
ആനി കോരുത്
ഫ്ളാറ്റിലെ പതിവനുസരിച്ച് വൈകുന്നേരത്തെ സ്ത്രീകളുടെ സദസ്സ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ലതയുടെ മനസ്സാകെയസ്വസ്ഥമായിരുന്നു. ഗിരിജയുടെ മകൻ അഭിരാമും തൻ്റെ മകൻ നന്ദുവും ഒരേ ക്ലാസ്സിലാണ് പഠനത്തിലും, കളികളിലും നന്ദുവാണ് മുന്നിട്ടു നില്ക്കുന്നത് എന്നിട്ടും അവളെന്താണ് പറഞ്ഞതെന്നു ചിന്തിച്ചപ്പോൾ ദേഷ്യം വന്നു.
വളരെ നാടകീയമായിട്ടാണ് അവളത് അവതരിപ്പിച്ചത്. മകൻ്റെ ബുക്കിൽ നിന്നൊരു കടലാസുതാഴെ വീണു.
“ഇപ്പോഴത്തെ കുട്ടികളെല്ലേ, പോരാഞ്ഞിട്ട് കുരുത്തക്കേടു പ്രായവും. നോക്കിയപ്പോഴെല്ലേ “Spring” നെപ്പറ്റി ഒരു നെടുങ്കൻ കവിത! ഞാനങ്ങു ഞെട്ടിപ്പോയി! ഈ പ്രായത്തിലെ ഇതുപോലെ എഴുതിയാൽ?”
“ശരിയാ നമുക്കറിയില്ലലോ ഭാവിയിലെ കീററ്‌സോ, ഷെല്ലിയോയാകുമെന്ന്.” സരള ആ തള്ളലിനെയൊന്നു കൂടി പൊലിപ്പിച്ചു.
അഭിയുടെ കവിതാക്കമ്പത്തിനെപ്പറ്റി നന്ദു പറഞ്ഞു കേട്ടിട്ടില്ലലോയെന്ന് അപ്പോഴാണോർത്തത്.
ക്രിക്കറ്റു കളിച്ച് വിയർത്തൊലിച്ചു വന്ന നന്ദുവിനെക്കണ്ടപ്പോൾ അരിശമാണ് തോന്നിയത്.
“ഒരു സച്ചിൻ വന്നിരിക്കുന്നു. ഓരോരുത്തര് വലിയ ടെന്നിസനും, കീറ്റുസുമൊക്കെയാകുമ്പോൾ എൻ്റെ മോനീ കമ്പും പിടിച്ചു നടന്നോ.”
“എൻ്റെയമ്മക്കുട്ടിക്കു ഇന്നു എന്തു പറ്റിയെന്നു പറ.” അവൻ പുന്നാരിച്ചു ചോദിച്ചു.
അതു കേട്ടപ്പോൾ ദേഷ്യമൊന്നു കുറഞ്ഞുവെങ്കിലുമതു പുറത്തു കാണിക്കാതെ പറഞ്ഞു,
“നീ കളിച്ചു നടന്നാൽ മതി ആ അഭിരാം – പോയമെഴുതി എല്ലാവരുടെയും കൈയ്യടി വാങ്ങുന്നു.”
“ആര് നമ്മുടെ മണ്ണുണ്ണിയോ? തെറ്റു കൂടാതെയൊരു വാചകമവനെഴുതില്ല.”
“എന്നിട്ടവൻകവിതയെഴുതിയെന്നു ഉഷ പറഞ്ഞതോ?”
“പോയമെഴുതിക്കാണും – ചാറ്റ് ജി പീറ്റി.”
“ചാറ്റ് ജീപ്പീറ്റിയോ?”
“എൻ്റെയമ്മേ, നിർമ്മിതബുദ്ധി കമ്പ്യൂട്ടറിനോടു പറഞ്ഞാൽ ഈ നിർമ്മിത ബുദ്ധിയുപയോഗിച്ച് എന്തു മെഴുതിത്തരും മനസ്സിലായോ?”
അതുകേട്ടവൾ എന്തു പറയണമെന്നറിയാതെ നിന്നു പോയി.
