ഞെട്ടലോടെയാണ് ആ വാർത്ത ഇന്ത്യൻ ജനത അറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരാണ് മരണമടഞ്ഞത്. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലക്ഷ്മൺ സിങ് റാവത്തും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നു. കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു അദ്ദേഹം. അങ്ങനെ സൈനിക പാരമ്പര്യത്തിൽ വളർന്ന ബിപിൻ റാവത്ത്, പിൽക്കാലത്ത് ഇന്ത്യ കണ്ടതിൽ വച്ച് മികച്ച ഒരു സൈനിക മേധാവി തന്നെയായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം, നാഷനൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി വിദ്യാഭ്യാസം തുടർന്നു.
അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. 1978 ൽ ആയിരുന്നു അദ്ദേഹം സാനിയാ സേവനം ആരംഭിച്ചത്. 2016 ൽ ഇന്ത്യൻ കരസേനാ മേധാവിയായി ചുമതലയേറ്റു. 2020 ഫെബ്രുവരിയിലായുന്നു സംയുക്ത സേനാ മേധാവിയായി സ്ഥാനമേറ്റത്. മുൻപും അദ്ദേഹം ഒരു ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. 2015 ൽ നാഗാലാൻഡിൽ വച്ചായിരുന്നു ആ സംഭവം.
പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാമെഡൽ, സേനാ മെഡൽ തുടങ്ങി നിരവധി സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച യുദ്ധ തന്ത്രജ്ഞനും രാജ്യസ്നേഹിയുമായ ഇന്ത്യയുടെ ആ വീരപുത്രന് അനുശോദനങ്ങൾ രേഖപ്പെടുത്തുന്നു.