ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാർച്ച് 1 ന് പ്രദർശനത്തിന് എത്തുന്നു. തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം രസിക എൻ്റർപ്രൈസസ് കേരളത്തിലും, തമിഴ്നാട്ടിലുമായി റിലീസ് ചെയ്യും .
ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസറായ സൂര്യയുടെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്. കർക്കശക്കാരനും, ധൈര്യവാനുമായ സൂര്യ, ഇന്ത്യയുടെ അതിർത്തികളിൽ ശത്രുരാജ്യത്തിനെതിരെ യുദ്ധം നയിക്കുന്നതിൽ വീറും, വാശിയും കാണിച്ചു. ഇതിനിടയിലാണ് ചില തെറ്റിദ്ധാരയിൽ സൂര്യ സസ്പെൻഷനിലായത്. തുടർന്നുള്ള സൂര്യയുടെ പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കൂറ്റൻ സംഘട്ടന രംഗങ്ങളും, മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
അല്ലു അർജുൻ്റെ പിതാവായി അർജുൻ ആണ് വേഷമിടുന്നത്. മലയാളിയായ അനുഇമ്മാനുവേൽ ആണ് അല്ലു അർജുൻ്റെ നായികയായി എത്തുന്നത്.
രാമലക്ഷ്മി സിനി ക്രിയേഷൻസും, ബാലാജി കൃഷ്ണ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം – വംശി, ഡി.ഒ.പി – രാജീവ് രവി, സംഗീതം – വിശാൽ, ശേഖർ, ക്രിയേറ്റീവ് ഡയറക്ടർ – മഹീന്ദ്രർ സിംഗ്, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – രസിക എൻ്റർപ്രൈസസ്, സന ആർട്ട്സ്.
അല്ലു അർജുൻ, ശരത് കുമാർ, അർജുൻ, അനു ഇമ്മാനുവേൽ, ബോബൻ ഇറാനി, ടാക്കൂർ അനുസിംഗ് എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.
– അയ്മനം സാജൻ