
ഹരീഷ് ആർ നമ്പൂതിരിപ്പാട്
കാട്ടിൽ, വലിയ ഓണാഘോഷം ആരംഭിക്കുകയായിരുന്നു! കൂട്ടുകാർ അത്യധികം ആവേശത്തിലായിരുന്നു, ആടിയും പാടിയും, തിന്നും കുടിച്ചും രസിച്ചു.
തൊപ്പി ധരിച്ച ഔളിമൂങ്ങ വിളിച്ചു പറഞ്ഞു,
“ഏയ് കൂട്ടുകാരേ! ഈ ഓണാഘോഷം നമുക്ക് അടിപൊളിയാക്കാം! നമുക്ക് കളിക്കാം, തമാശകൾ പറയാം, ആസ്വദിക്കാം!”
ഡോറു മാൻ രസകരമായ ഒരു നൃത്തം ചെയ്തു, മിങ്കു കുരങ്ങൻ ചിരിച്ചുകൊണ്ട് മരത്തിൽ നിന്ന് മരത്തിലേക്ക് ചാടി.
“ഏയ് അടിപൊളി ആഘോഷത്തിന് പാനീയങ്ങൾ ഒന്നുമില്ലേ?” ലമ്പുക്കരടി വിളിച്ചു ചോദിച്ചു.
“ഉണ്ടല്ലോ, പായസം ഉണ്ട് പഴച്ചാറുകൾ ഉണ്ട്, തേനുണ്ട് എന്തുവേണം?”
“നല്ല മധുര പഴച്ചാറുണ്ട്
നന്നായ് വിളഞ്ഞ പഴങ്ങളുണ്ട്
തേനുണ്ട്, പാലുണ്ട്
പായസം മൂന്നാലു കൂട്ടമുണ്ട്.”
പ്രധാന പാചകക്കാരനായ ജംബു പറഞ്ഞു.
“ഏയ് അതല്ല, എരിവും പുളിയും ചവർപ്പും നിറഞ്ഞ!” കരടി കൂടുതൽ തെളിച്ചു പറഞ്ഞു.
“ഓഹോ ആ പാനീയം! അതിവിടെയില്ല.” ഔളി ഒട്ടും സംശയിക്കാതെ പറഞ്ഞു.
“സാധാരണ ഏത് ആഘോഷവും ചില പാനീയങ്ങൾ കൊണ്ട് സമ്പന്നമാകാറുണ്ട്. പക്ഷേ നമ്മുടെ ആഘോഷങ്ങൾക്ക് ഇനിമേൽ അത്തരം പാനീയങ്ങൾ വേണ്ട.” ലോലൻ കരടിയും പറഞ്ഞു.
സുഹൃത്തുക്കൾ എല്ലാവരും ചിരിച്ചുകൊണ്ട് സമ്മതിച്ചു.

കുരങ്ങച്ചൻ അഭിമാനത്തോടെ പറഞ്ഞു,
“ഇതാണ് ഓണത്തിന്റെ ആത്മാവ് – സന്തോഷം, ചിരി, ഒരുമ, ആനന്ദത്തെ നശിപ്പിക്കുന്ന യാതൊന്നുമില്ലാതെ!”
“ശരിയാണ്, പലപ്പോഴും ആവേശത്തിൽത്തുടങ്ങുന്ന ആഘോഷങ്ങൾ ഒടുവിൽ അടിപിടിയിലാണ് കലാശിക്കുന്നത്.” മുത്തശ്ശിക്കുരങ്ങ് പറഞ്ഞു.
“അടിപൊളിയാഘോഷം അടിപിടിയാഘോഷമായി മാറുകയാണ് പലപ്പോഴും പതിവ്.”
ലല്ലുക്കുരങ്ങൻ പറഞ്ഞത് കേട്ട് ഏവരും പൊട്ടിച്ചിരിച്ചു.
“അടിപിടി വേണ്ട മത്സരം വേണ്ട
അടിപൊളിയാഘോഷം മാത്രം മതി
ലഹരിയും വേണ്ട ലഹളയും വേണ്ട
ലയമോടെ ചേർന്നങ്ങിരുന്നാൽ മതി.”
പാട്ടുകാരിയായ കുക്കു കുയിലമ്മ നീട്ടിപ്പാടി.
അതുകേട്ട് മാനുകളും മയിലുകളും നൃത്തം വച്ചു. കുട്ടിക്കുരങ്ങന്മാർ ഒരുമിച്ച് ആർപ്പുവിളിച്ചു.
കാട് പൊട്ടിച്ചിരികൾ, സംഗീതം, നൃത്തം, സന്തോഷകരമായ ആർപ്പുവിളികൾ എന്നിവയാൽ നിറഞ്ഞിരുന്നു. സൗഹൃദവും ആനന്ദവുമാണ് ഒരു ആഘോഷത്തിന് ഏറ്റവും നല്ല ചേരുവകൾ എന്ന് തെളിയിക്കുന്ന, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മഹത്തായ ഓണാഘോഷമായിരുന്നു അത്!
