നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – ഒമ്പത്
പിറ്റേന്ന് നൌഫല്‍ തന്റെ പടയാളികളുമായി ബ്രസാ ഷെയ്ഖിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായി നിന്നു.
“മരുഭൂമിയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ സായുധ പടയാളികളെയും ഉടന്‍ വിളിച്ചു ചേര്‍ക്കുക. യുദ്ധ സന്നാഹത്തോടെ അവരോട് പര്‍വ്വത താഴ്വരയിലേക്ക് പുറപ്പെടാന്‍ പറയുക.” നൌഫല്‍ പടത്തലവന്‍മാര്‍ക്ക് അറിയിപ്പ് കൊടുത്തു. മരുഭൂമിയില്‍ കുതിരക്കുളമ്പടിയുടെ ഘോരമായ ശബ്ദമുയര്‍ന്നു. വായുവില്‍ വാള്‍ത്തലപ്പുകള്‍ മിന്നി. ചുറ്റിലും പൊടിപടലങ്ങളുയര്‍ന്നു.
ഈ അവസരത്തില്‍, ബ്രസാ ഷെയ്ഖും ലൈലയും വളരെ ദുഃഖിതരായി കഴിയുകയായിരുന്നു. ലൈലയെ വിവാഹം ചെയ്തുകൊടുക്കാന്‍ ഇബ്നുസലാം നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. ഇതുവരെ പല ഉപായങ്ങള്‍ പറഞ്ഞ് അയാള്‍ രക്ഷപ്പെടുകയായിരുന്നു. മകള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് ഉപ്പയ്ക്കും താല്പര്യമില്ലായിരുന്നു. ലൈലയുടെ കണ്ണീര്‍ കാണുമ്പോള്‍ അയാള്‍ക്ക് സഹിക്കാന്‍ കഴിയില്ല.
ഇബീനുസലാമിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അതും പ്രയാസകരം തന്നെ. അവന്‍ ഷെയ്ഖിന്റെ ബന്ധുവാണ്. ഉത്തമസുഹൃത്തും. മാത്രവുമല്ല, മഹാപ്രബലനും സേനാധിപതിയുമാണ്. ഇബ്നുസലാമിന് സ്വന്തമായി അനേകം പടയാളികള്‍ തന്നെയുണ്ട്. അങ്ങനെയുള്ള ഒരാളെ വെറുപ്പിക്കുക എന്നത് അചിന്തനീയം. മധുരിച്ചിട്ട തുപ്പാനും വയ്യ, കയ്ച്ചിട്ട ഇറക്കാനും വയ്യ എന്ന ഒരവസ്ഥയില്‍പ്പെട്ട് ഷെയ്ഖിന്റെ മനസ്സ് ആകുലമായി.
“നീ കുറച്ചുകൂടി ക്ഷമിക്ക്. ലൈലയുടെ മനസ്സ് ഒന്ന് മാറിവരട്ടെ. എന്തായാലും അവള്‍ നിനക്കുള്ളതാ ണല്ലോ.”
ലൈലയ
ടെ ഉപ്പ ഇത് പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഓരോ തവണയും ഇബ്നുസലാം അത് വിശ്വസിച്ച് തിരിച്ചുപോകും.
ലൈലയുടെ അവസ്ഥയാണ് ഹൃദയഭേദകം. അവള്‍ എല്ലായ്പ്പോഴും മുറിയില്‍ അടച്ചിരിപ്പാണ്. പല പ്പോഴും മുറിയില്‍ വെട്ടംപോലും കാണില്ല.
രാത്രികാലമായാല്‍ അവള്‍ക്ക് കൂട്ട് ആകാശത്തിലെ നക്ഷത്രങ്ങള്‍ മാത്രം. നക്ഷത്രങ്ങളോട് മിണ്ടിപ്പറഞ്ഞ് അവളിരിക്കും. അപ്പോഴൊക്കെ തന്റെ പ്രിയതമന്‍ ക്വൈസിനെ അവള്‍ ഓര്‍ക്കും. ക്വൈസിനെ വിവാഹം കഴിച്ചില്ലെങ്കില്‍ താന്‍ കന്യകയായി തുടരും. ഒരു രാത്രി അവള്‍ ശപഥം ചെയ്തു. ഹതഭാഗ്യനായ ക്വൈസിനെ ഓര്‍ക്കുമ്പോഴെല്ലാം അവളുടെ കണ്ണുകള്‍ നിറയും. തന്നെപ്പോലെ ദുര്‍ബലനാണല്ലോ അവനും. അവള്‍ സഹതപിക്കും.
കൊട്ടാരത്തില്‍ തനിച്ചാവുമ്പോള്‍ തനിക്ക് കൂട്ടായി ഇണപ്രാവുകള്‍ ഉണ്ടായിരുന്നു. ഇവിടെ അതുമില്ല. ആ പാവം പ്രാവുകള്‍ തന്നെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവുമോ? അവള്‍ ആലോചിക്കും. അതിലൊരു പ്രാവാണ് തനിക്ക് പ്രിയതമന്റെ സന്ദേശം കൊണ്ടുവന്നത്. കൊട്ടാരത്തില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്റെ ഇണപ്രാവുകളെ നോക്കാനും പരിചരിക്കാനും ലൈല പരിചാരകരെ ചട്ടം കെട്ടിയിട്ടുണ്ട്. പര്‍വ്വത സങ്കേതത്തിലെ വീട്ടില്‍ അവളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സഹായിക്കാനും ഉപ്പ ഒരു അബ്‌സീനിയന്‍ യുവാവിനെ ഏര്‍പ്പാടാക്കിയിരുന്നു. കറുത്തിരുണ്ട് ആജാനുബാഹുവായ ഒരു അടിമ. അവന്‍ വളര്‍ത്തുമൃഗമായി ഒരു കടുവക്കുട്ടിയുണ്ട്. മുൻപ് വേട്ടയാടി പിടിച്ചതാണ്. അതിനെ നല്ലവണ്ണം മെരുക്കിയെടുത്തിരിക്കുന്നു അവന്‍. പക്ഷേ, കടുവക്കുട്ടിക്ക് പ്രാവുകളെപ്പോലെ മിണ്ടാനും ഇണങ്ങാനും കഴിയില്ലല്ലോ.
ലൈലയുടെ ഏകാന്തതയും മനോവേദനയും മനസ്സിലാക്കിയ ഒരു അടിമ യുവാവ്, അവള്‍ക്കൊരു പഞ്ചവര്‍ണ്ണ തത്തയെ സമ്മാനിച്ചു. ഒരിക്കല്‍ വേട്ടയ്ക്ക് പോയപ്പോള്‍ വനാന്തരത്തില്‍ നിന്ന് കിട്ടിയതാണ്. ലൈലയ്ക്ക് അതിനെ ഇഷ്ടമാവും എന്നു കരുതി കൊണ്ടുവന്നതാണ്. മനുഷ്യരുടെ ഭാഷ അതിന് നന്നായി അറിയാം. ലൈലയ്ക്ക് തത്തയെ കിട്ടിയതോടെ സന്തോഷമായി. കൂട്ടിന് ഒരാളായല്ലോ. അവള്‍ ആ തത്തയെ ഓമനിച്ചു വളര്‍ത്തി.
ഒട്ടുമിക്ക നേരത്തും ലൈല ആ പഞ്ചവര്‍ണ്ണ തത്തയുമായി സല്ലപിച്ചുകൊണ്ട് സമയം നീക്കി. അവള്‍ അതിന് മജ്നുൻ എന്നു പറയാന്‍ പഠിപ്പിച്ചു. ഒരു പദം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അവള്‍ തത്തയെ ക്കൊണ്ട് തന്റെ കാതില്‍ പറയിപ്പിച്ചു. തത്ത ആ വാക്ക് ഉച്ചരിക്കുമ്പോള്‍ ലൈല കോരിത്തരിക്കും. ക്വൈസിന്റെ ഓർമ്മകള്‍ അപ്പോള്‍ അവളില്‍ തളിര്‍ത്ത് പൂവിടും.
അങ്ങനെയിരിക്കെ ഒരുനാള്‍, പ്രഭാതം നന്നായി വെളുക്കുന്നതിന് മുമ്പ് അംഗരക്ഷകരുടെ അകമ്പടി യോടെ നൌഫല്‍ കൊട്ടാരവാതിലില്‍ തുരുതുരെ മുട്ടാന്‍ തുടങ്ങി. ഷെയ്ക്കിനെ കാണുകയായിരുന്നു അയാളുടെ ഉദ്ദേശ്യം.
കാവല്‍ക്കാര്‍ വാതില്‍ തുറന്നു കൊടുത്തു. നൌഫല്‍ അകത്ത് പ്രവേശിച്ച് ഷെയ്ഖിനെ മുഖം കാണിച്ചു. തന്റെ ആഗമനോദ്ദേശ്യം നൌഫല്‍ ഷെയ്ഖിനെ ബോധിപ്പിച്ചു. ഒന്നോ, രണ്ടോ വാക്കുകളില്‍ മാത്രം ആ സംഭാഷണം ഒതുങ്ങി. സൂര്യന്‍ ഉദിച്ചുയര്‍ന്ന് വെയിലിന് ചൂട് പിടിക്കുന്നതിന് മുമ്പ് തന്നെ നൌഫല്‍ തിരിച്ചിറങ്ങി.
പൊടുന്നനെ ദൂരെ നിന്നും പൊടിപടലങ്ങള്‍ ഉയരാന്‍ തുടങ്ങി. അപ്പോള്‍ തന്നെ ഷെയ്ഖിന് കാര്യ ങ്ങള്‍ ബോധ്യമായി. നൌഫലും, യമന്‍ ഷെയ്ഖും തന്നെ ആക്രമിക്കാന്‍ വരികയാണ്. ലൈലയെ ക്വൈസിന് വിവാഹം ചെയ്തു കൊടുക്കാത്തതിലെ പ്രതികാരം.
ഈ വിവരം ഇബ്നുസലാമിന്റെ കാതിലുമെത്തി. ഒരു യുദ്ധം ആസന്നമായിരിക്കുന്നു. ഈ അവസരത്തില്‍ ഷെയ്ഖിനെ സഹായിക്കുക എന്നത് തന്റെ കടമയാണ്. പോരെങ്കില്‍ ലൈലയെ വിവാഹം ചെയ്യാന്‍ പോവുന്ന പ്രതിശ്രുതവരനും കൂടിയാണ് താന്‍. ലൈലയുടെ ഉപ്പയ്ക്ക് ഒരു ആപത്ത് വരുമ്പോള്‍ തനിക്ക് അടങ്ങിയിരിക്കാന്‍ വയ്യ. വേണ്ട സൈനിക സഹായങ്ങള്‍ ഉടന്‍ തന്നെ അയാള്‍ ബ്രസ ഷെയ്ഖിന് വാഗ്ദാനം ചെയ്തു. രണ്ട് ഭാഗത്തും സൈന്യങ്ങള്‍ അണിനിരന്നു. ക്വൈസിന്റെ ഉപ്പയുടെ സൈന്യവും നൌഫലിന്റെ പടയ്ക്കൊപ്പം ചേര്‍ന്നു.
ഈ യുദ്ധ സന്നാഹങ്ങളെല്ലാം കൊട്ടാരത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ലൈലയ്ക്ക് കാണാമായിരുന്നു. രണ്ട് മഹാസൈന്യങ്ങള്‍ ഇതാ, പോരാടാന്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം കണ്ട് ലൈല യുടെ ഹൃദയം അത്യന്തം നൊന്തു. അവള്‍ മനസ്സില്‍ ഇങ്ങനെ വിചാരപ്പെട്ടു:
“താനാണല്ലോ ഈ അനര്‍ത്ഥങ്ങള്‍ക്കെല്ലാം കാരണം. വാത്സല്യനിധിയായ എന്റെ പിതാവ്. അദ്ദേഹത്തെ ഞാന്‍ അത്യധികം സ്നേഹിക്കുന്നു. മറുഭാഗത്ത് എന്റെ പ്രേമസ്വരൂപനായ ക്വൈസ്, മജനൂൻ. അദ്ദേഹത്തെ ഞാന്‍ അതിരറ്റ് സ്നേഹിക്കുന്നു. ഇവരില്‍ ആര്‍ക്കുവേണ്ടിയാണ് തന്റെ ഭാവി ജീവിതമെന്ന്, വിധിതന്നെ നിശ്ചയിക്കട്ടെ…”
ഈ രക്തച്ചൊരിച്ചില്‍ തനിക്ക് കാണേണ്ട. അവള്‍ ജാലകം ശക്തിയാലെ കൊട്ടിയടച്ചു.
(തുടരും)