിന പരിപാടി. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പരേഡിൽ ഉള്‍പ്പെടും. ഡൽഹിയെ കൂടാതെ മറ്റു സംസ്ഥാന തലസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടക്കും.
ഇന്തോനേഷ്യൽ പ്രസിഡന്‍റ് സുകര്‍ണോ ആയിരുന്നു 1950-ലെ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആയി എത്തിയത്. 2018-ൽ പത്ത് ആസിയാൻ രാജ്യങ്ങളുടെ തലവൻമാരാണ് അതിഥികളായി എത്തിയത്. ഏറ്റവുമധികം അതിഥികള്‍ എത്തിയതും അതേ വര്‍ഷം തന്നെ. ഇത്തവണ ബ്രസീൽ പ്രസിഡന്‍റ് ജെയിര്‍ ബോല്‍സൊനാരോയാണ് മുഖ്യാതിഥി. ഇത് മൂന്നാം തവണയാണ് ബ്രസീലിൽ നിന്ന് റിപ്പബ്ലിക് ദിനത്തിൽ അതിഥി എത്തുന്നത്. 1996-ലും 2004-ലുമാണ് ബ്രസീലിയന്‍ പ്രസിഡന്‍റുമാര്‍ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി എത്തിയത്.
(Image courtesy: Google.com)
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂർ വൈകി തുടങ്ങും. നിലവിലെ കാലാവസ്ഥ അനുസരിച്ച് മൂടല്‍ മഞ്ഞുള്ള പ്രഭാതമായിരിക്കും ജനുവരി 26 ന്‍റേത് എന്നതാണ് കാരണം. അതുകൊണ്ടു തന്നെ പരേഡ് രാവിലെ 10 ന് പകരം 10.30 ന് ആരംഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാത്രമല്ല, പരേഡിൽ കാണികൾക്ക് മികച്ച കാഴ്ചാനുഭവം ലഭിക്കാൻ രാജ്പഥിന്റെ ഓരോ വശത്തും അഞ്ച് വീതം 10 വലിയ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കും.
സാംസ്കാരിക വൈവിധ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളടങ്ങിയ പരേഡാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടക്കുക. വിവിധ സൈനിക വിഭാഗങ്ങള്‍ പരേഡിൽ പങ്കെടുക്കും. എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ നേരുന്നു.
– മഹേഷ്‌കുമാർ