നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – അഞ്ച്
ഒരു മധ്യാഹ്നനേരം. നേര്‍ത്ത തണുത്ത കാറ്റ് പൈന്‍ മരങ്ങളെ ചുറ്റി കൊട്ടാരത്തിന്റെ മുകള്‍ മുറിയെ തലോടിക്കൊണ്ടിരുന്നു. ആകാശത്ത് സൂര്യൻ ശോഭയറ്റ് കിടന്നു.
ലൈല തന്റെ മുറിയില്‍ ചെറിയൊരു വിശ്രമാനന്തരം അകലേക്ക് കണ്ണുനട്ട് കിടക്കുന്നു.
ഇണപ്രാവുകളില്‍ ഒന്ന് അവളുടെ കൈകളില്‍ കിടന്ന് കുറുകിക്കൊണ്ടിരുന്നു. തന്റെ ഇണയെ കാണാത്തതിലുള്ള ദുഃഖം ആ പ്രാവിന്റെ കണ്ണുകളില്‍ നിഴലിച്ചിട്ടുണ്ടായിരുന്നു.
ലൈല ജാലകത്തിന്റെ വിരി ഇരുവശങ്ങളിലേക്കും വകഞ്ഞ്മാറ്റി ചേര്‍ന്നിരുന്നു. ഇണപ്രാവില്‍ ഒന്നിനെ കാണാത്തതില്‍ ലൈലയും സങ്കടത്തിലായിരുന്നു. ഈ നേരം അത് എവിടേയ്ക്കാണ് അപ്രത്യക്ഷമായതെന്ന് അവള്‍ വിചാരിച്ചു. പതിവായി എന്നും അത് പറന്നിരിക്കാറുള്ള മരക്കൊമ്പ് അനാഥമായി കിടക്കുന്നു.
ലൈല തന്റെ സുന്ദരമായ കഴുത്ത് പുറത്തേക്ക് നീട്ടി കാത് വട്ടം പിടിച്ചു. എവിടെ നിന്നെങ്കിലും പ്രാവിന്റെ മധുരശബ്ദം കേള്‍ക്കുന്നുണ്ടോ? ഇല്ല. ഒരു ശബ്ദവും കേള്‍ക്കുന്നേയില്ല. അതിന് എന്ത് സംഭവിക്കുമോ ആവോ? ഒരുപക്ഷേ, ദൂരെയെങ്ങാനും അത് പറന്നു പോയിരിക്കാം. ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാറുണ്ട്. എന്നാല്‍, ഇത്രയും വൈകുക പതിവുള്ളതല്ല.
മധ്യാഹ്നമൊഴിഞ്ഞ് സന്ധ്യയാകാറായി. ചന്ദ്രപ്രകാശം ഭൂമിയില്‍ സ്വര്‍ണ്ണവിരിപ്പ് വിരിച്ചു. വൃക്ഷലതാദികൾ വര്‍ണ്ണശോഭിതമായി. പ്രാവിനേയും കാത്ത് ലൈല അപ്പോഴും അക്ഷമയോടെ ഇരുന്നു. അവള്‍ക്ക് സംഭ്രമമായി തുടങ്ങിയിരുന്നു. ഒരിക്കല്‍പോലും അതിനെ പിരിഞ്ഞ് ഇരിക്കാത്തതാണ്.
തന്റെ കൈയിലുള്ള പ്രാവിനെ ഒന്ന് തലോടി സമാശ്വസിപ്പിച്ചതിനുശേഷം ലൈല അതിനെ സ്വതന്ത്രമായി വിട്ടു. തന്റെ കൂട്ടിനെ നഷ്ടപ്പെട്ടതില്‍ അതും അസ്വസ്ഥമായിരുന്നു. ഒട്ടും തിടുക്കമില്ലാതെ ആ പ്രാവ് പറന്ന് ചെന്ന് മരക്കൊമ്പില്‍ ഇരിപ്പുറപ്പിച്ച് ഒന്ന് കുറുകി. ആ ശബ്ദത്തില്‍ വേദന തളംകെട്ടിയിരുന്നു.
പിന്നെ നീട്ടിക്കരഞ്ഞുകൊണ്ട് ഏകനായ പ്രാവ് മരങ്ങളെയും മറ്റും ഒരു വട്ടം ചുറ്റി കൊട്ടാരത്തിന് രണ്ട് വട്ടം വലംവെച്ച് പറന്നു. കൂട്ടിനെ കാണാതെ വെപ്രാളപ്പെട്ടത് വീണ്ടും ജാലകപ്പുറമെ വന്നിരുന്നു!
അനുഭാവപൂര്‍വ്വം ലൈല അതിനെ കയ്യിലെടുത്ത് ചെറുങ്ങനെ തലോടിക്കൊണ്ട് സമാശ്വസിപ്പിക്കുകയും മാറോട് ചേര്‍ത്തണയ്ക്കുകയും ചെയ്തു. പാവം! വിരഹവേദനകൊണ്ട് അത് വിറയ്ക്കുന്നതായി ലൈലയ്ക്ക് തോന്നി.
“കാമുകപ്രിയനെ കാണാതിരിക്കുക ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല. അവള്‍ അതിന്റെ കാതില്‍ പറഞ്ഞു. ഒരിക്കലും അതിനെ കാണാതിരിക്കുന്നതോ അതിലേറെ ദുഃഖകരം തന്നെ.
മരങ്ങള്‍ക്കിടയില്‍ നിന്ന് പെട്ടെന്നാണ് ഇണ്രപ്രാവിന്റെ ചിറകടിയൊച്ച കേട്ടത്. ഒരു കിതപ്പോടെ ആ പ്രാവ് ലൈലയുടെ ചുമലില്‍ പറന്നു വന്നിരുന്നു. സന്തോഷാധിക്യം നിമിത്തം ലൈലയുടെ തൊണ്ടയില്‍ സന്തോഷത്തിന്റെ ഒരു ശബ്ദം പുറത്തേക്ക് വീണു. തന്റെ ഇണ തിരിച്ചെത്തിയതില്‍ ആഹ്ലാദിച്ച് ഇണപ്രാവും ശബ്ദിച്ചു. രണ്ടിനേയും ചേര്‍ത്തുപിടിച്ച് ലൈല തുള്ളിച്ചാടി.
അപ്പോഴാണ്, തിരിച്ചെത്തിയ പ്രാവിന്റെ കാലില്‍ ഒരു കടലാസ് ചുരുള്‍ ലൈല കണ്ടത്. തുടിക്കുന്ന ഹൃദയത്തോടെ അവളത് സാവധാനം അഴിച്ചെടുത്തു. തന്റെ പ്രാണേശ്വരനില്‍ നിന്നുള്ള ആ പ്രണയ വാക്കുകളിലൂടെ നൂറ് വട്ടം അവള്‍ കടന്നുപോയി. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ സന്ദേഹിച്ചു. പ്രാവുകളെ മാറില്‍ ചേര്‍ത്തു പിടിച്ചു ചുംബിച്ചു. പിന്നെ നല്ല ഉടുപ്പുകളും ആഭരണങ്ങളും ത്ഥടുതിയില്‍ എടുത്തണിയാന്‍ തുടങ്ങി.
(തുടരും)