നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – രണ്ട്
കുബേരനും മഹാപ്രതാപശാലിയുമായിരുന്നു യമനിലെ ഷെയ്ഖ്. അദ്ദേഹത്തിന്റെ ഏകമകനായി രുന്നു ക്വൈസ്. അരോഗദൃഡഗാത്രനും, സുന്ദരനുമായ ഒരു ചെറുപ്പക്കാരന്‍. നെഞ്ച് വിരിച്ചുള്ള നട ത്തവും, നോട്ടവും ആരെയും ആകര്‍ഷിക്കും. കണ്ണുകളില്‍ സദാ അന്വേഷണത്തിന്റെ തിരയിളക്കം. ക്വൈസിനെ പൊന്നുപോലെയാണ് പിതാവ് നോക്കിപ്പോന്നത്. അവന്‍ ഒന്നു നോവുന്നതുപോലും ആ പിതാവിന് സഹിക്കില്ല.
ക്വൈസിന്റെ പിതാവും ലൈലയുടെ പിതാവും നേരത്തെ അറിയുന്നവരാണെങ്കിലും അവര്‍ ബദ്ധ വൈരികളായിരുന്നു. കാലങ്ങളായി തുടരുന്നതാണത്. പിതാമഹന്‍മാരുടെ കാലംതൊട്ടുള്ള ശ്രതുത. എന്നാല്‍ വല്ല ആഘോഷങ്ങളിലും നേര്‍ക്കുനേര്‍ കണ്ടാല്‍ ഒന്ന് പുഞ്ചിരിച്ച് കൈകൊടുക്കും. അപ്പോഴും ഉള്ളില്‍ പക പുകയുന്നുണ്ടാവും. നേരിട്ട എതിരിടേണ്ട ഇടങ്ങളിലെല്ലാം അവര്‍ കൊമ്പു കോര്‍ത്തിട്ടുണ്ട്. രണ്ട് കുടുംബങ്ങളും സമ്പത്തു കൊണ്ടും കുല മഹിമകൊണ്ടും ഒട്ടും ചെറുതല്ലല്ലോ.
അങ്ങനെയിരിക്കെ യമനിലെ ഒരു പ്രഭുവിന്റെ വിവാഹാഘോഷ സമയത്താണ് ക്വൈസും ലൈലയും കണ്ടുമുട്ടുന്നത്. തീര്‍ത്തും യാദൃച്ഛികമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. ആ നിമിഷം തന്നെ അവരുടെ കണ്ണുകള്‍ പരസ്പരം ഇടയുകയും അവര്‍ തങ്ങളറിയാതെ തന്നെ അനുരാഗബദ്ധരാവുകയും ചെയ്തു. പരസ്പരം യാതൊന്നും സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും അകമേ അവര്‍ വാചാലരായി. പ്രണയത്തിന്റെ നനുത്ത സ്ഫുലിംഗങ്ങള്‍ ഇരുഹൃദയങ്ങളിലും വൈദ്യുതി പ്രവാഹം പോലെ കടന്നുപോയി.
ആഘോഷം കഴിഞ്ഞ് ക്വൈസ് കൊട്ടാരത്തിലെത്തിയത് തികച്ചും വൃത്യസ്തനായ ഒരു യുവാവായി ട്ടാണ്. കളിയിലും മൃഗവേട്ടയിലും കലാപ്രകടനങ്ങളിലും വ്യാപൃതനായിരുന്ന ക്വൈസ് പെട്ടെന്ന് തന്നെ എല്ലാം ഉപേക്ഷിച്ച് തീര്‍ത്തും മൌനിയായി. സദാനേരവും എന്തോ ആലോചിച്ചിട്ടങ്ങനെ ഇരിക്കും. കൊട്ടാരത്തിന്റെ മുകള്‍ നിലയില്‍ അവനായി പ്രത്യേകം തയാറാക്കപ്പെട്ട ഒറ്റ മുറിയില്‍ പലപ്പോഴും അന്നപാനീയങ്ങള്‍പോലും ത്വജിച്ചുള്ള അവന്റെ ഇരിപ്പില്‍ ചങ്ങാതിമാര്‍ക്കും പന്തികേട് തോന്നി. അവര്‍ ഷെയ്ഖിനെ ഈ കാര്യം ധരിപ്പിക്കുകയും ചെയ്തു.
“മോനെ, നിന്നെ എന്താണ് അലട്ടുന്നത്? എന്തായാലും നീയത് എന്നോട് പറയണം. നിന്റെ ഏത് ആഗ്രഹവും സാധിച്ചു തരാന്‍ ഈ പിതാവ് തയാറാണ്.” ഒരിക്കല്‍ അവന്റെ മുറിയിലേക്ക് കയറിവന്നു കൊണ്ട് ഉപ്പ തിരക്കി.
“ഒന്നും ഇല്ല ഉപ്പ. എനിക്ക് സുഖമില്ലായ്മയൊന്നുമില്ല. എന്തോ, മനസ്സിന് ഒരു വല്ലായ്ക.” ക്വൈസ് പറഞ്ഞു. ലൈലയുടെ ചിന്ത മനസ്സില്‍ കിടന്ന് തികട്ടുന്നത് അവന്‍ ഉപ്പയോട പറഞ്ഞില്ല. അവസരം വരട്ടെ. അപ്പോള്‍ പറയാം. അവന്‍ വിചാരിച്ചു.
മുറിവിട്ട ഇറങ്ങിപ്പോയപ്പോള്‍ ക്വൈസ് ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.
ക്വൈസിന് കുറെ ചങ്ങാതിമാരുണ്ട്. ക്വൈസിനെ മനസ്സിലാക്കിയവരാണവര്‍. അവന്റെ മനസ്സ് വായിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയും. അസാധാരണമായ ഒരു പ്രകാശവിശേഷം അവന്റെ കണ്ണുകളില്‍ നിന്നും വഴിഞ്ഞൊഴുകുന്നത് ഈയിടെയായി അവര്‍ കാണുന്നുണ്ട്.
ഈ കാലത്ത് ലൈലയിലും വിചിത്രമായ ചില ഭാവപകര്‍ച്ചുകള്‍ തോഴിമാര്‍ കാണാതെയല്ല. എന്തി നെന്നില്ലാതെ ഒരു മൂകത അവളേയും ബാധിച്ചതായി അവര്‍ക്ക് മനസ്സിലായി. തോഴിമാര്‍ക്കിടയില്‍ നമ്രമുഖിയായിട്ടാണ് അവളുടെ ഇരുത്തമിപ്പോള്‍. അതും ദീര്‍ഘനേരം ലൈലയുടെ മൌനഭാവത്തിന്റെ കാരണമെന്താവുമെന്ന് തോഴിമാര്‍ ചികഞ്ഞ് ആലോചിക്കാന്‍ തുടങ്ങി.
തോഴിമാരുടെ കൂട്ടത്തില്‍ കൌരശലക്കാരിയായ ഒരുവളുണ്ടായിരുന്നു. ലൈലയുടെ മൌനത്തിന്റെ ആഴം ഏതാണ്ടൊക്കെ അവള്‍ ഈഹിച്ചെടുത്തു.
പണ്ട് അവളുടെ കൂട്ടുകാരികള്‍ പാടാറുണ്ടായിരുന്ന ഒരു പ്രണയഗാന ശകലം അവളുടെ ഓർമ്മയിലുണ്ടായിരുന്നു. ആ ഗാനം ലൈലയുടെ മുന്നില്‍ ചെന്നിരുന്ന് അവള്‍ ഇങ്ങനെ പാടാന്‍ തുടങ്ങി:
“വെണ്‍കുളിര്‍ ചന്ദ്രികയില്‍
കുളിച്ച പൊന്‍ രാത്രീ
സ്ഫടികജലം വാര്‍ന്നൊഴുകും
മോഹനമാം അരുവീ
കാമുകന്‍മാര്‍ നീരാട്ടിന് വന്നോ
ഏകാന്തയില്‍ മുങ്ങിനിവര്‍ന്ന്
സ്വച്ഛന്ദം മധുനുകര്‍ന്നോ..”
ആ ഗാനശകലം തോഴിയില്‍ നിന്ന് കേട്ടതോടെ ലൈല പൊടുന്നനെ ഉണര്‍ച്ചയിലേക്ക് വന്നു. ലൈല ഒരു ഞെട്ടലോടെ തോഴിയോട് യാചിച്ചു;
“ആ ഗാനം നീ ഒന്നുകൂടി പാടൂ… വേഗം, വേഗം…”
ലൈലയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ ആ ഗാനം മൂന്ന്, നാലു വട്ടം ആവര്‍ത്തിച്ചു ചൊല്ലി. അതില്‍ ലയിച്ച ലൈല ആഹ്ലാദപൂര്‍വ്വം തോഴിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
(തുടരും)